ഇറാന്‍ എണ്ണയ്ക്ക് പരിരക്ഷ നല്‍കില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍; രാജ്യം ഇന്ധന പ്രതിസന്ധിയിലേക്ക്

By Web TeamFirst Published Oct 16, 2018, 3:17 PM IST
Highlights

നവംബര്‍ നാലാം തീയതി മുതല്‍ ഇറാന് മുകളില്‍ അമേരിക്കയുടെ ഉപരോധം നടപ്പാകാന്‍ പോവുകയാണ്. ഇറാനുമായി എണ്ണ വ്യാപാരമുളള രാജ്യങ്ങള്‍ നവംബര്‍ നാലോടെ വാണിജ്യം അവസാനിപ്പിക്കണമെന്നാണ് അമേരിക്കന്‍ നിലപാട്.

ദില്ലി: അമേരിക്കയുടെ ഇറാന്‍ ഉപരോധം നവംബര്‍ നാലിന് ആരംഭിക്കാനിരിക്കെ ഇറാന്‍ എണ്ണ ഇറക്കുമതിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനാകില്ലെന്ന് കമ്പനികള്‍. പ്രമുഖ ദേശീയ മാധ്യമ സ്ഥാപനമായ എന്‍ഡിടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ സംഭരണത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ കഴിയില്ലെന്നാണ് ഓയില്‍ കമ്പനികളെ ഇന്‍ഷുറന്‍സ് കമ്പനികള്‍ അറിയിച്ചെതെന്നാണ് പുറത്തു വരുന്ന വിവരം. 

നവംബര്‍ നാലാം തീയതി മുതല്‍ ഇറാന് മുകളില്‍ അമേരിക്കയുടെ ഉപരോധം നടപ്പാകാന്‍ പോവുകയാണ്. ഇറാനുമായി എണ്ണ വ്യാപാരമുളള രാജ്യങ്ങള്‍ നവംബര്‍ നാലോടെ വാണിജ്യം അവസാനിപ്പിക്കണമെന്നാണ് അമേരിക്കന്‍ നിലപാട്. എന്നാല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും, മാംഗ്ലൂര്‍ റിഫൈനറിയും നവംബറില്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് നിലവില്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. നിലവില്‍ സൗദിയും ഇറാഖും കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് ഇറാനില്‍ നിന്നാണ്.

ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കില്ലെന്ന നിലപാടില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉറച്ച് നിന്നാല്‍ നവംബറില്‍ ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതി തടസ്സപ്പെട്ടേക്കും. ഇത് ഇന്ധന വില ഉയരാനും രാജ്യം പ്രതിസന്ധിയിലേക്ക് നീങ്ങാനും ഇടയാക്കിയേക്കും.     

click me!