വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ ഏകദിന കുതിപ്പാണിത്. മഡുറോയുടെ ഭരണമാറ്റത്തിലൂടെ വെനസ്വേലയുടെ തകര്‍ന്നടിഞ്ഞ സമ്പദ്വ്യവസ്ഥ തിരിച്ചുവരുമെന്ന നിക്ഷേപകരുടെ പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കന്‍ സൈന്യം പിടികൂടിയതിന് പിന്നാലെ രാജ്യത്തെ ഓഹരി വിപണിയില്‍ അവിശ്വസനീയമായ മുന്നേറ്റം. തിങ്കളാഴ്ച കാരക്കാസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 16.45 ശതമാനം ഉയര്‍ന്ന് 2,597.7 എന്ന പോയിന്റിലെത്തി. വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ ഏകദിന കുതിപ്പാണിത്. മഡുറോയുടെ ഭരണമാറ്റത്തിലൂടെ വെനസ്വേലയുടെ തകര്‍ന്നടിഞ്ഞ സമ്പദ്വ്യവസ്ഥ തിരിച്ചുവരുമെന്ന നിക്ഷേപകരുടെ പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. കേവലം 15 കമ്പനികള്‍ മാത്രം ലിസ്റ്റ് ചെയ്തിട്ടുള്ള ദക്ഷിണ അമേരിക്കയിലെ ഏറ്റവും ചെറിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് കാരക്കാസിലേത്. ഒരു കാലത്ത് പ്രതിദിന ഇടപാടുകള്‍ പത്തുലക്ഷം ഡോളറില്‍ താഴെ മാത്രമായിരുന്ന ഇവിടെയാണ് ഇപ്പോള്‍ പണമൊഴുകുന്നത്.

കടപ്പത്രങ്ങള്‍ക്കും വന്‍ ഡിമാന്‍ഡ്

സര്‍ക്കാര്‍ കടപ്പത്രങ്ങളുടെയും പൊതുമേഖലാ എണ്ണക്കമ്പനിയായ പിഡിവിഎസ്എയുടെ നോട്ടുകളുടെയും വില ഇരട്ടിയിലധികമായി വര്‍ദ്ധിച്ചു. 2017 മുതല്‍ മുടങ്ങിക്കിടക്കുന്ന വെനസ്വേലയുടെ കടം വീട്ടാനുള്ള നടപടികള്‍ പുതിയ ഭരണകൂടത്തിന് കീഴില്‍ പുനരാരംഭിക്കുമെന്നാണ് ഓഹരി വിപണിയിലെ വിലയിരുത്തല്‍. ഏകദേശം 15,400 കോടി ഡോളറിന്റെ കടബാധ്യതയാണ് വെനസ്വേലയ്ക്ക് ഉള്ളത്.

ട്രംപിന്റെ 'ഗ്രൂപ്പ്' ഭരണം; പ്രതിഷേധവുമായി വൈസ് പ്രസിഡന്റ്

വെനസ്വേലയില്‍ പുതിയ ഭരണസംവിധാനം വരുന്നത് വരെ അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഒരു സംഘം രാജ്യം ഭരിക്കുമെന്നാണ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ തകര്‍ന്നുപോയ എണ്ണ പശ്ചാത്തല സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനാണ് പ്രഥമ പരിഗണന. എന്നാല്‍ വെനസ്വേലന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ഇതിനെതിരെ ശക്തമായി രംഗത്തെത്തി. അമേരിക്കയുടെ നടപടി 'ക്രൂരമാണെന്നും' മഡുറോയെ ഉടന്‍ അധികാരത്തില്‍ തിരിച്ചെത്തിക്കണമെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്. നേരത്തെ ഇവര്‍ അമേരിക്കയുമായി സഹകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും പുതിയ പ്രസ്താവന രാഷ്ട്രീയ അനിശ്ചിതത്വം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള രാജ്യമാണ് വെനസ്വേല. അവിടുത്തെ രാഷ്ട്രീയ മാറ്റം എണ്ണ ഉത്പാദനം കൂട്ടാന്‍ സഹായിച്ചാല്‍ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുറയാന്‍ ഇടയാക്കും. ഇത് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുറയാന്‍ ഗുണകരമാകും. കൂടാതെ വെനസ്വേലയില്‍ നിക്ഷേപമുള്ള ഒഎന്‍ജിസി പോലുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് കുടിശ്ശികയായി ലഭിക്കാനുള്ള കോടിക്കണക്കിന് രൂപ തിരികെ കിട്ടാനും ഇത് വഴിയൊരുക്കും.