
ബെംഗളൂരു: ആധുനികവത്കരണവും താഴ്ന്ന വളര്‍ച്ചാനിരക്കും കാരണം രാജ്യത്തെ ഐ.ടി രംഗത്ത് തൊഴില്‍ അവസരങ്ങള്‍ കുത്തനെ കുറയുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ആറ് മാസത്തില്‍ ഇന്ത്യയിലെ ആറ് മുന്‍നിര ഐടി കമ്പനികളിലെ തൊഴിലാളികളുടെ എണ്ണത്തില്‍ 13,402 പേരുടെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 60,240 പേരെ ജോലി ലഭിച്ച സ്ഥാനതാണിത്.
വര്‍ധിച്ചു വരുന്ന ഓട്ടോമേഷനെ തുടര്‍ന്ന് അടിസ്ഥാന ജോലികള്‍ ചെയ്യാന്‍ ആളെ വേണ്ടാത്ത അവസ്ഥ ഐ.ടി. രംഗത്തുണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. നേരത്തെ പോലെ വന്‍തോതില്‍ എഞ്ചിനീയറിംഗ് ബിരുദധാരികളെ ജോലിക്കെടുക്കുന്ന പരിപാടി കമ്പനികള്‍ ഇപ്പോള്‍ നിര്‍ത്തി. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യരായ, നവമാധ്യമങ്ങളില്‍ പരിജ്ഞാനമുള്ളവരെ നോക്കി എടുക്കുന്നതാണ് ഇപ്പോള്‍ ക്യാംപസ് പ്ലേസ്‌മെന്റുകളിലെ രീതി.
മോശം പ്രകടനം നടത്തുന്നവരെ പരമാവധി ഒഴിവാക്കി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നവരെ നിലനിര്‍ത്തനാണ് മുന്‍നിര ഐടി കമ്പനികള്‍ താത്പര്യപ്പെടുന്നത്. കഴിഞ്ഞ സെപ്തംബര്‍ 30-ന് 1,62,553 ജീവനക്കാരുണ്ടായിരുന്ന വിപ്രോയില്‍ ഡിസംബര്‍ 31 ആയപ്പോള്‍ ജീവനക്കാരുടെ എണ്ണം 1,63,759 ആയി കുറഞ്ഞു. മൂന്ന് മാസം കൊണ്ട് 1206 പേരുടെ കുറവ്.
സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ഒന്‍പത് മാസത്തില്‍ 3657 പേര്‍ക്ക് മാത്രമാണ് ടി.സി.എസ് ജോലി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 24,654 പേര്‍ക്ക് കമ്പനി തൊഴില്‍ നല്‍കിയിരുന്നു.സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ 14,421 പേര്‍ക്കാണ് രാജ്യത്തെ ആറ് മുന്‍നിര ഐടി കമ്പനികള്‍ ചേര്‍ന്ന് ജോലി നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 43 ശതമാനം കുറവാണിത്.
ഈ പ്രവണത അപ്രതീക്ഷിതമല്ലെന്നും കുറച്ചു കാലത്തേക്ക് ഐടി രംഗത്തെ തൊഴില്‍ മാന്ദ്യം ഇതേ രീതിയില്‍ തന്നെ തുടരുമെന്നുമാണ് കൊടക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വറ്റീസിന്റെ പഠനം വെളിപ്പെടുത്തുന്നത്. വളര്‍ച്ചാ നിരക്ക് കുറയുകയും കമ്പനികള്‍ വിഭവശേഷി പരമാവധി ഉപയോഗപ്പെടുത്താനും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും ശ്രമിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഓട്ടോമേഷനും കൂടുതല്‍ മെച്ചപ്പെടുന്നതോടെ തൊഴില്‍ നഷ്ടം ഇനിയും വര്‍ധിച്ചേക്കാം. 2022-ഓടെ ഇന്ത്യയിലേയും യുഎസിലേയും ഐടി മേഖലയിലെ രംഗത്തെ തൊഴിലവസരങ്ങളില്‍ 7 മുതല്‍ 10 ശതമാനം വരെ കുറവുണ്ടായേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഓട്ടോമേഷന്റേയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റേയും വളര്‍ച്ച മൂലം ഐടി-ബിപിഎം രംഗത്തെ മിഡില്‍ സ്‌കില്‍ഡ് തൊഴിലവസരങ്ങളില്‍ 15 ശതമാനം വളര്‍ച്ചയുണ്ടാവുമെന്നും വിദഗ്ദ്ധര്‍ പ്രവചിക്കുന്നുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.