20,000 കോടിയുടെ വമ്പൻ കരാറുമായി അനിൽ അംബാനി; പ്രതിരോധ രംഗത്ത് കുതിക്കാന്‍ റിലയന്‍സ് ഡിഫന്‍സ്

Published : Jul 01, 2025, 04:35 PM IST
Anil Ambani

Synopsis

ഉല്‍പ്പാദനവും കയറ്റുമതിയും വിപുലീകരിക്കുന്നു റിലയന്‍സ് ഡിഫന്‍സിന്റെ വിപുലീകരണങ്ങളുടെ തുടര്‍ച്ചയാണ് ഈ സംയുക്ത സംരംഭം

ന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരാന്‍ തന്ത്രപ്രധാനമായ നീക്കവുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഗ്രൂപ്പിന്റെ ഭാഗമായ റിലയന്‍സ് ഡിഫന്‍സ്. 20,000 കോടി രൂപയുടെ മെയിന്റനന്‍സ്, റിപ്പയര്‍, ഓവര്‍ഹോള്‍ വിപണി ലക്ഷ്യമിട്ട് യുഎസ് ആസ്ഥാനമായുള്ള കോസ്റ്റല്‍ മെക്കാനിക്‌സുമായി റിലയന്‍സ് ഡിഫന്‍സ് കരാറില്‍ ഒപ്പുവച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ മള്‍ട്ടി-മോഡല്‍ ഇന്റര്‍നാഷണല്‍ കാര്‍ഗോ ഹബ് ആന്‍ഡ് എയര്‍പോര്‍ട്ടില്‍ സ്ഥാപിക്കുന്ന ഈ സംയുക്ത സംരംഭം ഇന്ത്യന്‍ വ്യോമസേനയുടെയും കരസേനയുടെയും 200-ലധികം വിമാനങ്ങള്‍ നവീകരിക്കുന്നതിലും പരിപാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. ജാഗ്വാര്‍, മിഗ്-29 യുദ്ധവിമാനങ്ങള്‍, അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകള്‍, എല്‍-70 എയര്‍ ഡിഫന്‍സ് ഗണ്ണുകള്‍ പോലുള്ള സംവിധാനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

'മേക്ക് ഇന്‍ ഇന്ത്യ'ക്ക് ഊന്നല്‍, വിദേശ ആശ്രയത്വം കുറയ്ക്കും 'മേക്ക് ഇന്‍ ഇന്ത്യ', 'ആത്മനിര്‍ഭര്‍ ഭാരത്' നയങ്ങള്‍ക്ക് കരുത്ത് പകരുന്ന ഈ സഹകരണം, വിദേശ കമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ്. കരാര്‍ പ്രകാരം, ഈ സംയുക്ത സംരംഭം 100-ലധികം ജാഗ്വാര്‍ വിമാനങ്ങള്‍, 100 മിഗ്-29 വിമാനങ്ങള്‍, ഇന്ത്യന്‍ ആര്‍മിയുടെ ബോയിംഗ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ എന്നിവയുള്‍പ്പെടെയുള്ളവയ്ക്ക് സമഗ്രമായ അറ്റകുറ്റപ്പണി, നവീകരരണം, പരിപാലനം എന്നിവ ഉറപ്പാക്കും. കരസേനയുടെ പ്രതിരോധ ഉപകരണങ്ങള്‍ക്കും ഇത് ബാധകമാകും. യുഎസ് പ്രതിരോധ വകുപ്പിന്റെ വിതരണക്കാരായ കോസ്റ്റല്‍ മെക്കാനിക്‌സ്, ആയുധ സംവിധാനങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍, റിവേഴ്‌സ് എഞ്ചിനീയറിംഗ് എന്നിവയില്‍ ആഴത്തിലുള്ള സാങ്കേതിക വൈദഗ്ദ്ധ്യം നല്‍കും.

ഉല്‍പ്പാദനവും കയറ്റുമതിയും വിപുലീകരിക്കുന്നു റിലയന്‍സ് ഡിഫന്‍സിന്റെ വിപുലീകരണങ്ങളുടെ തുടര്‍ച്ചയാണ് ഈ സംയുക്ത സംരംഭം. ജൂണ്‍ 25-ന്, ജര്‍മ്മനിയിലെ റൈന്‍മെറ്റല്‍ വാഫെ മ്യൂണിഷനില്‍ നിന്ന് 600 കോടി രൂപയുടെ ഹൈടെക് വെടിമരുന്ന് കയറ്റുമതി ഓര്‍ഡര്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രത്‌നഗിരിയിലെ പുതിയ പ്ലാന്റില്‍ പ്രിസിഷന്‍-ഗൈഡഡ് 155 എംഎം വുള്‍ക്കാനോ ആര്‍ട്ടിലറി വെടിമരുന്ന് നിര്‍മ്മിക്കുന്നതിനായി ജര്‍മ്മനിയിലെ ഡീല്‍ ഡിഫന്‍സുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ആദ്യ മൂന്ന് പ്രതിരോധ കയറ്റുമതിക്കാരില്‍ ഒരു കമ്പനിയാവുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. അനില്‍ അംബാനി ഗ്രൂപ്പിന്റെ പ്രധാന സ്ഥാപനങ്ങളായ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറും റിലയന്‍സ് പവറും ഇപ്പോള്‍ കടരഹിത കമ്പനികളാണ്. ഇരു കമ്പനികളും 33,000 കോടി രൂപ വീതം ആസ്തിയുള്ള സ്ഥാപനങ്ങളാണ്.. ഇവയുടെ സംയുക്ത വിപണി മൂലധനം ഏകദേശം 45,000 കോടി രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഓഹരി വില 117 ശതമാനം ആണ് ഉയര്‍ന്നത്.

PREV
Read more Articles on
click me!

Recommended Stories

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് നേട്ടം; തളർന്ന് രൂപ, കുതിച്ച് ഗൾഫ് കറൻസികളുടെ മൂല്യം
ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