
ദില്ലി: തെരഞ്ഞെടുത്ത വാഹന മോഡലുകളുടെ വില വർധിപ്പിക്കാനൊരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസൂക്കി. നിർമ്മാണച്ചെലവും പണപ്പെരുപ്പവും ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സെപ്റ്റംബർ മുതൽ തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് 20,000 രൂപ വരെ വില വർധിക്കുമെന്ന് കമ്പനി അറിയിച്ചു. മേയ് മാസത്തിന് ശേഷം ഇത് മൂന്നാം തവണയാണ് മാരുതി വാഹനങ്ങളുടെ വില കൂട്ടുന്നത്. രാജ്യക്ക് ഉത്സവ സീസൺ വരാനിരിക്കെ ഈ വിലവർധനവ് കാർ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും.
മുൻപ് ജൂണിലും ഓഗസ്റ്റിലും വരുത്തിയ വിലവർധനവ് എല്ലാ മോഡലുകൾക്കും ബാധകമായിരുന്നെങ്കിൽ, ഇത്തവണ ചില പ്രത്യേക മോഡലുകൾക്ക് മാത്രമായിരിക്കും തുക വർധിക്കുക. നിർമ്മാണച്ചെലവ് ചൂണ്ടിക്കാട്ടി ജൂണിൽ 30,000 രൂപ വരെയും ഓഗസ്റ്റിൽ എല്ലാ പാസഞ്ചർ വാഹനങ്ങൾക്കും വീണ്ടും തുക വർധിപ്പിക്കുകയും ചെയ്തിരുന്നു.
അസംസ്കൃത വസ്തുക്കളുടെ അമിതവില, പണപ്പെരുപ്പം, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കാരണം ആഗോള തലത്തിലുണ്ടായ ഗതാഗത- ഇന്ധന ചെലവുകൾ എന്നിവയാണ് കാറുകളുടെ വില ഉയർത്താൻ കമ്പനിയെ നിർബന്ധിതമാക്കിയത്. നിർമ്മാണച്ചെലവിലെ വർധനവ് പരമാവധി വഹിക്കാൻ ശ്രമിച്ചെങ്കിലും സാമ്പത്തിക ഭാരം പൂർണമായി താങ്ങാൻ കഴിയാത്തതിനാലാണ് ഒരു പങ്ക് ഉപഭോക്താക്കളിലേക്ക് കൈമാറുന്നതെന്ന് കമ്പനി പറയുന്നു.
മാരുതിക്ക് പുറമെ ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര, ഹ്യുണ്ടായ് തുടങ്ങിയ പ്രമുഖ കമ്പനികളും ഉയർന്ന ചെലവുകൾ കാരണം അടുത്തിടെ വാഹനങ്ങളുടെ വില വർധിപ്പിച്ചിരുന്നു. പുതിയ നിരക്കുകൾ ഏതൊക്കെ മോഡലുകളെയാണ് ബാധിക്കുകയെന്ന കൃത്യമായ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.