മെട്രോ യാത്രക്കാര്‍ക്കായി ആപ്പ് വഴി ബുക്ക് ചെയ്യാവുന്ന ജി.പി.എസ് ഓട്ടോറിക്ഷകള്‍

By Web DeskFirst Published Nov 25, 2017, 7:08 PM IST
Highlights

കൊച്ചി: മെട്രോ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ഓട്ടോറിക്ഷ ഫീഡര്‍ സര്‍വ്വീസുകള്‍ തുടങ്ങും.ഇതിനായി ഓട്ടോ തൊഴിലാളികള്‍ക്കായി പ്രത്യേക പരിശീലന പരിപ‌ാടികള്‍ കെ.എം.ആര്‍.എല്‍ തുടങ്ങി. ഓട്ടോ ആപ്പും, ജി.പി.എസ് സംവിധാനവും വഴി ഓട്ടോ ഫീഡര്‍ സര്‍വ്വീസ് കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ലക്ഷ്യം.

നഗരത്തിലെ ഗതാഗതകുരുക്ക് കുറക്കുക, മാത്രമല്ല സ്വന്തമായി വാഹനമില്ലാതെ മെട്രോ സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാര്‍ക്ക് പൊതുഗതാഗത സംവിധാനം വഴി ലക്ഷ്യസ്ഥാനത്തേക്ക് എത്താന്‍ സഹായിക്കുന്നതുമാണ് കെ.എം.ആര്‍.എല്‍ ഫീഡര്‍ സര്‍വ്വീസുകള്‍. മെട്രോ ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങുമ്പോഴേക്കും ഫീഡര്‍ ഓട്ടോകള്‍ സ്റ്റേഷനില്‍ തയ്യാറായി നില്‍ക്കുന്ന രീതിയിലാകും പദ്ധതി നടപ്പിലാക്കുക. ഓരോ സ്റ്റേഷനുകളിലുംനിശ്ചിത ദൂരപരിധിയില്‍  ഓട്ടോറിക്ഷാ ഫീഡര്‍ സര്‍വ്വീസുകള്‍ നടത്തും. ഒരേ സ്ഥലത്തേക്ക് പോകേണ്ട മൂന്ന് പേര്‍ക്ക് വരെ പത്ത് രൂപ നിരക്കില്‍ ഫീഡര്‍ സര്‍വ്വീസ് ഉപയോഗിക്കാം.

ഫീഡര്‍ രീതിയില്‍ അല്ലാതെയും ഓട്ടോ തൊഴിലാളികള്‍ക്ക് എവിടേക്കും ഓട്ടം പോകാം.  ആറ് സംഘടനകളില്‍ നിന്നായി 15,000 പേര്‍ അംഗങ്ങളായി ഓട്ടോ സൊസൈറ്റി രൂപീകരിക്കാനും ധാരണയായിട്ടുണ്ട്. കെ.എം.ആര്‍.എല്‍ സംരംഭത്തെ പ്രതീക്ഷയോടെ കാണുകയാണ് ഓട്ടോ തൊഴിലാളികളും. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ എംപ്ലോയ്മെന്‍റുമായി സഹകരിച്ചാണ് പരിശീലനം നടത്തുന്നത്. വരുന്ന അഞ്ച് ദിവസങ്ങളിലായി 300 പേര്‍ പരിശീലനത്തില്‍ പങ്കെടുക്കും. തൊഴിലാളികളുടെ നിയമ പരിഞ്ജാനം കൂട്ടുന്നതിനും, യാത്രക്കാരുമായി സൗഹൃദം മെച്ചപ്പെടുത്തുന്നതിനും വേണ്ട പരിശീലനമാണ് നല്‍കുക.

click me!