വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി

By Web DeskFirst Published Sep 8, 2017, 3:15 PM IST
Highlights

വിമാന യാത്രകളില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഇന്നു മുതല്‍ ആഭ്യന്തര വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ നമ്പര്‍ വേണം. ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ് ഇവയാണ് അംഗീകൃത തിരിച്ചറിയല്‍ രേഖകളായി നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന രേഖയുടെ ഒറിജിജനല്‍ യാത്രയിലും കൈയ്യില്‍ കരുതണം. അന്താരാഷ്ട്ര യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇപ്പോള്‍ തന്നെ പാസ്‍പോര്‍ട്ട് നമ്പര്‍ നിര്‍ബന്ധമാണ്.

വിമാനങ്ങളിലും വിമാനത്താവളങ്ങളിലും പ്രശ്നമുണ്ടാക്കുന്ന യാത്രക്കാരെ പിന്നീട് യാത്ര ചെയ്യാന്‍ അനുവദിക്കാത്ത 'നോ ഫ്ലൈ ലിസ്റ്റും' ഇന്നു മുതല്‍ നിലവില്‍ വന്നു. മൂന്ന് തരത്തിലുള്ള വിലക്കുകളാണ് ഉണ്ടാവുക. അച്ചടക്ക ലംഘനത്തിന്റെ തീവ്രതയനുസരിച്ച് മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ യാത്രാ വിലക്കേര്‍പ്പെടുത്തും. മൂന്ന് തലങ്ങളില്‍ പ്രശ്നക്കാരെ തരം തിരിക്കും. അസഭ്യപരാമര്‍ശം നടത്തുന്ന യാത്രക്കാരെ ആദ്യ തലത്തില്‍  ഉള്‍പ്പെടുത്തി മൂന്നുമാസം യാത്രാ വിലക്കേര്‍പ്പെടുത്തും. യാത്രക്കാരേയും വിമാന ജീവനക്കാരേയും മര്‍ദ്ദിച്ചാലോ ലൈംഗിക അതിക്രമം നടത്തിയാലോ  രണ്ടാം തരത്തില്‍ ഉള്‍പ്പെടുത്തി ആറ് മാസം യാത്രവിലക്ക് ഏര്‍പ്പെടുത്തും. ജീവന് ഭീഷണിയുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നതിനും വിമാനത്തിന് കേടുപാട് ഉണ്ടാക്കുന്നതിനും കുറഞ്ഞത് രണ്ട് വര്‍ഷം യാത്രാ വിലക്ക് ഏര്‍പ്പെടുത്തും. പൊതുജനാഭിപ്രായം തേടിയ ശേഷമാണ് വ്യോമയാനമന്ത്രാലയം പട്ടിക പുറത്തിറക്കിയത്.

കുറ്റകൃത്യം നടത്തി 30 ദിവസത്തിനുള്ളില്‍ തന്നെ ഒരു ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര പാനല്‍ വിലക്ക് സംബന്ധിച്ച തീരുമാനമെടുക്കും. രാജ്യത്തെ ഒരു വിമാനത്താവളം വഴിയും പിന്നീട് വിലക്ക് തീരുന്നത് വരെ യാത്ര ചെയ്യാന്‍ സാധിക്കില്ല.


 

click me!