
ലോകത്തിലെ ഏറ്റവും വലിയ കമ്പനികളേതെന്ന് ചോദിച്ചാൽ ആദ്യ 10ൽ ഒഴിച്ചു കൂടാനാവാത്തൊരു പേരാണ് ആമസോൺ എന്നത്. ജെഫ്രി പ്രെസ്റ്റൺ ബെസോസ് അഥവാ ജെഫ് ബെസോസ് ആണ് ആമസോൺ എന്ന ഈ പടുകൂറ്റൻ കമ്പനിക്ക് പിന്നിൽ. ആമസോണിനെക്കുറിച്ച് മലയാളിക്ക് അധികം പരിചയെപ്പെടുത്തേണ്ട കാര്യം പോലുമില്ല. ആഭരണങ്ങൾ മുതൽ പച്ചക്കറികൾ വരെ വാങ്ങാനും പുസ്തകം വാങ്ങാനും വീട്ടിൽ എഐ അസിസ്റ്റന്റായുമൊക്കെ ആമസോൺ നമ്മളോരോരുത്തരിലും ഓരോ രീതിയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. എന്നാൽ തന്റെ ഗാരേജിൽ നിന്ന് ഇന്റർനെറ്റിലൂടെ പുസ്തകങ്ങൾ വിൽക്കുന്ന സ്റ്റോർ ആയിട്ടായിരുന്നു ഇന്ന് കാണുന്ന ആമസോണിലേക്ക് ജെഫ് ബെസോസ് എത്തിയത്. ആ ഗ്യാരേജിൽ നിന്ന് ഇന്ന് കാണുന്ന ആമസോൺ ആയതെങ്ങനെ? നോക്കാം...
ഇ- കൊമേഴ്സ് രംഗത്തോടായിരുന്നു തനിക്ക് താൽപര്യമെന്നും അങ്ങനെയാണ് പുസ്തക വിൽപന ഇതിലേക്ക് കടന്നു വന്നതെന്നുമാണ് ജെഫ് ബെസോസ് പറയുന്നത്. ആമസോൺ ഒരിക്കലും പുസ്തക വിൽപന മാത്രം നടത്തുന്ന ഒരു പ്ലാറ്റ്ഫോമായി ഒതുക്കാൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നില്ല. അതിന്റെ സാധ്യതകൾ പഠിക്കാൻ പുസ്തകങ്ങളെ ഒരു ഉപാധിയാക്കുകയാണ് ചെയ്തതെന്ന് പിന്നീട് ജെഫ് ബെസോസ് പറഞ്ഞിരുന്നു. പിന്നീട് ആമസോൺ ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, ഗ്രോസറി, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങി അനേകം മേഖലകളിലേക്കും വ്യാപിച്ചു. ആദ്യകാലങ്ങളിൽ കമ്പനി തുടർച്ചയായി നഷ്ടം രേഖപ്പെടുത്തിയെങ്കിലും വളർച്ചയ്ക്കായി വൻതോതിൽ നിക്ഷേപം നടത്തി. 1997 ൽ ഓഹരി വിപണിയിൽ എത്തിയ കമ്പനിക്ക് ആദ്യ ലാഭം ലഭിച്ചത് 2003-ലാണ്. 2000 ത്തോടെ ആമസോൺ സ്വന്തം പ്ലാറ്റ്ഫോമിൽ തേർഡ് പാർട്ടി സർവ്വീസുകൾ ആരംഭിച്ചു. ഇതോടെ ചെറിയ വ്യാപാരികൾക്ക് ആമസോണിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ അവസരം ലഭിച്ചു. ഇന്ന് ആമസോണിലെ വിൽപ്പനയിൽ ഏകദേശം 60 ശതമാനവും ഈ തേർഡ് പാർട്ടി സെല്ലർമാരാണ്.
ഇനി ആമസോൺ എന്നത് സാധാരണ ഉപഭോക്താക്കളെ സംബന്ധിച്ച് പ്രധാനമായും ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോം എന്ന നിലയിലാണ് അറിയപ്പെടുന്നത്. എന്നാൽ, മ്പനിയുടെ ഏറ്റവും വലിയ ലാഭം ലഭിക്കുന്നത് അതിന്റെ ക്ലൗഡ് സേവനമായ ആമസോൺ വെബ് സർവീസ് (Amazon Web Services)- (AWS) വഴിയാണ്. ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾക്ക് അവരുടെ കമ്പ്യൂട്ടിംഗ് പവർ, ഡാറ്റ സ്റ്റോറേജ്, ഡെവലപ്പർ ടൂളുകൾ എന്നിവ ഉൾപ്പെടെ 200 ൽ അധികം സേവനങ്ങളാണ് AWS നൽകി വരുന്നത്. 2002-ൽ ആണ് ആമസോൺ ഈ ക്ലൗഡ് സേവനം ആരംഭിച്ചത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ക്ലൗഡ് പ്ലാറ്റ്ഫോങ്ങളിലൊന്നാണ് എ ഡബ്ല്യൂ എസ്. ആമസോണിന്റെ മൊത്തം വരുമാനത്തിന്റെ ചെറിയ ഭാഗം മാത്രമാണ് എ ഡബ്ലൂ എസ് വഴി ലഭിക്കുന്നതെങ്കിലും കമ്പനിയുടെ ഓപ്പറേറ്റിംഗ് ലാഭത്തിന്റെ വലിയ പങ്ക് ഇതിലൂടെയാണ് ലഭിക്കുന്നത്.
