
ദില്ലി: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ആഗോള നിക്ഷേപകർ സ്വർണത്തിലേക്ക് ചുവടുമാറ്റുന്നു. ഇതോടെ സ്വർണവില കുതിച്ചുയരുന്നതായാണ് ദില്ലിയിൽ നിന്ന് വരുന്ന വാർത്ത. വിപണിയിൽ സ്വർണ്ണത്തിനും വെള്ളിക്കും റെക്കോർഡ് വില വർദ്ധനവാണ് ദില്ലിയിൽ രേഖപ്പെടുത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ കൂട്ടത്തോടെ സ്വർണ്ണത്തിൽ നിക്ഷേപം വർധിപ്പിച്ചെന്നാണ് വിവരം.
ദില്ലിയിൽ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 10 ഗ്രാമിന് 1.73 ലക്ഷം രൂപ കടന്നു. വെള്ളിയാഴ്ച 1.62 ലക്ഷം രൂപയായിരുന്നു ദില്ലിയിൽ 24 കാരറ്റ് സ്വർണം പത്ത് ഗ്രാമിൻ്റെ വില. സ്വർണ്ണത്തിനൊപ്പം വെള്ളി വിലയിലും വലിയ വർദ്ധനവുണ്ടായി. വെള്ളി കിലോയ്ക്ക് 2.88 ലക്ഷം രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിലുള്ള സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. ഓഹരി വിപണികൾ തകരുമ്പോൾ നിക്ഷേപം സുരക്ഷിതമാക്കാൻ സ്വർണ്ണമാണ് ഏക പോംവഴിയെന്ന് നിക്ഷേപകർ കരുതുന്നു.
ഇതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില ഔൺസിന് 5,300 ഡോളറിന് മുകളിലെത്തി. ഇത് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചു. യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ സ്വർണ്ണ വില 1.80 ലക്ഷം രൂപ വരെയും വെള്ളി വില 3 ലക്ഷം രൂപ വരെയും എത്താൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ദ്ധർ പ്രവചിക്കുന്നു. യുദ്ധ സാഹചര്യത്തിൽ വിതരണ ശൃംഖല തടസ്സപ്പെടുന്നതും രൂപയുടെ മൂല്യത്തകർച്ചയും വില ഇനിയും ഉയരാൻ കാരണമായേക്കാം.