
ദില്ലി: ചൈനീസ് വിമാനക്കമ്പനികൾക്ക് ഇന്ത്യയിലേക്ക് കൂടുതൽ സർവ്വീസ് നടത്താൻ അനുവാദം നൽകണമെന്ന് ചൈനയുടെ ആവശ്യം ഇന്ത്യ തള്ളി. ഇന്ത്യൻ വിമാനക്കമ്പനികളുടെ താത്പര്യപ്രകാരമാണ് അധികസർവ്വീസുകൾ നടത്താനുള്ള ചൈനയുടെ നിർദേശം ഇന്ത്യ തള്ളിയത്.
കേന്ദ്രവ്യോമയാനമനന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികളായ ഇൻഡിഗോ, ജെറ്റ് എയർവേഴ്സ്, സ്പൈസ് ജെറ്റ്, ഗോ എയർ, എയർഇന്ത്യ എന്നീ കമ്പനികൾ ഒറ്റക്കെട്ടായി ചൈനീസ് വിമാനക്കമ്പനികൾ കൂടുതൽ സർവ്വീസുകൾ നടത്തുന്നതിനെ എതിർത്തു. ഇതോടെയാണ് കേന്ദ്രസർക്കാരും അധികസർവ്വീസുകൾ വേണ്ടെന്ന നിലപാടിലെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈനീസ് സന്ദർശനത്തിനിടെയാണ് ഇന്ത്യയിലേക്ക് കൂടുതൽ സർവ്വീസുകൾ നടത്താൻ താത്പര്യം പ്രകടിപ്പിച്ചു കൊണ്ട് ചൈനീസ് വിമാനക്കമ്പനികൾ രംഗത്തു വന്നത്.
നിലവിൽ ഇന്ത്യയും ചൈനയും ഒപ്പുവച്ച കരാർ പ്രകാരം ഇരുരാജ്യങ്ങളിലേയും വിമാനക്കമ്പനികൾക്ക് ആഴ്ച്ചയിൽ 42 വിമാനസർവ്വീസുകൾ നടത്തുവാൻ അനുമതിയുണ്ട്. തങ്ങൾക്ക് അനുവദിച്ച കിട്ടിയ ഇൗ ക്വോട്ടയുടെ 93 ശതമാനവും ചൈനീസ് വിമാനക്കമ്പനികൾ ഉപയോഗിക്കുന്നുമുണ്ട്.
എന്നാൽ മറുവശത്ത് അനുവദിച്ചു കിട്ടിയ ക്വോട്ടയുടെ 12 ശതമാനം മാത്രമാണ് ഇന്ത്യൻ വിമാനക്കമ്പനികൾ ഉപയോഗിക്കുന്നത്. അതേസമയം വിസ്താര, സ്പൈസ്ജെറ്റ്, ഇൻഡിഗോ എന്നീ കമ്പനികൾ ഇപ്പോൾ ചൈനയിലേക്ക് കൂടുതൽ സർവ്വീസുകൾ നടത്തുവാൻ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.
ഇതാദ്യമായല്ല കൂടുതൽ സർവീസുകൾ നടത്താനുള്ള വിദേശരാജ്യങ്ങളുടെ അഭ്യർത്ഥ ഇന്ത്യ തള്ളുന്നത്. നേരത്തെ ഖത്തറിന്റേയും ദുബായ് എമറൈറ്റ്സിന്റേയും അപേക്ഷ സമാനമായ രീതിയിൽ ഇന്ത്യ തള്ളിയിരുന്നു. ദുബായ് എയർപോർട്ടിൽ ഇന്ത്യൻ വിമാനങ്ങൾക്ക് കൂടുതൽ സ്ലോട്ടുകൾ അനുവദിക്കാതിരുന്നതോടെയാണ് ദുബായിലേക്ക് കൂടുതൽ സർവ്വീസ് നടത്തേണ്ടെന്ന് വ്യോമയാനമന്ത്രാലയം തീരുമാനിച്ചത്.
ഇന്ത്യയുടെ പുതിയ വ്യോമയാന നയം അനുസരിച്ച് ഒരു രാജ്യത്തേക്കുള്ള വിമാനസർവ്വീസുകളുടെ എണ്ണം വർധിപ്പിക്കണമെങ്കിൽ അവിടേയ്ക്ക് അനുവദിച്ചു കൊടുത്ത ക്വോട്ടയുടെ 80 ശതമാനവും ഇന്ത്യൻ വിമാനക്കമ്പനികൾ ഉപയോഗിച്ചിരിക്കണം. അതേസമയം കൂടുതൽ വിമാനങ്ങൾ ഒാടിക്കാൻ ഇന്ത്യൻ കമ്പനികൾക്ക് താത്പര്യമില്ലെങ്കിൽ സർക്കാരിന് അധികസർവ്വീസുകൾ അനുവദിക്കാം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.