ഫ്ലിപ്പ്കാർട്ട് വിദേശ ഐപിഒയ്ക്ക് ! ഇന്ത്യൻ വിപണിയിൽ ആമസോൺ-ഫ്ലിപ്പ്കാർട്ട്-റിലയൻസ് പോരാട്ടം രൂക്ഷമാകും

By Web TeamFirst Published Sep 17, 2020, 3:31 PM IST
Highlights

ആമസോണിന്റെ ഇന്ത്യന്‍ യൂണിറ്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവരാണ് ഫ്ലിപ്പ്കാർട്ടിന്റെ എതിരാളികള്‍.

വാള്‍മാര്‍ട്ട് ഉടമസ്ഥതതയിലുളള ഫ്ലിപ്പ്കാര്‍ട്ട് വിദേശ വിപണികളിൽ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) പദ്ധതിയിടുന്നു. അടുത്ത വര്‍ഷം ഐപിഒ നടത്താനാണ് കമ്പനിയുടെ ആലോചന. 50 ബില്യണ്‍ ഡോളറിന്റെ ഐപിഒയ്ക്കാണ് കമ്പനി പദ്ധതിയിടുന്നത്. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇന്ത്യയിലെ ഇ- കൊമേഴ്‌സ് രംഗത്ത് വളര്‍ന്നുവരുന്ന മത്സരത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ വികസന പദ്ധതികള്‍ക്കായുളള ധനസമാഹരണം ലക്ഷ്യമിട്ടാണ് ഫ്ലിപ്പ്കാര്‍ട്ട് ഐപിഒയ്ക്ക് തയ്യാറെടുക്കുന്നത്. ആമസോണിന്റെ ഇന്ത്യന്‍ യൂണിറ്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവരാണ് ഫ്ലിപ്പ്കാർട്ടിന്റെ എതിരാളികള്‍. പ്രാരംഭ പബ്ലിക് ഓഫറിനായി സിംഗപ്പൂർ, യുഎസ് തുടങ്ങിയ വിപണികൾ ഫ്ലിപ്കാർട്ട് തിരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

വാൾമാർട്ട് ആസ്ഥാനമായ അമേരിക്കയിൽ ലിസ്റ്റുചെയ്യുന്നത്, ഫ്ലിപ്പ്കാർട്ടിന് ആഴത്തിലുള്ള ഫണ്ടുകളിലേക്ക് പ്രവേശനം നൽകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചന നൽകുന്നു. എന്നാൽ, ഇത് സംബന്ധിച്ച റോയിട്ടേഴ്സിന്റെ ചോദ്യങ്ങളോട് ഫ്ലിപ്കാർട്ടും വാൾമാർട്ടും പ്രതികരിച്ചിട്ടില്ല.

സർക്കാരിന്റെ പുതിയ ച‌ട്ടങ്ങൾ വരുന്നു

ആഭ്യന്തര കമ്പനികൾക്ക് വിദേശത്ത് നേരിട്ട് പട്ടികപ്പെടുത്താൻ വഴിയൊരുക്കുന്ന പുതിയ ചട്ടങ്ങൾ സർക്കാർ തയ്യാറാക്കുന്നതിനിടെയാണ് ഫ്ലിപ്പ്കാർട്ടിന്റെ വിദേശ ലിസ്റ്റിങ് സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത്. "ഇപ്പോൾ, ഐപിഒ ലക്ഷ്യം 2021 ന്റെ അവസാനത്തിലോ 2022 ന്റെ തുടക്കത്തിലോ കണക്കാക്കപ്പെടുന്നു. പക്ഷേ, നിലവിലെ പ്രതിസന്ധി കാര്യങ്ങൾ അൽപം മങ്ങലുണ്ട്,"  രണ്ട് ഉറവിടങ്ങൾ പ്രതികരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 

2018 ൽ 16 ബില്യൺ ഡോളറിന് വാൾമാർട്ട് ഫ്ലിപ്കാർട്ടിൽ ഏകദേശം 77 ശതമാനം ഓഹരി സ്വന്തമാക്കി. ഈ കരാർ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നേരിട്ടുള്ള നിക്ഷേപമായി തുടരുന്നു. ഇത് ഫ്ലിപ്കാർട്ടിന്റെ സ്ഥാപകരായ സച്ചിൻ ബൻസലിനെയും ബിന്നി ബൻസലിനെയും രാജ്യത്തെ ശതകോടീശ്വരന്മാരാക്കി മാറ്റുകയും ചെയ്തു, അക്കാലത്തെ ഏറ്റവും വിജയകരമായ സ്റ്റാർട്ടപ്പ് എന്ന നിലയിൽ ഫ്ലിപ്കാർട്ട് രാജ്യത്തിന് ആകെ മാതൃകയായി.

എതിരാളിയായ ആമസോണിനെപ്പോലെ, ഫ്ലിപ്കാർട്ട് പുസ്തകങ്ങളുടെ ഇ-കൊമേഴ്സ് വിൽപ്പന ആരംഭിച്ചുവെങ്കിലും സ്മാർട്ട് ഫോണുകൾ, വസ്ത്രങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ വിൽക്കുന്നതിൽ അതിവേഗം വൈവിധ്യവത്കരിച്ചു സ്വന്തം വിപണി വിഹിതം വലുതാക്കി. ഇപ്പോൾ മിക്ക വിഭാഗങ്ങളിലും ആമസോണുമായി കടുത്ത മത്സരത്തിലാണ് ഫ്ലിപ്പ്കാർ‌ട്ട്. കൂടുതൽ ഇന്ത്യക്കാർ ഓൺലൈൻ ഷോപ്പിംഗിലേക്ക് മാറുന്നതിനാൽ 2024 ഓടെ ഇന്ത്യയുടെ ഇ-കൊമേഴ് സ് മേഖലയുടെ മൂല്യം 99 ബില്യൺ ഡോളറാകുമെന്നാണ് ഗോൾഡ്മാൻ സാച്ച്സ് പറയുന്നത്. 

അംബാനിയുടെ മനസ്സ് !

വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഇ -കൊമേഴ്സ് വിപണി ആഗോള ഭീമൻമാരായ വാൾമാർട്ട്, ആമസോൺ എന്നിവരെ മാത്രമല്ല, ഇന്ത്യയിലെ ഓയിൽ-ടു-ടെലികോം കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിനെയും ആകർഷിച്ചിരിക്കുകയാണ്. വൻ പദ്ധതികളാണ് ഇന്ത്യൻ ഇ- കൊമേഴ്സ് വിപണിയെ ലക്ഷ്യമിട്ട് അംബാനിയുടെ മനസ്സിലുളളത്. 

മുംബൈ ആസ്ഥാനമായുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഈ വർഷം ഓൺലൈൻ ​ഗ്രോസറി കമ്പനിയായ ജിയോമാർട്ട് ആരംഭിച്ചു. മുകേഷ് അംബാനി ജൂലൈയിൽ ഓഹരി ഉടമകളോട് കമ്പനി ഇലക്ട്രോണിക്സ്, ഫാഷൻ ഉൽപ്പന്ന നിരയിലേക്ക് സേവനം വ്യാപിപ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തു. 


 

click me!