
ദില്ലി: ഇന്ത്യയുടെ പ്രകൃതിദത്ത റബ്ബര്‍ ഇറക്കുമതിയില്‍ വന്‍ വര്‍ദ്ധനവ്. ഒക്ടോബറില്‍ റബ്ബറിന്‍റെ ഇറക്കുമതിയിലുണ്ടായ വര്‍ദ്ധനവ് 63 ശതമാനമാണ്. കഴിഞ്ഞമാസം 62,047 ടണ്‍ റബ്ബറാണ് രാജ്യം ഇറക്കുമതി ചെയ്തതെന്ന് റബ്ബര്‍ ബോര്‍ഡ് അറിയിച്ചു.
ആഭ്യന്തര വിപണിയില്‍ ആവശ്യകത വര്‍ദ്ധിച്ചതാണ് ഇറക്കുമതി ഉയരാനുളള പ്രധാനകാരണം. ആഗോള വിപണിയിലുണ്ടായ വിലയിടിവും ഇറക്കുമതിയെ സഹായിച്ചു. ഇന്ത്യയിലെ റബ്ബര്‍ ഉപയോഗം ഒക്ടോബറില്‍ 14.6 ശതമാനം ഉയര്‍ന്ന് 102,000 ടണ്ണായി മാറി. തായ്‍ലന്‍റ്, ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും രാജ്യത്തേക്ക് റബ്ബര്‍ ഇറക്കുമതി ചെയ്തത്.
ഇന്ത്യയുടെ റബ്ബര്‍ ഉല്‍പ്പാദനത്തിലും കഴിഞ്ഞമാസം വര്‍ദ്ധനയുണ്ടായി. രാജ്യത്തെ മൊത്തം റബ്ബര്‍ ഉല്‍പ്പാദനം 8.1 ശതമാനം ഉയര്‍ന്ന് 67,000 ടണ്ണായി മാറി.