സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ പുതിയ പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

By Web DeskFirst Published Oct 24, 2017, 6:31 PM IST
Highlights

ദില്ലി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 7 ലക്ഷം കോടി രൂപയുടെ ഹൈവ നിര്‍മ്മാണ പദ്ധതിയും 2.11 ലക്ഷം കോടി രൂപയുടെ ബാങ്ക് ശാക്തീകരണ പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുംബയ്-കൊച്ചി പുതിയ ഹൈവ ഉള്‍പ്പടെ 83,000 കിലോമീറ്റര്‍ റോഡ് അടുത്ത അഞ്ചു വര്‍ഷത്തില്‍ നിര്‍മ്മിക്കും. ബാങ്കിംഗ് രംഗത്ത് രണ്ടുമാസത്തില്‍ നിരവധി പരിഷ്‌കരണ നടപടികള്‍ കൊണ്ടുവരാനും തീരുമാനിച്ചു.

സാമ്പത്തിക വളര്‍ച്ചയില്‍ ഇപ്പോഴുള്ള പരിഷ്‌ക്കരണം 2019 വരെ തുടരും എന്ന സൂചനയാണ് ദില്ലിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിന് ശേഷം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നല്‍കിയത്. 2019ഓടെ സമ്പദ് രംഗം വീണ്ടും 8 ശതമാനത്തിന് മുകളിലെ വളര്‍ച്ചയിലേക്ക് കുതിക്കുമെന്നാണ് വിലയിരുത്തല്‍. അടിസ്ഥാന സൗകര്യരംഗത്തും ബാങ്കിംഗ് രംഗത്തും സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്നത്. 83,677 കിലോമീറ്റര്‍ റോഡ് 6.92 ലക്ഷം കോടി രൂപ നിക്ഷേപിച്ച് അടുത്ത അഞ്ച് വര്‍ഷത്തില്‍ നിര്‍മ്മിക്കും. 5,35,000 കോടിയുടെ തീരദേശ ഭാരത്മാല പദ്ധതി ഇതില്‍ ഉള്‍പ്പെടുന്നു. കൊച്ചിയില്‍ നിന്ന് മുംബായിലേക്ക് 1537 കിലോമീറ്റര്‍ പുതിയ റോഡും പ്രഖ്യാപിച്ചു. യാത്രാസമയം നിലവിലെ 29 മണിക്കൂറില്‍ നിന്ന് 24 മണിക്കൂറായി ചുരുക്കും. 14 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ റോഡ് നിര്‍മ്മാണത്തിലൂടെ ആകുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. ബാങ്കുകളുടെ കിട്ടാക്കടം ഏഴു ലക്ഷത്തിന് മുകളിലായി ഉയര്‍ന്നുവെന്ന് സമ്മതിച്ച ധനമന്ത്രി സര്‍ക്കാര്‍ പൊതുമേഖല ബാങ്കുകളുടെ പുനരുദ്ധാരണത്തിന് ഇത് ആദ്യമായി 2.11 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ബോണ്ട് പുനക്രമീകരണത്തിലൂടെയും ബജറ്റ് വിഹിതത്തിലൂടെയുമാകും ബാങ്കുകളെ വീണ്ടും ശക്തിപ്പെടുത്താനുള്ള തുക കണ്ടെത്തുക.

ജി എസ് ടി, നോട്ട് അസാധുവാക്കല്‍ എന്നിവയെ സര്‍ക്കാര്‍ വീണ്ടും ശക്തമായി ന്യായീകരിച്ചു. വ്യവസായികള്‍ക്കും വിദേശനിക്ഷേപകര്‍ക്കും സമ്പദ് വ്യവസ്ഥയിലെ പ്രതീക്ഷ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടുമേഖലകളില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഇന്ന് മന്ത്രിസഭ കൈകൊണ്ടത്.

click me!