എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ശൈത്യകാല പട്ടികയില്‍ കണ്ണൂരും; ആദ്യ സര്‍വ്വീസും തീരുമാനമായി

By Web TeamFirst Published Oct 22, 2018, 1:46 PM IST
Highlights

എയര്‍ ഇന്ത്യ എക്സ്പ്രസിന് ഇപ്പോള്‍ 24  വിമാനങ്ങളാണുള്ളത്. ഈ മാസം അവസാനം ഒരു വിമാനം കൂടി എക്സ്പ്രസിന്‍റെ ഭാഗമാകും എല്ലാ വിമാനങ്ങളും ബോയിങ് 737-800 വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്.

തിരുവനന്തപുരം: നിരക്ക് കുറഞ്ഞ സര്‍വ്വീസുകള്‍ കൊണ്ട് ജനപ്രീതി ആര്‍ജിച്ച പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസ് ഇനിമുതല്‍ കണ്ണൂരില്‍ നിന്നും സര്‍വ്വീസ് നടത്തും. ഈ മാസം 28 ന് ആരംഭിക്കുന്ന ശൈത്യകാല പട്ടികയിലാണ് കണ്ണൂര്‍ വിമാനത്താവളം ഇടം നേടിയത്. കണ്ണൂരിനെക്കൂടാതെ പുതുതായി സര്‍വ്വീസ് ആരംഭിക്കുന്ന വിമാനത്താവളങ്ങളുടെ കൂട്ടത്തില്‍ ബെംഗളൂരുവും ഉണ്ട്. 

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ 19 മത്തെ സെക്ടറാണ് കണ്ണൂര്‍. കണ്ണൂരില്‍ ആദ്യമായി പരീക്ഷാടിസ്ഥാനത്തില്‍ യാത്ര വിമാനമിറക്കിയ എയര്‍ ഇന്ത്യ എക്സ്പ്രസ് തന്നെയാകും ആദ്യ രാജ്യന്തര വാണിജ്യ സര്‍വ്വീസും ആരംഭിക്കുക. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വാണിജ്യ സര്‍വ്വീസുകള്‍ക്ക് അനുമതി ലഭിക്കുന്ന ദിവസം തന്നെ സര്‍വ്വീസ് നടത്താനുളള തയ്യാറെടുപ്പിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. അബുദാബിയിലേക്കാവും ആദ്യ സര്‍വ്വീസ്. ദുബായ്, ഷാര്‍ജ, അബുദാബി, ദോഹ, റിയാദ് തുടങ്ങിയ നഗരങ്ങളിലേക്ക് സര്‍വ്വീസ് നടത്താനാണ് എക്സ്പ്രസ് പദ്ധതിയിടുന്നത്.

എയര്‍ ഇന്ത്യ എക്സ്പ്രസിന് ഇപ്പോള്‍ 24  വിമാനങ്ങളാണുള്ളത്. ഈ മാസം അവസാനം ഒരു വിമാനം കൂടി എക്സ്പ്രസിന്‍റെ ഭാഗമാകും എല്ലാ വിമാനങ്ങളും ബോയിങ് 737-800 വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്. 

click me!