പി.എഫ്.പെന്‍ഷന്‍: തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ റദ്ദാക്കി കേരള ഹൈക്കോടതി

By Web TeamFirst Published Oct 12, 2018, 9:06 PM IST
Highlights

യഥാര്‍ഥ ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ ലഭിക്കാന്‍ കൂടിയ വിഹിതം നല്‍കാന്‍ പദ്ധതി അംഗങ്ങളായ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. താത്പര്യമുള്ളവര്‍ക്ക് അതിനായി ഓപ്ഷന്‍ നല്‍കാം. ഓപ്ഷന് കാലാവധി നിശ്ചയിച്ച വ്യവസ്ഥ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി.
 

കൊച്ചി: പെന്‍ഷന്‍ നിയമത്തിലെ തൊഴിലാളി വിരുദ്ധ ഭേദഗതികള്‍ റദ്ദാക്കി കേരളാ ഹൈക്കോടതി പെന്‍ഷന് പരിഗണിക്കുന്ന അടിസ്ഥാന ശമ്പളം 15,000 രൂപയായി നിജപ്പെടുത്തിയതും, 60 മാസത്തെ ശരാശരി ശമ്പളം പെന്‍ഷന് അടിസ്ഥാനമാക്കി നിശ്ചയിച്ചതുമടക്കമുള്ള എല്ലാ ഭേദഗതികളും കേരള ഹൈക്കോടതി റദ്ദാക്കി. 

യഥാര്‍ഥ ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ ലഭിക്കാന്‍ കൂടിയ വിഹിതം നല്‍കാന്‍ പദ്ധതി അംഗങ്ങളായ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. താത്പര്യമുള്ളവര്‍ക്ക് അതിനായി ഓപ്ഷന്‍ നല്‍കാം. ഓപ്ഷന് കാലാവധി നിശ്ചയിച്ച വ്യവസ്ഥ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി.

എല്ലാ തൊഴിലാളികള്‍ക്കും ഒരേപോലെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കേണ്ട പിഎഫ് പെന്‍ഷന്‍ പദ്ധതി വിവേചനപൂര്‍വം നടപ്പാക്കുന്നത് നിയമവിരുദ്ധവും ഇ.പി.എഫ് നിയമങ്ങള്‍ക്ക് എതിരെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2014 ല്‍ കൊണ്ടുവന്ന ഭേദഗതി വിജ്ഞാപനവും അതിന്റെ അടിസ്ഥാനത്തില്‍ പിഎഫ് അധികൃതര്‍ പുറപ്പെടുവിച്ച തുടര്‍ ഉത്തരവുകളുമാണ് റദ്ദാക്കിയത്. 

വിജ്ഞാപനം തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി 507 ഹരജികളാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. വിജ്ഞാപനത്തില്‍ പരമാവധി ശമ്പളം നിജപ്പെടുത്തിയിരുന്നു. ഒപ്പം പെന്‍ഷന്‍ കണക്കാക്കാന്‍ അവസാന 12 മാസത്തെ ശമ്പളത്തിന് പകരം 60 മാസത്തെ ശരാശരി കണക്കാക്കണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തി. 

പെന്‍ഷന് അര്‍ഹതയുള്ള പരമാവധി ശമ്പളം മാസം 6500 ആയിരുന്നത് 15000 ത്തിലേക്ക് ഉയര്‍ത്തുകയും ശമ്പളത്തിന് ആനുപാതികമായ വിഹിതം അടക്കുന്നതിന് പരിധി വെക്കുകയും ചെയ്തിരുന്നു. ഈ വ്യവസ്ഥകളും   ഹര്‍ജിക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തു. ഭേദഗതിക്ക് മുന്‍പ് 6500 രൂപ ശമ്പള പരിധിയായി നിശ്ചയിച്ചിരുന്നെങ്കിലും യഥാര്‍ഥ ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ ഫണ്ടിലേക്ക് ഉയര്‍ന്ന തുകയടക്കാന്‍ അംഗമായ തൊഴിലാളിക്ക് കഴിയുമായിരുന്നു. 

ഭേദഗതിയോടെ ഇത് ഇല്ലാതായി. പി. എഫ് ഫണ്ട് ചുരുങ്ങുമെന്ന ആശങ്കയുടേയും മറ്റും അടിസ്ഥാനത്തിലുള്ള ഭേദഗതിക്ക് നിയമത്തിന്റെ പിന്‍ബലമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരമൊരു കാരണം ചൂണ്ടിക്കാട്ടി അര്‍ഹതപ്പെട്ട ആനുകൂല്യം തടയാനാവില്ല. വിരമിച്ച ശേഷം തൊഴിലാളികള്‍ക്ക് മാന്യമായ ജീവിതം നയിക്കുന്നതിന് ഉപകാരപ്പെടാനാണ് പെന്‍ഷന്‍ ഫണ്ട് ഉണ്ടാക്കിയിരിക്കുന്നത്. ആ ലക്ഷ്യത്തെ തകിടം മറിക്കുന്നതും തൊഴിലാളികളെ പല തട്ടിലാക്കുന്നതുമാണ് ഇത്തരം നടപടികള്‍. ഈ വ്യവസ്ഥകള്‍ നിലനില്‍ക്കാത്തതാണെന്ന് വ്യക്തമാക്കിയ കോടതി തുടര്‍ന്ന് വിജ്ഞാപനം റദ്ദാക്കുകയായിരുന്നു.


 

click me!