
ദില്ലി: കള്ളപ്പണം പിടിയ്‌ക്കാനെന്ന പേരില്‍, രാജ്യത്തെ കടലാസ് കമ്പനികളെ പിടികൂടുന്ന നടപടി കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ആയിരുന്നു. പ്രവര്‍ത്തനങ്ങളൊന്നുമില്ലാതെ പേരിന് കമ്പനി രജിസ്റ്റര്‍ ചെയ്തിട്ട് അതിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുന്നവരെ കണ്ടെത്താനെന്ന പേരിലാണ് ആദായ നികുതി വകുപ്പും കമ്പനികാര്യ മന്ത്രാലയവും നടപടികള്‍ ശക്തമാക്കിയത്. വരവ് ചിലവ് കണക്കുകള്‍ സമര്‍പ്പിക്കാത്ത കമ്പനികള്‍ക്കും ഡയറക്ടര്‍മാര്‍ക്കും നോട്ടീസ് അയക്കുന്ന നടപടികളാണ് ആദ്യം തുടങ്ങിയത്. ഇതിന് മറുപടി നല്‍ക്കാത്തവരുടെയും മറുപടി തൃപ്തികരമല്ലാത്ത കമ്പനികളുടെയും അംഗീകാരം റദ്ദാക്കാനായി അടുത്ത നടപടി. ഇതിലാണ് വീക്ഷണം പത്രവും കേരള സര്‍ക്കാറിന്റെ പ്രവാസി ക്ഷേമ പദ്ധതിയായ നോര്‍ക്ക റൂട്ട്സും ഉള്‍പ്പെട്ടത്.
മൂന്ന് വര്‍ഷമായി രേഖകള്‍ സമര്‍പ്പിക്കാത്ത കമ്പനികളുടെ 1.6ലക്ഷം ഡയറക്ടര്‍മാരെയാണ് കേന്ദ്രസര്‍ക്കാര്‍ അയോഗ്യരാക്കിയത്. അയോഗ്യരാക്കിയ ഡയറക്ടര്‍മാര്‍ക്ക് വീണ്ടും അതേ കമ്പനിയുടെ ഡയറക്ടറാകാനും അഞ്ച് വര്‍ഷത്തേക്ക് മറ്റ് കമ്പനികളുടെ ഡയറക്ടര്‍മാരാകാനും കഴിയില്ല. കേരളത്തില്‍ നിന്ന് 14,000 ഡയറക്ടര്‍മാരാണ് അയോഗ്യരാക്കപ്പെട്ടത്. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ അംഗീകാരം റദ്ദാക്കപ്പെട്ടപ്പോള്‍ പത്രത്തിന്റെ ഡയറക്ടര്‍മാരായ രമേശ് ചെന്നിത്തല, വി.എം സുധീരന്‍, പി.പി തങ്കച്ചന്‍, ബെന്നി ബഹനാന്‍, പി.ടി തോമസ് എന്നിവരെല്ലാം അയോഗ്യരുടെ പട്ടികയില്‍ ഉള്‍പ്പെട്ടു. നോര്‍ക്ക റൂട്ട്സിന്‍റേയും പ്രവര്‍ത്തനം അനധികൃതമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ കണക്കുകള്‍. ഇതിന്റെ ഡയറക്ടര്‍മാരായ ഉമ്മന്‍ചാണ്ടി, വ്യവസായി എം.എ യൂസഫലി എന്നിവരെയും അയോഗ്യരാക്കി. രാജ്യത്ത് ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ ഡയറക്ടര്‍മാരെ അയോഗ്യരാക്കിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിലുള്ള വി.കെ ശശികലയുടെ പേരിലുള്ള നാല് കമ്പനികളാണ് കടലാസു കമ്പനികളായി മാറിയത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.