വിപണിയിൽ സ്റ്റാറായി ബർഗർ കിംഗ് ഇന്ത്യ: ഐപിഒയ്ക്ക് ലഭിച്ചത് വൻ പിന്തുണ; ഡിസംബർ 14 ന് ലിസ്റ്റ് ചെയ്തേക്കും

By Web TeamFirst Published Dec 5, 2020, 9:35 PM IST
Highlights

ബർഗർ കിംഗ് ഐ പി ഒയുടെ ഓഹരികൾക്കായി 1,100 കോടി ബിഡ്ഡുകൾ ലഭിച്ചു. 

ദില്ലി: ഐപിഒയിൽ സ്റ്റാറായി ബർഗർ കിംഗ് ഇന്ത്യ. ബർഗർ കിംഗ് ഇന്ത്യയുടെ ഓഹരികൾക്ക് വലിയ ഡിമാൻഡായിരുന്നു വിപണിയിൽ ലഭിച്ചത്. വെള്ളിയാഴ്ച അവസാനിച്ച പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) വഴിയുള്ള മൂന്ന് ദിവസത്തെ ഓഹരി വിൽപ്പന 156.65 തവണ സബ്സ്ക്രൈബ് ചെയ്തു.  

ബർഗർ കിംഗ് ഐ പി ഒയുടെ ഓഹരികൾക്കായി 1,100 കോടി ബിഡ്ഡുകൾ ലഭിച്ചു. ഓഫറിലെ 7.45 കോടി ഷെയറുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് മികച്ച മുന്നേറ്റമാണ്. ബർഗർ കിംഗിന്റെ 810 കോടി പ്രാരംഭ പബ്ലിക് ഓഫറിന് റീട്ടെയിൽ നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഷെയറുകൾ ഒരു ഓഹരിക്ക് 59-60 രൂപ വരെ വില ബാൻഡിൽ വിൽപ്പന നടന്നു. കമ്പനി ഡിസംബർ 14 ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റുചെയ്യാനാണ് സാധ്യത.

ആദ്യ ദിവസം തന്നെ ഐപിഒ ഓവർ സബ്സ്ക്രിബ്ഷൻ ലഭിച്ചു (മൂന്ന് തവണയിൽ കൂടുതൽ), ബിഡ്ഡിംഗിന്റെ ആദ്യ ദിവസം തന്നെ മുഴുവൻ ഓഹരികളും വിറ്റുപോകുന്ന ഈ വർഷത്തെ ആറാമത്തെ ഐപിഒ ആയി ഇത് മാറി. ഹാപ്പിയസ്റ്റ് മൈൻഡ്സ് ടെക്നോളജീസ്, റൂട്ട് മൊബൈൽ, ചെംകോൺ സ്പെഷ്യാലിറ്റി കെമിക്കൽസ്, മസഗൺ ഡോക്ക്, ലിഖിത ഇൻഫ്രാസ്ട്രക്ചർ എന്നിവയാണ് ഈ നേട്ടം കൈവരിച്ച മറ്റ് ഐപിഒകൾ. 

click me!