കടക്കെണിയില്‍ നിന്ന് രക്ഷപെടാന്‍ കെഎസ്ആര്‍ടിസി 3000 കോടി കൂടി കടമെടുക്കുന്നു

By Web DeskFirst Published Sep 18, 2017, 6:06 PM IST
Highlights

തിരുവനന്തപുരം: നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും കണക്കെണിയില്‍ നിന്ന് വലിയ കെണികളിലേക്കും മാത്രം വീഴുന്ന കെഎസ്ആര്‍ടിസി രക്ഷപെടാനായി 3000 കോടി കൂടി കടമെടുക്കുന്നു. വലിയ പലിശക്ക് ഇതുവരെ എടുത്ത വായ്പകള്‍ എല്ലാം അടച്ചുതീര്‍ക്കാനാണ് ഈ പണം. വിവിധ ബാങ്കുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ കണ്‍സോര്‍ഷ്യമാണ് കുറഞ്ഞ പലിശക്ക് കെഎസ്ആര്‍ടിസിക്ക് വായ്പ ലഭ്യമാക്കുക.

നിലവില്‍ 2950 കോടിയുടെ വായ്പയാണ് കെഎസ്ആര്‍ടിസിക്ക് തിരിച്ചടയ്ക്കാനുള്ളത്. എല്ലാ ദിവസവും കിട്ടുന്ന വരുമാനത്തില്‍ നിന്ന് മൂന്ന് കോടിയോളം രൂപ വായ്പ തിരിച്ചടയ്ക്കാനാണ് മാറ്റിവെയ്ക്കുന്നത്. ഈ തുക കഴിഞ്ഞാല്‍ പിന്നെ ശമ്പളം നല്‍കാനോ മറ്റ് ചിലവുകള്‍ക്കോ പണം തികയാറില്ല. ഈ സാഹചര്യത്തിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ച് കുറഞ്ഞ പലിശക്ക് വായ്പ ലഭ്യമാക്കാന്‍ തീരുമാനിച്ചത്. ഇങ്ങനെ എടുക്കുന്ന 3000 കോടി രൂപയ്ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും. ഈ പണം വാങ്ങി എല്ലാ വായ്പകളും തീര്‍ത്താല്‍ പിന്നീട് ദിവസവും 80 ലക്ഷത്തോളം രൂപ മാത്രം തിരിച്ചടച്ചാല്‍ മതിയാവും. പലിശ കുറവാണെന്നതിന് പുറമെ, ദീര്‍ഘകാലത്തേക്കുള്ള വായ്പയായിനാലാണ് ഇത്രയും കുറഞ്ഞ തുക മാത്രം തിരിച്ചടവ് വരുന്നത്.

വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കെഎസ്ആര്‍ടിസിക്ക് പുതിയ 900 ബസുകള്‍ വാങ്ങുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു. ഇതിന് പുറമേ 500 സ്കാനിയ ബസുകള്‍ കൂടി വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലേക്ക് ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായാണ് സ്കാനിയ ബസുകള്‍ ഉപയോഗിക്കുക. പെന്‍ഷന്‍ പ്രായം 60 ആക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇടതുമുന്നണി ചര്‍ച്ചചെയ്തതിന് ശേഷമേ തീരുമാനിക്കൂ.

click me!