കേരളത്തിലും ഐ.ടി ജീവനക്കാരെ കമ്പനികള്‍ കൂട്ടത്തോടെ പിരിച്ചുവിടുന്നു

By Web DeskFirst Published May 18, 2017, 7:26 AM IST
Highlights

ചെലവ് ചുരുക്കലിന്‍റെ ഭാഗമായി കൊച്ചിയിൽ നിന്നും ഐ.ടി കമ്പനികൾ ജീവനക്കാരെ ഒഴിവാക്കുന്നു. വിവിധ ബഹുരാഷ്ട്ര കമ്പനികളിൽ നിന്നായി ആയിരത്തോളം ജീവനക്കാരാണ് പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്.

ഐ.ടി മേഖലയിലെ പിരിച്ചുവിടല്‍ ആശങ്ക ബംഗളുരുവില്‍ നിന്നും കൊച്ചി ഇന്‍ഫോ പാര്‍ക്കിലേക്കും തിരുവനന്തപുരം ടെക്നോ പാര്‍ക്കിലേക്കും പടരുകയാണ്. കൊച്ചിയില്‍ നിരവധി പേര്‍ക്ക് ഇതിനോടകം തന്നെ ജോലി നഷ്ടമായിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊഗ്നിസന്റാണ് കൂടുതല്‍ പേരെ ഒഴിവാക്കുന്നത്. ഇവിടെ അഞ്ഞൂറോളം പേര്‍ പിരിച്ചുവിടലിന്റെ വക്കിലാണെന്നാണ് സൂചന. ജോലിയിലെ കാര്യക്ഷമത വിലയിരുത്തിയ ശേഷം ബക്കറ്റ് ഫോര്‍ കാറ്റഗറി അഥവാ അവസാന സ്ഥാനങ്ങളില്‍ ഉള്ളവരെയാണ് പുറത്താക്കുന്നത്. നേരത്തെ കേരളത്തില്‍ നിന്നുള്ളവര്‍ ബക്കറ്റ് ഫോര്‍ കാറ്റഗറിയില്‍ എത്തുന്നത് ചുരുക്കമായിരുന്നു. എന്നാല്‍ കമ്പനികള്‍ ആഗോള അടിസ്ഥാനത്തില്‍ ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള കൂടുതല്‍ പേരെ പുറത്താക്കല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കൊഗ്നിസന്റ്, മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ഒരു മാസം മുമ്പ് കൊഗ്നിസന്റിന്റെ കൊച്ചി കാമ്പസില്‍ നിന്ന് 200 പേരെ ഒഴിവാക്കിയിരുന്നു. അമേരിക്കയിലെ എച്ച് വണ്‍ ബി വിസാ പ്രസിസന്ധിക്കൊപ്പം ഓട്ടോമേഷന്‍ കൂടുന്നതാണ് പ്രതിസന്ധിക്ക് കാരണമായി പറയപ്പെടുന്നത്. ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ, തുടങ്ങിയ കമ്പനികളും ജീവനക്കാരെ ഒഴിവാക്കാന്‍ തയ്യാറെടുക്കുന്നതായാണ് സൂചന. എന്നാല്‍ കമ്പനികളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായതോടെ പിരിച്ചുവിടലിന്റെ വേഗം കുറഞ്ഞിട്ടുണ്ട്. ജോലി നഷ്ടപ്പെട്ട പലരെയും കാണാന്‍ കഴിഞ്ഞെങ്കിലും ഇനി മറ്റൊരു ജോലി കിട്ടാന്‍ തടസ്സമാകുമെന്നതിനാല്‍ ആരും ഇക്കാര്യത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാനും തയ്യാറാവുന്നില്ല. പക്ഷേ കമ്പനികള്‍ ഈ വര്‍ഷം ഇനി നിയമനങ്ങള്‍ ഒന്നും നടത്തിയേക്കില്ല എന്ന റിപ്പോര്‍ട്ടുകളാണ് ഇവരെ ഭീതിയിലാഴ്ത്തുന്നത്. 

click me!