മുല്ലപ്പൂവില മാനംമുട്ടാനുള്ള കാരണം ഇതാണ്

By Web DeskFirst Published Jan 23, 2018, 3:49 PM IST
Highlights

പാലക്കാട്: കഴിഞ്ഞ കുറച്ചു ദിവസമായി പൊന്നിന്‍ പൂവിന്റെ വിലയാണ് മുല്ലപ്പൂവിന്. ഒരു കിലോ മുല്ലപ്പൂവിന് 5300 രൂപയാണ് പാലക്കാട്ടെ വിപണി വില.മഞ്ഞുകാലത്ത് പൂപ്പാടങ്ങളില്‍ വിളവ് കുറയുന്നതാണ് മുല്ലപ്പൂവിന്‍റെ വില സര്‍വകാല റെക്കോര്‍ഡിലെത്തിച്ചത്.

പാലക്കാട്ടെ പൂമാര്‍ക്കറ്റില്‍ വിടരാത്ത കരിമൊട്ടുകള്‍ കെട്ടിയ മുല്ലമാലയ്‌ക്ക് പോലും മുഴത്തിന് അന്‍പതില്‍ കുറയില്ല. എല്ലാ പൂക്കടകളിലും തിരഞ്ഞാലും നല്ല മുല്ലപ്പൂവ് കിട്ടാനില്ല, ഉള്ളതിനാവട്ടെ തീവിലയും. തമിഴ്നാടിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള പൂക്കള്‍ ഇടത്താവളമാകുന്നത് കോയമ്പത്തൂരിലാണ്.

മുല്ലപ്പൂ തന്നെ പലവിധമാണ്. നീളന്‍ തണ്ടിനറ്റത്തെ സൗരഭ്യമായി കോയമ്പത്തൂര്‍ മുല്ല, മധുരം മണക്കുന്ന മധുരൈ മുല്ല, നിറഞ്ഞു നില്‍ക്കുന്ന ബോംബെ മുല്ല. കുനുകുനുന്നനെ അരിമുല്ല. പിന്നെ  വിലയിലും മണത്തിലും പൊന്നായി മല്ലിപ്പൂവും. മുല്ലപ്പൂവിന് കിലോയ്‌ക്ക് അയ്യായിരത്തില്‍ കുറഞ്ഞൊരു കച്ചവടം സാധ്യമല്ലെന്ന് പറയുന്നു വില്‍പ്പനക്കാരിയായ ജയന്തി. രണ്ട് ദിവസം മുമ്പ് 3600 രൂപയായിരുന്നു വില. ഒറ്റ ദിവസത്തില്‍ 5000ല്‍ എത്തി. 20000 രൂപ കൊടുത്താണ് നാല് കിലോ മല്ലി പൂ വാങ്ങിയതെന്ന് ജമന്തി പറയുന്നു.

പാടങ്ങളില്‍ മഞ്ഞ് കൂടുതലായതാണ് വില ഇങ്ങനെ മാനംമുട്ടാന്‍ കാരണമെന്ന് കച്ചവടക്കാരനായ മുത്തുകുമാര്‍ പറയുന്നു. അയ്യായിരം രൂപയ്‌ക്ക് കോയമ്പത്തൂരില്‍ നിന്നും പൂവ് വാങ്ങി കേരള അതിര്‍ത്തി കടക്കുമ്പോള്‍ വാങ്ങിയതിലും കുറഞ്ഞ വിലയിലുള്ള വില്‍പ്പന നഷ്‌ടത്തിലാണ്.  അങ്ങനെയാണ് നമ്മുടെ മാര്‍ക്കറ്റുകളില്‍ വില അയ്യായിരത്തിനും മേലെയാകുന്നത്.  വില കൂടിയതോടെ ഏറ്റവും വലയുന്നത് കല്യാണപ്പാര്‍ട്ടികളാണ്. വില കൂടിയത് കച്ചവടത്തെ ദോഷമായി ബാധിച്ചെന്നാണ് ചില്ലറ വ്യാപാരികളുടെ ന്യായം. മഞ്ഞുകാലം തീരാതെ മുല്ലവില താഴേക്കിറങ്ങുമെന്ന പ്രതീക്ഷയും വേണ്ട. 

click me!