ടാറ്റാ നാനോ യുഗം അവസാനിച്ചോ? ജൂണില്‍ നിര്‍മ്മിച്ചത് ഒരു യൂണിറ്റ് മാത്രം

By Web DeskFirst Published Jul 5, 2018, 8:10 PM IST
Highlights
  • 2009 മാര്‍ച്ചിലാണ് ടാറ്റാ നാനോ വിപണിയിലെത്തിയത് 

ചെന്നൈ: സാധാരണക്കാരന്റെ കാര്‍ എന്ന പ്രഖ്യാപനത്തോടെയാണ് ടാറ്റയുടെ ചെറുകാര്‍ നാനോ വിപണിയിലെത്തിയത്. കുറഞ്ഞ ചെലവില്‍ കാര്‍ വിപണിയില്‍ എത്തിച്ചതിന് ടാറ്റയ്ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. എന്നാല്‍ ടാറ്റാ നാനോയ്ക്ക് അത്ര നല്ല സമയമല്ലെന്നാണ് വിപണി നല്‍കുന്ന സൂചനകള്‍. ഈ സാമ്പത്തിക വര്‍ഷത്തില്‍ ജൂണ്‍ മാസം ടാറ്റാ നാനോയുടെ ഒരു യൂണിറ്റ് മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ആഭ്യന്തര വിപണിയില്‍ കഴിഞ്ഞമാസം വില്‍പ്പന നടത്താനായത് മൂന്ന് യൂണിറ്റുകള്‍ മാത്രമെന്നത് ടാറ്റയ്ക്ക് നല്‍കുന്നത് ശുഭ സൂചനകള്‍ അല്ലെന്നാണ് റിപ്പോര്‍ട്ട്. 

ബൈക്ക് യാത്രക്കാരായ ഇന്ത്യന്‍ കുടുംബങ്ങളുടെ ഒരു കാര്‍ വാങ്ങുകയെന്ന സ്വപ്നം പൂര്‍ത്തിയാക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് രത്തന്‍ ടാറ്റ നേരിട്ട് നേതൃത്വം നല്‍കി പുറത്തിറക്കിയ കാറായിരുന്നു ടാറ്റാ നാനോ. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 275 യൂണിറ്റുകള്‍ നിര്‍മ്മിക്കുകയും 167 യൂണിറ്റുകള്‍ വില്‍ക്കപ്പെടുകയും ചെയ്ത സ്ഥാനത്താണ് ഇത്ര വലിയ കുറവുണ്ടായിരിക്കുന്നത്. ഒരു ലക്ഷം രൂപയ്കക്ക് ഒരു കാര്‍ എന്നതായിരുന്നു രത്തന്‍ ടാറ്റയുടെ പ്രഖ്യാപനം. ഇതിന് ഏകദേശം അടുത്ത് തന്നെയായിരുന്നു കാറിന്‍റെ വില്‍പ്പന വിലയും. 

കഴിഞ്ഞ ജൂണില്‍ നാനോയുടെ 25 യൂണിറ്റുകള്‍ കയറ്റുമതി നടന്നെങ്കില്‍ ഈ വര്‍ഷം ഒരു കയറ്റുമതി ഓര്‍ഡര്‍ പോലും ലഭിച്ചില്ല. എന്നാല്‍, നാനോയുടെ ഉല്‍പ്പാദനം നിര്‍ത്തുന്നത് സംബന്ധിച്ച് ടാറ്റ മോട്ടാഴ്സ് ഇതുവരെ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ലെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2008 ആട്ടോ എക്സ്പോയില്‍ അവതരിപ്പിക്കപ്പെട്ട നാനോ 2009 മാര്‍ച്ചിലാണ് ടാറ്റ വിപണിയില്‍ എത്തിച്ചത്.

നാനോയുടെ നിര്‍മ്മാണത്തിനായി ടാറ്റ പശ്ചിമ ബംഗാളിലെ സിംഗൂരില്‍ പ്ലാന്‍റ് സ്ഥാപിക്കാന്‍ ശ്രമിച്ചത് അന്ന് പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും വന്‍ ചലനങ്ങള്‍ക്ക് കാരണമായിരുന്നു. 

click me!