ഓര്‍ക്കുന്നുണ്ടോ ഈ വാഹനത്തെ?

Published : Sep 11, 2016, 10:38 PM ISTUpdated : Oct 05, 2018, 01:23 AM IST
ഓര്‍ക്കുന്നുണ്ടോ ഈ വാഹനത്തെ?

Synopsis

സ്പോര്‍ട്‍സ് യൂട്ടിലിറ്റി വെഹിക്കിളുകളെന്നും (എസ്‍യുവി) മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കളുകളെന്നും (എംയുവി) ഒക്കെ വാഹനങ്ങളെ അടയാളപ്പെടുത്തുന്നതിനും മുമ്പുള്ള കാലം. ആഗോളവല്‍ക്കരണത്തിനു മുമ്പുള്ള  തൊണ്ണൂറുകളുടെ തുടക്കത്തിലാണ് എട്ട് സീറ്റോടു കൂടി കാറും ജീപ്പുമൊക്കെ ഇടകലര്‍ത്തിയ  അര്‍മ്മദയ്ക്ക്  മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ജന്മം നല്‍കുന്നത്. ഒരുപക്ഷേ എസ്‍യുവി, എംയുവി ഗണത്തില്‍ ഒരു ഇന്ത്യന്‍ കമ്പനിയുടെ ആദ്യ ശ്രമമായിരുന്നു അര്‍മ്മദ.

മഹീന്ദ്രയുടെ എല്ലാ ആദ്യകാല വാഹനങ്ങളെയും പോലെ ജീപ്പിന്‍റെ വിവിധ രൂപഭേദങ്ങളിലൊന്നായിരുന്നു അര്‍മ്മദയും. 1950കളില്‍ അമേരിക്കന്‍ മോട്ടോര്‍സ് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച സിജെ - 5 ജീപ്പിന്‍റെ ഇന്ത്യന്‍ വകഭേദങ്ങളായിരുന്നു പില്‍ക്കാലത്തെ എല്ലാ മഹീന്ദ്ര സൃഷ്ടികളും. അങ്ങനെ ആദ്യമുണ്ടാക്കിയത് എംഎം 540 ജീപ്പാണ്. ഈ ജീപ്പില്‍ നിന്നുമാണ് മാര്‍ഷലും ഇക്കണോമിയും പിന്നെ അര്‍മദയുമൊക്കെ പിറക്കുന്നത്.

105.5 ഇഞ്ച് കൂറ്റന്‍ വീല്‍ ബേസില്‍ ഇരുമ്പ് ബോഡി. സെഡാന്‍ അഥവാ സലൂണ്‍ മാതൃകയില്‍ ഇന്‍റീരിയര്‍. മുമ്പോട്ടും പിന്നോട്ടും മടക്കാവുന്ന എട്ട് സീറ്റുകള്‍. അഞ്ച് വാതിലുകള്‍. നാലെണ്ണം വശങ്ങളിലും ഒന്നു പിറകിലും.  മോള്‍ഡ് ചെയ്ത പ്ലാസ്റ്റിക്ക് ഡാഷ്ബോര്‍ഡ്‍സും ഇന്‍സ്ട്രുമെന്‍റ്സ് ക്ലസ്റ്ററും ഉള്‍പ്പടെ ഭേദപ്പെട്ട ഇന്‍റീരിയര്‍ ഡിസൈന്‍.

2.5 ലിറ്റര്‍ കപ്പാസിറ്റിയുള്ള പ്യോഗോട്ട് ഡീസല്‍ എഞ്ചിന്‍. നാല് സ്ട്രോക്കില്‍, നാല് ഗിയറില്‍ ഫോര്‍ വീല്‍ ഡ്രൈവ്. മനോഹരമായ ബോഡി ഗ്രാഫിക്സിനൊപ്പം ചെറിയ ഗ്രില്ലുകളോടു കൂടിയ ബോണറ്റും വീല്‍ ആര്‍ക്കുകളും ബംപറും.

അര്‍മ്മദയെന്നാല്‍ പടക്കപ്പലുകളുടെ കൂട്ടം എന്ന് അര്‍ത്ഥം. ചവിട്ടി വിട്ടാല്‍ മണിക്കൂറില്‍ 120 കിലോമീറ്ററില്‍ പറപറക്കുന്ന മഹീന്ദ്ര അര്‍മ്മദ മധ്യവര്‍ഗ മലയാളികളുടെയും സമ്പന്ന മലയോര കര്‍ഷകരുടെയുമൊക്കെ ഇഷ്ടവാഹനമായിരുന്നു ഒരു കാലത്ത്. മലമുകളിലെ പരുക്കന്‍ റോഡുകളിലും ഹൈവേയിലുമൊക്കെ ഒരേ സമയം നിരവധി അര്‍മ്മദകള്‍ പാഞ്ഞു നടന്നിരുന്നു. അംബാസിഡറുകളും അല്ലറചില്ലറ ആധുനിക കാറുകളും പരുക്കന്‍ സില്‍ 500 എംഡി ജീപ്പുകളുമൊക്കെ റോഡു നിറഞ്ഞിരുന്ന കാലത്ത് റോഡിലെ താരമായിരുന്നു അര്‍മ്മദ.

പവര്‍ സ്റ്റിയറിംഗും പവര്‍ വിന്‍ഡോയും പുതുക്കിയ ഇന്‍റീരിയര്‍ ഫീച്ചറുകളുമൊക്കെയായി പരിഷ്‍കരിച്ച അര്‍മദ ഗ്രാന്‍ഡെയും പിന്നീട് മഹീന്ദ്ര രംഗത്തിറക്കിയിരുന്നു.

എന്നാല്‍ എംയുവി, എസ്‍യുവി ശ്രേണിയില്‍ വാഹനങ്ങളുടെ കുത്തൊഴുക്കു തുടങ്ങിയതോടെ അര്‍മ്മദ അരങ്ങൊഴിഞ്ഞു. അര്‍മ്മദയെ മാറ്റി ബോഡിയിലും സസ്‍പെന്‍ഷിനും ഗിയര്‍ ബോക്‍സിലുമൊക്കെ മാറ്റങ്ങള്‍ വരുത്തി ബൊലേറോയ്ക്ക് രൂപം കൊടുത്തു മഹീന്ദ്ര. ഒരര്‍ത്ഥത്തില്‍ ബൊലേറോയിലൂടെ ഇന്നും റോഡുകളില്‍ ജീവിക്കുന്നു അര്‍മ്മദ.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇറക്കുമതി ചെലവ് ഇടിഞ്ഞു, ക്രൂഡ് ഓയിൽ വിലയിൽ 12ശതമാനം കുറവ്, പക്ഷേ സാധാരണക്കാ‍ർക്ക് ഗുണമൊന്നുമില്ല
സ്വര്‍ണ്ണപ്പണയം മുന്നോട്ട്; വീണ്ടും ഇളവുകള്‍ വരും; വ്യക്തിഗത വായ്പകള്‍ക്ക് ഡിമാന്‍ഡ് കുറയുന്നു!