കഴിഞ്ഞ 11 വര്‍ഷത്തിനിടെ തൊഴില്‍രഹിതരായത് 2.3 കോടി സ്‌ത്രീകള്‍

By Web DeskFirst Published Mar 9, 2018, 1:18 PM IST
Highlights

സ്‌ത്രീകള്‍ക്ക് ജോലി നല്‍കുന്നതില്‍ ജി-20 രാജ്യങ്ങളില്‍ സൗദി അറേബ്യയ്‌ക്ക് മുകളില്‍ മാത്രമാണ് ഇന്ത്യയുടെ സ്ഥാനം.

കൊച്ചി: കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ ഇന്ത്യയില്‍ 2.3 കോടി സ്‌ത്രീകള്‍ക്ക് തൊഴില്‍ നഷ്‌ടമായെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദര രാജന്‍. വിദ്യാഭ്യാസമുള്ള സ്‌ത്രീകള്‍ തൊഴില്‍ മേഖലയുടെ ഭാഗമാകാതെ മാറിനില്‍ക്കുകയാണ്. സത്രീ ശാക്തീകരണം യാഥാര്‍ത്ഥ്യമാകാതെ വികസനം അസാധ്യമാണെന്നും കൊച്ചിയില്‍ നടന്ന കേരള മാനേജ്മെന്‍റ് അസോസിയേഷന്‍ വജ്രജൂബില സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവെ അരുണ സുന്ദര രാജന്‍ പറഞ്ഞു.

മക്കന്‍സിയുടെ 2015ലെ പഠനം അനുസരിച്ച് സ്‌ത്രീകള്‍ കൂടുതലായി തൊഴില്‍ മേഖലയിലേക്കെത്തിയാല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 3 ലക്ഷം കോടി ഡോളറായി ഉയര്‍ത്താനാകും.ഇന്ത്യയില്‍ 27 ശതമാനം സ്‌ത്രീകള്‍ മാത്രമാണ് തൊഴില്‍ മേഖലയുടെ ഭാഗമായുള്ളത്. സ്‌ത്രീകള്‍ക്ക് ജോലി നല്‍കുന്നതില്‍ ജി-20 രാജ്യങ്ങളില്‍ സൗദി അറേബ്യയ്‌ക്ക് മുകളില്‍ മാത്രമാണ് ഇന്ത്യയുടെ സ്ഥാനം. ഗ്രാമങ്ങളില്‍ ബിരുദം നേടിയ സ്‌ത്രീകളില്‍ 67 ശതമാനവും ജോലിയ്‌ക്ക് പോകുന്നില്ല. ബിരുദമുണ്ടായിട്ടും തൊഴിലെടുക്കാത്ത നഗരപ്രദേശങ്ങളിലെ സ്‌ത്രീകള്‍ 69 ശതമാനമാണ്. സ്‌ത്രീ സൗഹൃമായ തൊഴിലിടങ്ങളില്ലാത്തതാണ് രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധി. സ്‌ത്രീകള്‍ കൂടി തൊഴിലെടുക്കാതെ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടില്ലെന്നും അരുണ സുന്ദര രാജന്‍.

സ്‌ത്രീകള്‍ ജോലിയ്‌ക്ക് പോകേണ്ടെന്ന സമൂഹ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാകണെന്നും അരുണ്‍ സുന്ദരരാജന്‍ പറഞ്ഞു. ചടങ്ങില്‍ മെട്രോമാന്‍ ഇ.ശ്രീധരനെ കെഎംഎ ആദരിച്ചു. സാമൂഹ്യവികസനത്തില്‍ കെഎംഎ പോലുള്ള സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കണമെന്ന് ഇ.ശ്രീധരന്‍ പറഞ്ഞു.

click me!