എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ലിങ്ക് ചെയ്യേണ്ടതുണ്ടോ?

By Web DeskFirst Published Sep 7, 2017, 6:22 PM IST
Highlights

ദില്ലി: അക്കൗണ്ട് ഉടമകളുടെ ആധാര്‍ വിവരങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കണമെന്നാവശ്യപ്പെട്ട് എല്ലാ ബാങ്കുകളും ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കുകയാണിപ്പോള്‍. എ.ടി.എം കൗണ്ടറുകളില്‍ പോലും ഇക്കാര്യം വിശദീകരിക്കുന്ന അറിയിപ്പുകള്‍ കാണാം. എന്നാല്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണോയെന്നും ഒരാള്‍ക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ടോയെന്നുമുള്ള സംശയങ്ങള്‍ ഉപഭോക്താക്കള്‍ക്കുണ്ട്.

കള്ളപ്പണം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം. നേരത്തെ പാചക വാതകത്തിന്റെതുള്‍പ്പെടെയുള്ള സബ്സിഡി ലഭിക്കാന്‍ ആധാറുമായി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അപ്പോഴും നിര്‍ബന്ധമാക്കിയിരുന്നിസല്ല. 2017, ജൂണ്‍ ഒന്നിന് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ചാണ് രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും തങ്ങളുടെ ഉപഭോക്താക്കളുടെ ആധാര്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നത് നിര്‍ബന്ധമാക്കിയത്. ഈ വര്‍ഷം ഡിസംബര്‍ 31ന് മുമ്പ് ഇപ്രകാരം ആധാര്‍ നമ്പറുകള്‍ നല്‍കേണ്ടതുണ്ട്. ഒരാള്‍ക്ക് ഒരു ബാങ്കിലോ മറ്റ് ബാങ്കുകളിലോ വിവിധ തരത്തില്‍ പെട്ട എത്ര അക്കൗണ്ടുകളുണ്ടെങ്കിലും ഓരോന്നും ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.

2018 ജനുവരി ഒന്നു മുതല്‍ ആധാറുമായി ബന്ധിപ്പിക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമാക്കാനാണ് തീരുമാനം. അതായത് പിന്നീട് ആധാര്‍ വിവരങ്ങള്‍ നല്‍കാതെ അക്കൗണ്ടുകളില്‍ നിന്ന് ഇടപാടുകള്‍ സാധ്യമാവില്ല. മിക്ക ബാങ്കുകളും ഇപ്പോള്‍ തന്നെ ബാങ്ക് ശാഖകളിലെത്തുന്ന ഉപഭോക്താക്കളോട് ആധാര്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീം കോടതി വിധിക്ക് ശേഷം ആധാര്‍ സംബന്ധിച്ച് വരാനിരിക്കുന്ന കോടതി വിധി ഇത്തരം കാര്യങ്ങളെയെല്ലാം സ്വാധീനിക്കും. സുപ്രീം കോടതിയുടെ അന്തിമ വിധി കേന്ദ്ര സര്‍ക്കാറിന് അനുകൂലമാണെങ്കില്‍ മാത്രമേ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ളവയുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടി വരൂ.

click me!