
കൊച്ചി: സെയിൽസ്മാനും കാഷ് കൗണ്ടറും ഇല്ലാതെ സാധനങ്ങൾ വാങ്ങാൻ സൗകര്യമൊരുക്കി രാജ്യത്തെ ആദ്യ സൂപ്പർ മാർക്കറ്റ് കൊച്ചിയിൽ തുറന്നു.കൊച്ചി ഗോൾഡ് സൂക്കിലാണ് വാട്ട് എ സെയിൽ എന്ന പേരിൽ രാജ്യത്തെ ആദ്യ ഓട്ടോണോമസ് സ്റ്റോർ തുറന്നത്.
നീണ്ട ക്യൂവിൽ കാത്ത് നിൽക്കേണ്ട.നേരെ കയറി ഇഷ്ടമുള്ള സാധനങ്ങൾ എടുത്ത് തിരികെ മടങ്ങാം.ബില്ല് വഴിയെ മൊബൈലിൽ വന്നു കൊള്ളും. മുഷിപ്പിക്കുന്ന ഷോപ്പിംഗ് അനുഭവങ്ങൾക്ക് ഗുഡ്ബൈ പറയാൻ വാട്ട് എ സെയിൽ ആപ്ലിക്കേഷനുമായി രംഗത്തെത്തിയിരിക്കുകയാണ് കൊച്ചിയിലെ ഒരു പറ്റം ചെറുപ്പക്കാര്.
ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ക്യൂ ആർ കോഡ് ഉപയോഗിച്ച് ഷോപ്പിനുള്ളിൽ കയറാം.സാധനങ്ങൾ എടുക്കുന്ന മുറയ്ക്ക് സെൻസറുകൾ ആർട്ടിഫിഷ്യൽ സാങ്കേതിക വിദ്യയിലൂടെ അവയുടെ വില അളക്കും.ആവശ്യമുള്ള സാധനങ്ങൾ എടുത്ത ശേഷം തിരികെ ഇറങ്ങി നിമിഷങ്ങൾക്കകം ബില്ല് നിങ്ങളുടെ മൊബൈലിൽഎത്തും.
ബില്ലിങ്ങിൽ ജീവനക്കാരുടെ ആവശ്യമില്ലാത്തതിനാൽ സ്റ്റോർ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കും. സാധനങ്ങൾ നിറയ്ക്കാൻ മാത്രമേ ജീവനക്കാരുടെ ആവശ്യം വേണ്ടി വരൂ.ഇതിന് മുൻപ് ആമസോൺ ഗോ മാത്രമാണ് സമാന രീതിയിൽ ഓട്ടോണോമസ് സ്റ്റോർ തുറന്നിട്ടുള്ളത്.
വിദേശത്തെ റീട്ടെയിൽ മേഖലയിലെ അനുഭവസമ്പത്ത് കൈമുതലാക്കിയ അഞ്ച് ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് വാട്ട് എ സെയിൽ സ്റ്റാർട്ടപ്പിന് പിന്നിൽ. കൊച്ചിയ്ക്ക് ശേഷം അടുത്ത സ്റ്റോർ ബാംഗ്ലൂരിൽ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് അഞ്ചംഗ സംഘം.
"