ഒരു കൈത്താങ്ങ്: ടവർ കമ്പനിയിലെ വൊഡഫോണിന്റെ 4.7 ശതമാനം ഓഹരികൾ എയർടെൽ വാങ്ങുന്നു

By Web TeamFirst Published Mar 26, 2022, 10:41 PM IST
Highlights

കഴിഞ്ഞ മാസം 25 ന് ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഇരു കമ്പനികളും ഒപ്പിട്ടിരുന്നു. ഈ കരാർ പ്രകാരമാണ് ഓഹരി കൈമാറ്റം നടക്കുക

ദില്ലി: ഇന്റസ് ടവേർസിൽ വൊഡഫോൺ ഗ്രൂപ്പിന് ഉണ്ടായിരുന്ന 4.7 ശതമാനം ഓഹരികൾ കൂടി ഭാരതി എയർടെൽ വാങ്ങുന്നു. 2388 കോടിയുടേതാണ് ഇടപാട്. ഓഹരിക്ക് 187.88 രൂപ നിരക്കിലാണ് എയർടെൽ ഓഹരികൾ വാങ്ങുന്നത്.

കഴിഞ്ഞ മാസം 25 ന് ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഇരു കമ്പനികളും ഒപ്പിട്ടിരുന്നു. ഈ കരാർ പ്രകാരമാണ് ഓഹരി കൈമാറ്റം നടക്കുക. യൂറോ പസഫിക് സെക്യൂരിറ്റീസിന്റെ നെറ്റിൽ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് കമ്പനിയും വൊഡഫോൺ ഗ്രൂപ്പ് പിഎൽസിയും ചേർന്ന് ഇന്റസ് ടവേർസിൽ കൈവശം വെച്ചിരുന്ന ഓഹരികളാണ് ബാരതി എയർടെൽ ഏറ്റെടുക്കുന്നത്.

മുൻപ് ഭാരതി ഇൻഫ്രാടെൽ എന്നായിരുന്നു ഇന്റസ് ടവേർസിന്റെ പേര്. രാജ്യത്തെ മൊബൈൽ സേവന ദാതാക്കൾക്ക് മുക്കിലും മൂലയിലും സ്ഥാപിച്ചിരിക്കുന്ന ടവറുകളിലൂടെ മൊബൈൽ കണക്ടിവിറ്റിക്കുള്ള സഹായം ലഭ്യമാക്കുകയായിരുന്നു ഇവർ. രാജ്യത്താകെ 184748 ടവറുകൾ കമ്പനിക്കുണ്ട്. രാജ്യത്തെ 22 ടെലികോം സർക്കിളുകളിലും സാന്നിധ്യമുള്ള ഇന്റസ് ടവേർസ് ഇന്ത്യയിലെ മുൻനിര ടവർ സേവന ദാതാക്കളിൽ ഒന്നാണ്. രാജ്യത്തെ എല്ലാ വയർലെസ് ടെലി കമ്യൂണിക്കേഷൻ സേവന ദാതാക്കൾക്കും ഇവർ സഹായമെത്തിക്കുന്നുണ്ട്.

കടങ്ങൾ ഒന്നൊന്നായി തീർത്ത് എയർടെൽ

കട ബാധ്യതകൾ ഒന്നൊന്നായി വീട്ടി മുന്നോട്ട് പോവുകയാണ് ഭാരതി എയർടെൽ. കേന്ദ്ര സർക്കാരിന് 2015 ലെ സ്പെക്ട്രം ലേലത്തിന്റെ ഭാഗമായി നൽകാനുണ്ടായിരുന്ന 8815 കോടി രൂപ കൂടിയാണ് തിരിച്ചടച്ചത്. 2027 ലും 2028 ലും നൽകേണ്ട ഗഡുക്കളാണ് ഇപ്പോൾ തിരിച്ചടച്ചത്. കഴിഞ്ഞ നാല് മാസത്തിനിടെ എയർടെൽ തങ്ങളുടെ ബാധ്യതകൾ പടിപടിയായി നികത്തുന്നുണ്ടായിരുന്നു. ഈ കാലയളവിൽ സ്പെക്ട്രം കുടിശിക ഇനത്തിൽ മാത്രം 24334 കോടി രൂപ കേന്ദ്രസർക്കാരിന് എയർടെൽ നൽകുകയും ചെയ്തിരുന്നു. ഗഡുക്കളായി അടയ്ക്കേണ്ട തുകയ്ക്ക് 10 ശതമാനം പലിശയും അടക്കേണ്ടതായിരുന്നു. മുൻകൂട്ടി പണം അടച്ചതോടെ പലിശ ഇനത്തിലും കമ്പനിക്ക് നേട്ടമുണ്ടാകും.

സാമ്പത്തികമായ പ്രതിസന്ധി മറികടന്ന് കൂടുതൽ സുരക്ഷിതവും സ്ഥിരതയുള്ളതുമായ നിലയിലേക്ക് മാറാനാണ് ഭാരതി എയർടെലിന്റെ ശ്രമം. മൂലധന ഘടനയിൽ തന്നെ കമ്പനി ഇതിനായുള്ള മാറ്റങ്ങൾ വരുത്തിയിരുന്നു. കുടിശിക നേരത്തെ അടച്ചുതീർക്കുന്നത് എയർടെൽ നിക്ഷേപകർക്കും ആശ്വാസം നൽകുന്ന തീരുമാനമാണ്.

അതേസമയം 5ജി സേവനം സ്പെക്ട്രം ലേലം കഴിഞ്ഞാലുടൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കമ്പനിയുടെ മുന്നോട്ട് പോക്ക്. ഇക്കാര്യം കമ്പനിയുടെ സിടിഒ രൺദീപ് ശെഖാൻ തന്നെ വ്യക്തമാക്കി. 5ജി സേവന രംഗത്ത് റിലയൻസ് ജിയോയെ മറികടന്ന് മുന്നേറാനാണ് കമ്പനിയുടെ ശ്രമം. സ്പെക്ട്രം ലേലം കഴിഞ്ഞാൽ മൂന്ന് മാസത്തിനകം തന്നെ 5ജി സർവീസ് ഇന്ത്യയിലെ തങ്ങളുടെ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 5ജിയുടെ താരിഫുകൾ 4ജിയുടേതിന് തുല്യമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ സേവനം ലഭിച്ചുകഴിഞ്ഞാലേ കൂടുതൽ വ്യക്തത വരികയുള്ളൂ.

click me!