ലുലുവിന്റെ പദ്ധതിക്ക് ചന്ദ്രാബാബു നായിഡുവിന്റെ പച്ചക്കൊടി, നിക്ഷേപം 1222 കോടി, ഗൂഗിളിന് പിന്നാലെ ലുലു ഗ്രൂപ്പും വിശാഖപട്ടണത്തേക്ക്

Published : Oct 16, 2025, 08:33 PM IST
Lulu Group International ranks 12th in 100 most Admired Companies in the Middle East

Synopsis

ഗൂഗിളിന് പിന്നാലെ ലുലു ഗ്രൂപ്പും വിശാഖപട്ടണത്തേക്ക്. റീട്ടെയ്ൽ എൻടർടൈൻമെന്റ് ടൂറിസം രംഗത്തെ സമഗ്ര മുന്നേറ്റങ്ങൾക്കുള്ള ആന്ധ്ര സർക്കാർ നീക്കങ്ങൾക്ക് പിന്തുണയുമായി 1222 കോടി രൂപയുടെ ഷോപ്പിങ്ങ് മാളാണ് യാഥാർത്ഥ്യമാകുന്നത്.

വിശാഖപട്ടണം: ഇന്ത്യയിലെ ആദ്യ എഐ ഹബ്ബും ഡിജിറ്റൽ ഡേറ്റാ സെന്ററും വിശാഖപട്ടണത്ത് യാഥാർത്ഥ്യമാക്കുമെന്ന ഗൂഗിളിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആന്ധ്രാപ്രദേശിൽ വൻ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. റീട്ടെയ്ൽ എൻടർടൈൻമെന്റ് ടൂറിസം രംഗത്തെ സമഗ്ര മുന്നേറ്റങ്ങൾക്കുള്ള ആന്ധ്ര സർക്കാർ നീക്കങ്ങൾക്ക് പിന്തുണയുമായി 1222 കോടി രൂപയുടെ ഷോപ്പിങ്ങ് മാളാണ് യാഥാർത്ഥ്യമാകുന്നത്. ഇതിനുള്ള ലുലുവിന്റെ പുതുക്കിയ ലീസ് നിബന്ധനകള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. മികച്ച ആനുകൂല്യങ്ങൾ നൽകിയാണ് ലുലുവിന്റെ പദ്ധതിക്ക് ആന്ധ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

ലുലു ഹൈപ്പർമാർക്കറ്റ്, ഫാഷൻ സ്റ്റോർ, ലുലു കണക്ട്, ഫൺടൂറ എന്നിവ കൂടാതെ, മൾട്ടിപ്ല്ക്സ് തീയേറ്ററുകൾ, ഫുഡ് കോർട്ട് തുടങ്ങി മികച്ച സൗകര്യങ്ങളോടെയുള്ള മാൾ ആണ് ഉയരുക. ആന്ധ്രാപ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ (APIIC) ഹാര്‍ബര്‍ പാര്‍ക്കിലെ 13.74 ഏക്കർ ഭൂമിയിൽ 13.5 ലക്ഷം ചതുരശ്ര അടിയിലാണ് മാള്‍ നിർമ്മിക്കുക. 99 വർഷത്തേക്കാണ് പാട്ടക്കരാർ. ആന്ധ്രാപ്രദേശ് ടൂറിസം ലാന്‍ഡ് അലോട്ട്‌മെന്റ് പോളിസി പ്രകാരം, പദ്ധതി പൂർത്തിയാക്കുന്നതിനായി ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ഉറപ്പ് നൽകിയാണ് ചന്ദ്രബാബു നായിഡു സർക്കാർ പദ്ധതിക്ക് അംഗീകാരം നൽകിയിരിക്കുന്നത്.

പുതിയ നിബന്ധന പ്രകാരം 2028 മുതല്‍ വാര്‍ഷിക പാട്ട തുകയായി 7.08 കോടി രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. അത്ര തന്നെ തുകയുടെ സെക്യുരിറ്റി ഡിപ്പോസിറ്റും കരാറിൽ നിശ്ചയിച്ചിട്ടുണ്ട് ഓരോ പത്ത് വർഷത്തിൽ പാട്ട തുക 10 ശതമാനമായി പുതുക്കാനും വ്യവസ്ഥയുണ്ട്. പദ്ധതി പൂർത്തിയാകുന്നതു വരെ മൂന്ന് വര്‍ഷത്തേക്ക് കരാർ പ്രാവർത്തികമാകില്ല. ഇത് കൂടാതെ കൃഷ്ണാ ജില്ലയിലെ മല്ലവള്ളിയിൽ മെഗാ ഫുഡ് പാർക്കിൽ വാർഷിക പാട്ട തുകയായി 50 ലക്ഷം രൂപ നിശ്ചയിച്ച് ഭക്ഷ്യ സംസ്കരണ കേന്ദ്രം ആരംഭിക്കാനുള്ള ലുലുവിൻ്റെ പദ്ധതിക്കും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ ലുലു ഗ്രൂപ്പിന് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനെതിരെ ഉപമുഖ്യമന്ത്രി പവൻ കല്യാൺ, ഭക്ഷ്യവകുപ്പ് മന്ത്രി നദൻല മനോഹറും എതിരഭിപ്രായം അറിയിച്ചിരുന്നു. ഇത് മറികടന്നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

രാഷ്ട്രീയ സാഹചര്യങ്ങള്‍മൂലം 2019ൽ ആന്ധ്രാപ്രദേശില്‍ നിന്ന് പിന്മാറിയ ലുലുവിനെ, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു താൽപ്പര്യമെടുത്താണ് വീണ്ടും സംസ്ഥാനത്തേക്ക് എത്തിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയെ പ്രത്യേകം ക്ഷണിച്ച്, മുഖ്യമന്ത്രിയുടെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് രണ്ടാം വരവിന് ധാരണയായത്. ആദ്യ വരവിൽ നിലച്ചുപോയ പദ്ധതികളാണ് ഇത്തവണ യാഥാർത്ഥ്യമാകുന്നത്. ഗൂഗിൾ അടക്കമുള്ള വൻകിട കമ്പനികൾ എത്തുന്നതിനാൽ മികച്ച അടിസ്ഥാനസൗകര്യ വികസനമെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ലുലു മാൾ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Latest Business News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News, Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ, Petrol Price Today, എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

Read more Articles on
click me!

Recommended Stories

Gold Rate Today: സ്വർണവില വീണ്ടും 95,000 ത്തിന് മുകളിൽ, ആശങ്കയോടെ സ്വർണാഭരണ പ്രേമികൾ
കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി