ചെറിയ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ഇന്‍ഷുറന്‍സ് പ്രീമിയം നിരക്ക് കുറച്ചു

By Web DeskFirst Published Apr 3, 2018, 7:06 PM IST
Highlights

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‍മെന്റ് അതോരിറ്റിയാണ് ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമായ തീരുുമാനമെടുത്തത്.

കൊച്ചി: രാജ്യത്ത് ഏപ്രില്‍ ഒന്നു മുതല്‍ ചെറിയ കാറുകളുടെയും ബൈക്കുകളുടെയും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കുറച്ചു. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‍മെന്റ് അതോരിറ്റിയാണ് ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമായ തീരുുമാനമെടുത്തത്. മറ്റു കാറുകളുടെ പ്രീമിയത്തിലും വര്‍ദ്ധനവ് വരുത്തിയിട്ടില്ല. 150 സി.സിക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങളുടെ പ്രീമിയം നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. എന്നാല്‍ 350 സി.സിക്ക് മുകളിലുള്ള ബൈക്കുകളുടെ പ്രീമിയം നിരക്ക് ഇരട്ടിയിലധികമായി വര്‍ദ്ധിച്ചു.

1000 സി.സി വരെയുള്ള കാറുകള്‍ക്ക് ഇനി മുതല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം 1850 രൂപയായിരിക്കും. നേരത്തെ ഇത് 2055 ആയിരുന്നു. 1000 മുതല്‍ 1500 സി.സി വരെയുള്ള കാറുകള്‍ക്ക് 2863 രൂപയാണ് പ്രീമിയം. നേരത്തെയും ഇതേ തുക തന്നെയായിരുന്നു. 1500 സി.സിക്ക് മുകളിലുള്ള കാറുകള്‍ക്ക് 7890 രൂപ തന്നെയായി തുടരും. 75 സി,സി വരെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 427 രൂപയായിരിക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം. നേരത്തെ ഇത് 569 രൂപയായിരുന്നു. 75 മുതല്‍ 150 സി.സി വരെയുള്ളവയുടെ നിരക്ക് ഇപ്പോഴുള്ള പോലെ 720 രൂപയായി തന്നെ തുടരും. എന്നാല്‍ 150 മുതല്‍ 350 സി.സി വരെയുള്ള ഇരുചക്ര വാഹനങ്ങളുടെ നിരക്കില്‍ 98 രൂപയുടെ വര്‍ദ്ധനവുണ്ട്. നേരത്തെ 887 രൂപയായിരുന്നത് ഇപ്പോള്‍ 985 രൂപയാക്കി. എന്നാല്‍ 350 സി.സിക്ക് മുകളിലുള്ള വാഹനങ്ങളുടെ പ്രീമിയം നിരക്ക് 1019ല്‍ നിന്ന് 2323 രൂപയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇരട്ടിയിലധികമാണ് വര്‍ധനവ് വരുത്തിയിരിക്കുന്നത്.

click me!