ട്രംപിനേറ്റ തിരിച്ചടിയില്‍ തകര്‍ന്ന് ഏഷ്യന്‍ ഓഹരി വിപണികള്‍; എഐ ഓഹരികള്‍ക്ക് തകര്‍ച്ച, നികെ സൂചിക 4 ശതമാനത്തിലേറെ താഴേക്ക്

Published : Nov 04, 2026, 04:38 PM IST
Stock Market Down

Synopsis

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് വിജയസാധ്യതയെന്ന സൂചനകൾ ഏഷ്യൻ ഓഹരി വിപണികളിൽ കനത്ത ഇടിവുണ്ടാക്കി. എഐ മേഖലയിൽ നിയന്ത്രണങ്ങൾ ശക്തമാകുമെന്ന ആശങ്കയിൽ ടെക്നോളജി ഓഹരികളിൽ വൻ വിൽപ്പന സമ്മർദമുണ്ടായി. ജപ്പാന്റെ നിക്കെയ് ഉൾപ്പെടെയുള്ള പ്രധാന സൂചികകൾ ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണു.

ഏഷ്യന്‍ ഓഹരി വിപണികളില്‍ കനത്ത ഇടിവ്. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് വിജയ സാധ്യതയെന്ന ആദ്യ സൂചനകള്‍ പുറത്തുവന്നതോടെ ടെക്‌നോളജി ഓഹരികളില്‍ ശക്തമായ വില്‍പ്പന സമ്മര്‍ദമുണ്ടായി. ഇതോടെ ഏഷ്യയിലെ പ്രധാന ഓഹരി സൂചികകള്‍ ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണു. ഡെമോക്രാറ്റുകള്‍ക്ക് മേല്‍ക്കൈ ലഭിച്ചാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ നിയന്ത്രണങ്ങള്‍ ശക്തമാകുമെന്നും, ഇത് ഏഷ്യയിലെ ടെക് അധിഷ്ഠിത വിപണികളിലേക്കുള്ള എഐ നിക്ഷേപത്തിന്റെ വേഗം കുറയ്ക്കുമെന്നുമുള്ള ആശങ്കയാണ് വിപണിയെ ബാധിച്ചത്.

ഏഷ്യന്‍ സൂചികകളില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ജപ്പാന്റെ നിക്കെയ് 225 ആണ്. സൂചിക 4 ശതമാനത്തിലേറെ ഇടിഞ്ഞു. എം എസ് സി ഐ ഏഷ്യ പസഫിക് സൂചിക 2.3 ശതമാനം വരെ ഇടിഞ്ഞു. ടെക്‌നോളജി മേഖലയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ദക്ഷിണ കൊറിയയുടെ കോസ്പി 4 ശതമാനം ഇടിഞ്ഞു. തായ്വാനിലും ജപ്പാനിലും ഓഹരികള്‍ താഴ്ന്നു.

യുഎസ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ക്ക് കൂടുതല്‍ നിയന്ത്രണം ലഭിച്ചാല്‍, പ്രത്യേകിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികള്‍ക്ക് മേല്‍ കര്‍ശനമായ പരിശോധനയും നിയന്ത്രണങ്ങളും വരുമെന്നാണ് നിക്ഷേപകരുടെ വിലയിരുത്തല്‍. എഐ കമ്പനികളിലേക്ക് ഒഴുകുന്ന കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപത്തിന് മതിയായ വരുമാനം ലഭിക്കുമോ എന്ന ആശങ്ക ഏഷ്യന്‍ വിപണികളില്‍ നേരത്തെ തന്നെയുണ്ട്.

പുതിയ രാഷ്ട്രീയ സാഹചര്യം ഈ ആശങ്ക കൂടുതല്‍ ശക്തമാക്കി. ജപ്പാനില്‍ സെമികണ്ടക്ടര്‍ മേഖലയുമായി ബന്ധപ്പെട്ട ഓഹരികള്‍ക്ക് വലിയ തിരിച്ചടി നേരിട്ടു. കിയോക്‌സിയ ഹോള്‍ഡിങ്‌സ് കോര്‍പ്പറേഷന്റെ ഓഹരി 11 ശതമാനത്തിലേറെയും അഡ്വാന്‍ടെസ്റ്റ് കോര്‍പ്പറേഷന്‍ ഏകദേശം 8 ശതമാനവും ഇടിഞ്ഞു. ടോക്യോ ഇലക്ട്രോണിന്റെ ഓഹരി ഏകദേശം 6 ശതമാനം താഴ്ന്നു.

അതേസമയം, തിരഞ്ഞെടുപ്പ് ഫലത്തില്‍ നേട്ടമുണ്ടാക്കിയ മേഖലകളും ഉണ്ടായിരുന്നു. ഡെമോക്രാറ്റുകള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുന്നത് പുനരുപയോഗ ഊര്‍ജ നയങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ ദക്ഷിണ കൊറിയയിലെ സോളാര്‍ കമ്പനികളുടെ ഓഹരികള്‍ ഉയര്‍ന്നു.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയില്‍ റെക്കോര്‍ഡ് വരുമാനവുമായി ആപ്പിള്‍; ഐഫോണ്‍ 17 വില്‍പനയില്‍ മുന്നില്‍
ഓഹരി വിപണിയില്‍ ദീപാവലി; നിക്ഷേപകര്‍ക്ക് ലഭിച്ചത് 5.9 ലക്ഷം കോടി, നേട്ടത്തിന് പിന്നിലെന്ത്?