തമിഴ്നാട്ടില്‍ മന്ത്രിയുള്‍പ്പെടെ പ്രമുഖരുടെ വീടുകളില്‍ റെയ്ഡ്; 5.5 കോടി പിടിച്ചു

By Web DeskFirst Published Apr 7, 2017, 4:32 PM IST
Highlights

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തമിഴ്നാട്ടില്‍ ആദായ നികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്.  ആരോഗ്യ മന്ത്രി വിജയ ഭാസ്കര്‍, നടനും മുന്‍ എം.എല്‍.എയുമായ ശരത്കുമാര്‍ എന്നിവരടക്കം അടക്കം 9 പേരുടെ വീട്ടിലും ഓഫീസുകളിലും റെയ്ഡ് നടന്നു. 5.5 കോടി രൂപ ഇന്ന് പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. റെയ്ഡിന് പിന്നില്‍ ഗൂഢാലോചനയാണെന്ന് ശശികല വിഭാഗം ആരോപിച്ചപ്പോള്‍ മന്ത്രി രാജിവക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതിനിടെ പനീര്‍ശെല്‍വം വിഭാഗത്തിന് അനുകൂല സര്‍വേ നല്‍കിയതിന് പിന്നാലെ തമിഴ്‍ചാനലായ പുതിയ തലമുറൈ ടി.വി നല്‍കുന്നത് സര്‍ക്കാര്‍ കേബിള്‍ ശൃംഖലയായ അരസു കേബിള്‍ നിര്‍ത്തിവച്ചു

ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആര്‍.കെ നഗറില്‍ വന്‍ തോതില്‍ പണമൊഴുകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാവിലെ ആറ് മണിയോടെ ആദായ നികുതി വകുപ്പ് അധികൃതര്‍ തമിഴ്നാട് ആരോഗ്യമന്ത്രി ഡോ. വിജയ ഭാസ്കറിന്റെ വീട്ടില്‍ റെയ്ഡ് തുടങ്ങിയത്. ചെന്നൈ, തിരുച്ചിറപ്പള്ളി, പുതുക്കോട്ട എന്നിവടങ്ങളിലെ വീട്ടിലും ഓഫീസിലും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും ഒരേ സമയമായിരുന്നു റെയ്ഡ്. റെയ്ഡ് പുരോഗമിക്കുന്നതിനിടെ അനുയായികളും എ.ഐ.എ.ഡി.എം.കെ നേതാക്കളും വീടിന് മുന്നിലെത്തി ബഹളം വച്ചു. പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച വിജയഭാസ്കര്‍, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞു

ജയലളിത മന്ത്രിസഭയിലും അംഗമായിരുന്ന ഡോക്ടര്‍ വിജയ ഭാസ്കര്‍  ശശികലയുടെ അടുത്ത ബന്ധു കൂടിയാണ്. മന്ത്രിയുടെ സ്റ്റാഫിന്റെ വീട്ടില്‍ നിന്ന് രണ്ട് കോടിയിലേറെ രൂപ പിടിച്ചെടുത്തു. നടനും മുന്‍ എം.എല്‍.എയുമായ ശരത്കുമാര്‍, അണ്ണാ ഡി.എം.കെയുടെ 5 എം.എല്‍.മാര്‍, മുന്‍ എം.പി രാജേന്ദ്രന്‍, ആരോഗ്യ സെക്രട്ടറി തുടങ്ങിയവരുടെ വീട്ടിലും പരിശോധന നടന്നു.  ആര്‍.കെ നഗരറില്‍ ടി.ടി.വി ദിനകരനെ പിന്തുണക്കാന്‍ ശരത് കുമാറിന് പണം കിട്ടിയെന്നാണ് ആദായ നികുതി വകുപ്പിന്റെ സംശയം. 

അതിനിടെ പനീര്‍ ശെല്‍വം വിഭാഗത്തിന് അനുകൂല സര്‍വേ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ തമിഴ് വാര്‍ത്ത ചാനലായ പുതിയ തലമുറൈ സംപ്രേഷണം ചെയ്യുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അരസു കേബിള്‍ നിര്‍ത്തിവച്ചു. ആര്‍.കെ നഗറിലെ 70 ശതമാനം അണ്ണാ  ഡി.എം.കെ അണികളും പനീര്‍ ശെല്‍വം വിഭാഗത്തിനൊപ്പമാണെന്ന സര്‍വേ കഴിഞ്ഞ ദിവസമാണ് ചാനല്‍ സംപ്രേഷണം ചെയ്തത്. ക്രമക്കേടുകള്‍ വ്യാപകമാണെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് നീട്ടിവക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

click me!