എ.സി കോച്ചുകളിലെ യാത്രക്കാര്‍ക്ക് ഇനി പുതപ്പുകള്‍ നല്‍കേണ്ടെന്ന് റെയില്‍വേയുടെ തീരുമാനം

By Web DeskFirst Published Jul 29, 2017, 3:43 PM IST
Highlights

എ.സി കോച്ചുകളില്‍ യാത്രക്കാര്‍ക്ക് പുതപ്പുകള്‍ നല്‍കുന്ന രീതി റെയില്‍വെ അവസാനിപ്പിക്കുന്നു. പുതപ്പുകള്‍ കഴുകി വൃത്തിയാക്കാനുള്ള അസൗകര്യം കണക്കിലെടുത്താണ് റെയില്‍വെ പുതിയ കടുത്ത തീരുമാനത്തിനൊരുങ്ങുന്നത്. പകരം കോച്ചുകളിലെ എ.സിയുടെ തണുപ്പ് കൂറച്ച് കുറയ്ക്കാം എന്നാണത്രെ റെയില്‍വെ കണ്ടെത്തിയിരിക്കുന്ന പരിഹാരം.

ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന പുതപ്പുകള്‍ സാമാന്യവൃത്തി പോലും ഇല്ലാത്തതാണെന്ന് അടുത്തിടെ സി.എ.ജി റിപ്പോര്‍ട്ട് വിമര്‍ശിച്ചിരുന്നു. ഇത് മറയാക്കിയാണ്, റെയില്‍വെയുടെ നീക്കം. പുതപ്പുകള്‍ വൃത്തിയാക്കി നല്‍കാന്‍ പറ്റാത്ത സാഹചര്യമാണെന്നും അതുകൊണ്ട് പുതപ്പുകള്‍ നല്‍കുന്ന പരിപാടി തന്നെയങ്ങ് നിര്‍ത്താനുമാണ് തീരുമാനം. ഇപ്പോള്‍ 19 ഡിഗ്രി സെല്‍ഷ്യസ് താപനില സൂക്ഷിക്കുന്ന  എ.സി കോച്ചുകള്‍ 24 ഡിഗ്രിയാക്കി ഉയര്‍ത്തിയാല്‍ പിന്നെ യാത്രക്കാര്‍ക്ക് പുതപ്പുകളും വേണ്ടി വരില്ലെന്ന് റെയില്‍വെ കണക്കുകൂട്ടുന്നു. ഒരു പുതുപ്പ് കഴുകാന്‍ 52 രൂപയാണ് ചിലവ് വരുന്നതെന്നും എന്നാല്‍ ഇത് ഉപയോഗിക്കുന്ന യാത്രക്കാരില്‍ നിന്ന് 22 രൂപ മാത്രമാണ് വാങ്ങുന്നതെന്നും റെയില്‍വെ വിശദീകരിക്കുന്നു. ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ പുതപ്പുകള്‍ വൃത്തിയാക്കണമെന്നാണ് റെയില്‍വെയുടെ ചട്ടം. ഇത് മിക്കപ്പോഴും നടക്കാറില്ലെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. റെയില്‍വേയ്ക്ക് സ്വന്തമായുള്ള സംവിധാനങ്ങളുടെ അപര്യാപതത കാരണം പുറത്തുള്ള സ്ഥാപനങ്ങളെയാണ് ഇവ വൃത്തിയാക്കാനായി ആശ്രയിക്കുന്നത്. വൃത്തി പരിശോധിക്കാനോ മേല്‍നോട്ടത്തിനോ  സംവിധാനങ്ങളുമില്ല.

യാത്രക്കാര്‍ക്ക് വൃത്തിയുള്ള പുതപ്പുകള്‍ നല്‍കാന്‍ കുറ്റമറ്റ സംവിധാനം ഒരുക്കണമെന്നായിരുന്നു സി.എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശം. റെയില്‍വെയുടെ ഉടമസ്ഥതയിലുള്ള 30 അലക്ക് കേന്ദ്രങ്ങളില്‍ 26 എണ്ണത്തിനും അതത് സംസ്ഥാന മലീനീകരണ നിയന്ത്രണ ബോര്‍ഡുകളുടെ അംഗീകാരം ലഭിച്ചിട്ടില്ല. 15 കേന്ദ്രങ്ങളില്‍ മലിനജലം സംസ്കരിക്കാനുള്ള സംവിധാനങ്ങളുമില്ലെന്നും സി.എ.ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒറ്റ ഉപയോഗത്തിന് മാത്രം കഴിയുന്ന പുതപ്പുകള്‍ ട്രെയിനുകളില്‍ ലഭ്യമാക്കുമെന്ന് നേരത്തെ റെയില്‍വെ മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല. ഇതിനിടെയാണ് സി.എ.ജി റിപ്പോര്‍ട്ട് മറയാക്കി പുതപ്പുകള്‍ തന്നെ നിര്‍ത്തലാക്കാനുള്ള തീരുമാനം റെയില്‍വെ കൈക്കൊള്ളുന്നത്.

click me!