ജൂലൈ 24 ന് ശേഷം ഇതാദ്യം! 100 ഡോളറും കടന്ന് എണ്ണവില; പശ്ചിമേഷ്യൻ യുദ്ധക്കനലിൽ പൊള്ളി ആഗോള വിപണി

Published : Sep 09, 2026, 03:01 PM IST
Crude oil

Synopsis

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളെ തുടർന്ന് ബ്രെൻ്റ് ക്രൂഡ് വില ബാരലിന് 100 ഡോളർ കടന്നു. ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണങ്ങളും ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം കുറഞ്ഞതും വിതരണം തടസ്സപ്പെടുമെന്ന ഭീതി വർധിപ്പിച്ചു.

പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ ശക്തമായതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ജൂലൈ 24-ന് ശേഷം ആദ്യമായി ബ്രെൻ്റ് ക്രൂഡ് (Brent Crude) നിരക്ക് ബാരലിന് 100 ഡോളർ പിന്നിട്ടു. ബുധനാഴ്ച വ്യാപാരത്തിനിടെ ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 2.2 ശതമാനം വർധിച്ച് ബാരലിന് 100.07 ഡോളറിലെത്തി. ഉച്ചയ്ക്ക് 1:31-ലെ കണക്കനുസരിച്ച് 1.68 ഡോളർ (1.72%) ഉയർന്ന് 99.60 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഓയിൽ 1.12 ഡോളർ (1.20%) വർധിച്ച് 94.15 ഡോളറിലെത്തി.

ഓഗസ്റ്റ് ആദ്യ വാരം മുതൽ ക്രൂഡ് ഓയിൽ വിലയിൽ 25 ശതമാനത്തോളം വർധനവാണുണ്ടായിരുന്നത്. ദീർഘകാലമായി തുടരുന്ന യുഎസ്- ഇറാൻ സംഘർഷം വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ സൗദി അറേബ്യയിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ നടത്തിയ പുതിയ ആക്രമണങ്ങളിൽ ചില എണ്ണ സംഭരണശാലകളിൽ തീപിടുത്തമുണ്ടായി. ഇത് ചെങ്കടൽ വഴിയുള്ള എണ്ണക്കടത്തിനെ ബാധിക്കുമെന്ന ഭീതി ഉയർത്തിയിട്ടുണ്ടെന്നതും വില വ‍‍ർ‍ധനവിന് കാരണമായി.

ഫെബ്രുവരി 28-ന് ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം ഗണ്യമായി കുറഞ്ഞിരുന്നു. ഓഗസ്റ്റ് 30-ന് മുമ്പ് പ്രതിദിനം 80 മുതൽ 90 ലക്ഷം വരെ ബാരൽ ക്രൂഡ് ഓയിൽ നീങ്ങിയിരുന്ന സ്ഥാനത്ത്, നിലവിൽ അത് 20 ലക്ഷം ബാരലിൽ താഴെയായി ചുരുങ്ങി. വരും ദിവസങ്ങളിലും എണ്ണ വിതരണം തടസപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ ഗോൾഡ്മാൻ സാക്സ്, ബാങ്ക് ഓഫ് അമേരിക്ക, എച്ച്എസ്ബിസി തുടങ്ങിയ മുൻനിര ബാങ്കുകൾ ക്രൂഡ് ഓയിൽ വില പ്രവചനങ്ങൾ ഉയർത്തിയിട്ടുണ്ട്.

അമേരിക്ക, കാനഡ, ഗയാന തുടങ്ങിയ ഒപെക് ഇതര രാജ്യങ്ങൾ ഉൽപ്പാദനം കൂട്ടിയെങ്കിലും, ഈ വർഷം ആഗോള എണ്ണ വിതരണത്തിൽ പ്രതിദിനം 43 ലക്ഷം ബാരലിന്റെ (ഏകദേശം 4%) കുറവുണ്ടാകുമെന്ന് ഇൻ്റർനാഷണൽ എനർജി ഏജൻസി (IEA) മുന്നറിയിപ്പ് നൽകുന്നു.

PREV
Read more Articles on
click me!

Recommended Stories

മാരുതി കാറുകൾക്ക് വീണ്ടും വിലകൂടുന്നു; മേയ് മാസത്തിന് ശേഷം വില വർധിക്കുന്നത് മൂന്നാം തവണ
ഇനി വാഴവെച്ചാൽ പോക്കറ്റ് നിറയ്ക്കാം! വമ്പൻ പ്രഖ്യാപനവുമായി കേന്ദ്രം, വിദേശ നിക്ഷേപം; നിയമങ്ങളില്‍ ഇളവ് വരുത്തും