
തിരുവനന്തപുരം: കേരളത്തിന്‍റെ വികസനത്തിന് ധനസമാഹരണം ലക്ഷ്യമിട്ട് തുടങ്ങിയ കെഎസ്എഫ്ഇ പ്രവാസിച്ചിട്ടികളുടെ ഓണ്‍ലൈന്‍ ലേലം തുടങ്ങി. ആദ്യ ഓണ്‍ലൈന്‍ ലേലം മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
72,698 പ്രവാസികള്‍ ഇതിനോടകം ചിട്ടികളില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി. ഇതില്‍ 10,000 പേരുടെ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കി. പ്രവാസിച്ചിട്ടികളിലൂടെ ലഭിക്കുന്ന വരിസംഖ്യ വിവിധ വികസന പരിപാടികള്‍ നടപ്പാക്കാനായി കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി.
നവംബറില്‍ നറുക്കെടുപ്പ് തീരുമാനിച്ചിട്ടുളള 22 ചിട്ടികളുടെ സലയ്ക്ക് തുല്യമായ 77.2 ലക്ഷം രൂപ കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ചിട്ടികളില്‍ ചേര്‍ന്ന് പണം അടയ്ക്കുന്നത് മുതല്‍ ലേലം വരെയുളള എല്ലാ നടപടികളും ഓണ്‍ലൈനായാണ് കെഎസ്എഫ്ഇ നടപ്പാക്കുന്നത്. ലോകത്തിന്‍റെ ഏത് കോണില്‍ ഇരുന്നുകൊണ്ടും ചിട്ടി വരിക്കാരന് ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാനാകും. കെഎസ്എഫ്ഇ 53 ചിട്ടികളാണ് പ്രവാസികള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.