'എന്റെ കട' വ്യാപാര ശൃംഖലയ്ക്കെതിരെ പരാതിയുമായി നിക്ഷേപകര്‍

By Web DeskFirst Published Aug 25, 2016, 6:44 AM IST
Highlights

തിരുവനന്തപുരം: എന്റെ കട വ്യാപാര ശൃംഖലയുടെ നടത്തിപ്പുകാര്‍ക്കെതിരെ നിക്ഷേപകരുടെ പരാതി. ലക്ഷങ്ങള്‍ നല്‍കിയിട്ടും സാധനങ്ങള്‍ വിതരണം ചെയ്തില്ലെന്നാണ് മുഖ്യമന്ത്രിക്കും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ സ്ഥാപനത്തെ തകര്‍ക്കാനുള്ള ചില നിക്ഷേപകരുടെ ഗൂഡതാല്‍പര്യമാണ് പരാതിക്ക് പിന്നിലെന്ന് കമ്പനി അധികൃതര്‍ വിശദീകരിച്ചു.

ഓരോ പഞ്ചായത്തിനും ഓരോ സൂപ്പര്‍മാര്‍ക്കറ്റ് എന്ന ആശയത്തോടെയാണ് എന്റെ കട ശൃംഖല തുടങ്ങിയത്. തിരുവനന്തപുരം ആസ്ഥാനമായ സിസില്‍ ഗ്രൂപ്പാണ് നടത്തിപ്പുകാര്‍. കഴിഞ്ഞ നവംബറില്‍ സംസ്ഥാനത്തുടനീളം 115  വില്പന ശാലകള്‍ തുടങ്ങി. നിക്ഷേകപര്‍ നല്‍കുന്ന ഒറ്റത്തവണ പണത്തിന് പകരം മാസം തോറും സാധനങ്ങള്‍ വിതരണം ചെയ്യുമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇപ്പോള്‍ വിതരണം മുടങ്ങിയെന്നാണ് ഒരു വിഭാഗം നിക്ഷേപകരുടെ പരാതി.

പരാതിക്കാര്‍ സിസില്‍ ഗ്രൂപ്പ് ആസ്ഥാനത്തെത്തി പ്രതിഷേധിച്ചു.എന്നാല്‍ പരാതിക്കാരുടെ വാദങ്ങള്‍ സിസില്‍ ഗ്രൂപ്പ് തള്ളി. പരാതിക്കാരായ നിക്ഷേപകര്‍ ബില്‍ കൃത്യമായി നല്‍കുന്നില്ലെന്നാണ് കമ്പനിയുടെ വിശദീകരണം എന്റെ കട എന്ന ബ്രാന്‍ഡ് നെയിം കിട്ടാന്‍ വേണ്ടിയാണ് പ്രതിഷേധമെന്നും സിസില്‍ ഗ്രൂപ്പ് എംഡി മനോജ് കുമാര്‍ പറഞ്ഞു. നിക്ഷേപകര്‍ക്കെതിരെ മാനേജ്മെന്റും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കരാറിലെ വ്യവസ്ഥ ലംഘിച്ചെന്നാണ് രണ്ടുകൂട്ടരുടെയും ആക്ഷേപം.

click me!