ആമസോൺ പ്രൈം
ഇതിന് ശേഷം, 2005-ൽ ആണ് ആദ്യമായി ആമസോൺ പ്രൈം മെമ്പർഷിപ്പ് ആരംഭിക്കുന്നത്. അമേരിക്കക്കുള്ളിൽ 2 ദിവസത്തിനുള്ളിൽ സാധനങ്ങൾ ഡെലിവെറി ചെയ്യുന്ന ഐഡിയ ആയിട്ടാണ് ഇത് തുടങ്ങിയതെങ്കിലും പിന്നീട് ആഗോള തലത്തിലേക്ക് ഇത് വ്യാപിക്കുകയായിരുന്നു. പിന്നീട് ഡെലിവെറി കൂടാതെ സിനിമയടക്കമുള്ള എന്റർടെയിൻമെന്റിനായി പ്രൈം വീഡിയോ, മ്യൂസിക്, ഗെയിമിംഗ് തുടങ്ങിയവയെല്ലാം കൂട്ടിച്ചേർക്കപ്പെട്ടു. ഇവയുടെയെല്ലാം വളർച്ച വളരെ പെട്ടെന്നായിരുന്നു. ഇന്ന് ലോകമെമ്പാടും ഏകദേശം 200 മില്യൺ പ്രൈം അംഗങ്ങളുണ്ടെന്നാണ് കണക്കുകൾ. ഇതിനിടെ 2013 ജൂൺ 15 ന് ആമസോൺ ഇന്ത്യയിലേക്കും എത്തി.
എഐ രംഗത്തേക്ക്
ടെക് ലോകത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മത്സരങ്ങൾ ശക്തമാകുന്നതിനിടെ ആമസൺ ജനറേറ്റീവ് എഐ രംഗത്തേക്കുമെത്തി. 2023-ൽ കമ്പനി ആമസോൺ ബെഡ്റോക്ക് എന്ന പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഡെവലപ്പർമാർക്ക് ജനറേറ്റീവ് എഐ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ഉള്ളടക്കങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഇത്. എഐ സാങ്കേതികവിദ്യ ആമസോണിന് പുതിയതല്ല. 2014-ൽ കമ്പനി പുറത്തിറക്കിയ ആമസോൺ എക്കോ സ്മാർട്ട് ഡിവൈസിനൊപ്പം ശബ്ദം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വെർച്വൽ അസിസ്റ്റന്റായ അലെക്സ അവതരിപ്പിച്ചിരുന്നു. 2020കളുടെ തുടക്കത്തോടെ ലോകമെമ്പാടുമായി 100 മില്യണിലധികം ഉപകരണങ്ങളിൽ അലക്സ ഉപയോഗിച്ചിരുന്നുവെന്നാണ് കണക്ക്.
എന്നാൽ 2022ൽ ചാറ്റ് ജിപിടി വന്നതോടെ ജനറേറ്റീവ് എഐയും എൽഎൽഎമ്മും (LLM) ടെക് ലോകത്തിന്റെ പ്രധാന ചർച്ചയായി മാറി. ഇത് പിന്നാലെ ആമസോൺ എഐ മേഖലയിലുള്ള തങ്ങളുടെ കടന്നുകയറ്റം കൂടുതൽ ശക്തമാക്കാൻ ശ്രമിക്കുകയായിരുന്നു. 2023 സെപ്റ്റംബറിൽ, എഐ സ്റ്റാർട്ടപ്പായ ആന്ത്രോപ്പിക്കിലേക്ക് ആമസോൺ 4 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചു. ജനറേറ്റീവ് എഐ മേഖലയിൽ വലിയ മത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രത്യേകിച്ച് മൈക്രോസോഫ്റ്റിന്റെ ശക്തമായ സാന്നിധ്യത്തെ നേരിടാനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. മൈക്രോസോഫ്റ്റ് ഇതിനുമുമ്പ് ഓപ്പൺ എഐയിലേക്ക് 10 ബില്യൺ ഡോളർ നിക്ഷേപം നടത്തിയിരുന്നു. ഈ സഹകരണങ്ങളുടെയും സാങ്കേതിക വികസനങ്ങളുടെയും ഫലമായാണ് ആമസോൺ ബെഡ്റോക്ക് രൂപം കൊണ്ടത്. ടെക്സ്റ്റ്, ചിത്രങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ തരത്തിലുള്ള ഉള്ളടക്കങ്ങൾ ജനറേറ്റീവ് എഐ ഉപയോഗിച്ച് സൃഷ്ടിക്കാൻ ഡെവലപ്പർമാരെ സഹായിക്കുന്ന പ്രധാന പ്ലാറ്റ്ഫോമായി ഇത് മാറുകയാണ്.
ഭാവിയിലെ വെല്ലുവിളികൾ
ഇ-കൊമേഴ്‌സ്, ക്ലൗഡ്, എഐ തുടങ്ങിയ മേഖലകളിൽ ശക്തമായ വളർച്ച കൈവരിച്ചിട്ടുണ്ടെങ്കിലും വലിയ ടെക് കമ്പനിയായതിനാൽ ആമസോൺ അതിനനുസരിച്ച് കൂടുതൽ സർക്കാർ നിയന്ത്രണങ്ങളും കടുത്ത മത്സരവും നേരിടുന്നുണ്ട്. എങ്കിലും സാങ്കേതിക നവീകരണവും പുതിയ വിപണികളിലേക്കുള്ള വ്യാപനവും ആമസോണിനെ ലോക വ്യാപാര രംഗത്തെ ഏറ്റവും വലിയ ശക്തികളിലൊന്നായി തുടരാൻ ആമസോണിനെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.