പ്രധാന വ്യോമപാതകൾ അടച്ചതോടെ വിമാനയാത്ര ദുഷ്കരവും ചെലവേറിയതുമായി. യാത്രാസമയം കൂടുന്നതും ഇന്ധനവില വർധിക്കുന്നതും ഗൾഫ് വിമാനക്കമ്പനികളെ പ്രതിസന്ധിയിലാക്കിയപ്പോൾ, മറ്റ് എയർലൈനുകൾ ഈ അവസരം മുതലെടുക്കുകയാണ്.
പശ്ചിമേഷ്യയില്‍ അമേരിക്കയും ഇസ്രായേലും ഇറാനും തമ്മില്‍ നടക്കുന്ന യുദ്ധം ആഗോള വ്യോമയാന മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. സുരക്ഷാ ഭീഷണികളെത്തുടര്‍ന്ന് പ്രധാന വ്യോമപാതകള്‍ പലതും അടച്ചതോടെ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനവും ദീര്‍ഘകാല പദ്ധതികളും വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.
വഴിമാറി വിമാനങ്ങള്‍; യാത്രാസമയം കൂടുന്നു
യൂറോപ്പില്‍ നിന്ന് ഏഷ്യയിലേക്കുള്ള വിമാനയാത്ര ഇപ്പോള്‍ ദുഷ്‌കരവും ചെലവേറിയതുമായി മാറിയിരിക്കുകയാണ്. 2022-ലെ യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് വിമാനങ്ങള്‍ റഷ്യന്‍ വ്യോമപാത ഒഴിവാക്കിയിരുന്നു. ഇതിനുപുറമെ ഇപ്പോള്‍ ഇറാനിലെയും ഗള്‍ഫിലെയും പ്രധാന പാതകളും അടഞ്ഞതോടെ ജോര്‍ജിയ, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങള്‍ക്ക് മുകളിലൂടെയുള്ള വളരെ ഇടുങ്ങിയ വ്യോമപാതയിലൂടെയാണ് വിമാനങ്ങള്‍ പറക്കുന്നത്. ഇതിനിടെ അസര്‍ബൈജാന്‍ കൂടി വ്യോമപാതയില്‍ നിയന്ത്രണം കൊണ്ടുവന്നതോടെ വിമാനങ്ങള്‍ക്ക് കടന്നുപോകാന്‍ വെറും 50 മൈല്‍ വീതിയുള്ള പാത മാത്രമായി ചുരുങ്ങി.
പാകിസ്താന്‍ വ്യോമപാത ഒഴിവാക്കുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളെയാണ് ഈ നിയന്ത്രണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത്. ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയായ എമിറേറ്റ്‌സിന് ഗള്‍ഫ്, ഇറാന്‍, ഇറാഖ് വ്യോമപാതകള്‍ ഒഴിവാക്കേണ്ടി വരുന്നതിനാല്‍ മിക്ക സര്‍വീസുകള്‍ക്കും ലക്ഷ്യസ്ഥാനത്തെത്താന്‍ ഒരു മണിക്കൂറിലേറെ അധികം സമയമെടുക്കുന്നു. യാത്രാസമയം കൂടുമ്പോള്‍ വിമാനത്തില്‍ കൂടുതല്‍ ഇന്ധനം കരുതേണ്ടി വരുന്നത് കമ്പനികള്‍ക്ക് വന്‍ ബാധ്യതയാകുന്നുണ്ട്. അതിനിടെ, യുഎഇയും ഖത്തറും സുരക്ഷിതമായ ചില വ്യോമപാതകള്‍ ഒരുക്കിയതായി അറിയിച്ചിട്ടുണ്ട്.
ആഗോള എണ്ണ നീക്കത്തിന്റെ അഞ്ചിലൊന്നും നടക്കുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ക്രൂഡ് ഓയില്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവയുടെ വില കുതിച്ചുയര്‍ന്നു. ഇന്ധനവിലയിലുണ്ടായ ഈ ചാഞ്ചാട്ടം ഇന്ത്യയുടെ ഇന്‍ഡിഗോ, ചൈനയിലെ പ്രധാന വിമാനക്കമ്പനികള്‍ എന്നിവയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തെ പ്രധാന കണക്റ്റിങ് ഹബ്ബുകളായ ദുബായ്, അബുദാബി, ദോഹ എന്നിവിടങ്ങളിലെ വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും താളം തെറ്റിയിരിക്കുകയാണ്. സിറിയം ലിമിറ്റഡിന്റെ കണക്കുകള്‍ പ്രകാരം ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 11 വരെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള 46,000-ത്തിലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനത്താവളങ്ങളില്‍ കുടുങ്ങിയ ആയിരക്കണക്കിന് യാത്രക്കാര്‍ റോഡ് മാര്‍ഗ്ഗവും മറ്റും സൗദി, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലെത്തിയാണ് പിന്നീട് യാത്ര തുടര്‍ന്നത്.
പ്രതിസന്ധി അവസരമാക്കി മറ്റ് കമ്പനികള്‍
ഗള്‍ഫ് എയര്‍ലൈനുകള്‍ പ്രതിസന്ധിയിലായതോടെ യാത്രക്കാരെ ആകര്‍ഷിക്കാന്‍ യൂറോപ്യന്‍, ഏഷ്യന്‍ എയര്‍ലൈനുകള്‍ ഈ അവസരം ഉപയോഗിക്കുകയാണ്. ബ്രിട്ടീഷ് എയര്‍വേയ്സ്, ലുഫ്താന്‍സ തുടങ്ങിയവര്‍ ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങി. എയര്‍ ഫ്രാന്‍സ്-കെഎല്‍എം മുംബൈ, ടോക്കിയോ, ഷാങ്ഹായ് എന്നിവിടങ്ങളിലേക്ക് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വലിയ വിമാനങ്ങള്‍ സര്‍വീസിനിറക്കി. എയര്‍ ഇന്ത്യയും കാത്തേ പസഫിക്കും അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്.


