വലിയ സാമ്പത്തിക തീരുമാനങ്ങളെടുത്തു തുടങ്ങി ജെൻ സികളും; ഓഹരി വിപണി നിക്ഷേപങ്ങളിൽ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

Published : Mar 13, 2026, 12:50 PM IST
gen z

Synopsis

ഓഹരി വിപണിയിൽ ആദ്യമായി നിക്ഷേപം നടത്തുന്ന ജെൻ സികൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? നിക്ഷേപം തുടങ്ങുന്നതിന് മുൻപ് എമർജൻസി ഫണ്ട്, കടബാധ്യതകൾ തീർക്കൽ, ബജറ്റ് തയ്യാറാക്കൽ തുടങ്ങിയ മുന്നൊരുക്കങ്ങൾ എന്തൊക്കെ?

പ്രായം 30 നോട് അടുത്ത് വരികയാണ് ജെൻ സികൾക്ക്. പലരും ആദ്യ ജോലിയിലൊക്കെ പ്രവേശിച്ച് പതിയെപ്പതിയെ വലിയ സാമ്പത്തിക തീരുമാനങ്ങൾ വരെ എടുക്കാനുള്ള സന്നദ്ധതയിലുമാണ്. ഓഹരി വിപണിയിൽ നിക്ഷേപം നടത്താനൊരുങ്ങുന്ന ഒരുപാട് പേരും ഇക്കൂട്ടത്തിലുണ്ട്. ഓഹരി വിപണിയിൽ ആദ്യമായി നിക്ഷേപം നടത്തുന്നത് ഒരു വലിയ സാമ്പത്തിക തീരുമാനമാണ്. എന്നാൽ തയ്യാറെടുപ്പില്ലാതെ വിപണിയിൽ തീരുമാനങ്ങൾ എടുക്കുന്നത് അപകടസാധ്യത വർധിപ്പിച്ചേക്കും. നിക്ഷേപത്തിന് മുൻപ് ചില അടിസ്ഥാന സാമ്പത്തിക കാര്യങ്ങൾ പരിശോധിക്കുകയും വിപണി എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കുകയും ചെയ്യണം. ആദ്യമായി ഓഹരി വാങ്ങുന്നതിന് മുൻപ് ശ്രദ്ധിച്ചിരിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങൾ നോക്കാം.

1. എമ‍ർജൻസി ഫണ്ട്

അപ്രതീക്ഷിത ചിലവുകൾ ഏത് സമയത്തും ഉണ്ടാകാം. അതിനാൽ കുറഞ്ഞത് മൂന്ന് മുതൽ ആറു മാസത്തെ അനിവാര്യ ചെലവുകൾക്ക് വേണ്ടി വന്നേക്കാവുന്ന ഒരു എമ‍‍ർജൻസി ഫണ്ട് സേവ് ചെയ്തിരിക്കണം. ഇത് നിക്ഷേപം ഇടയ്ക്ക് പിൻവലിക്കേണ്ട സാഹചര്യം ഒഴിവാക്കാൻ സഹായിക്കും.

2. ബാധ്യതകൾ

ക്രെഡിറ്റ് കാർഡ് കുടിശ്ശിക, വ്യക്തിഗത വായ്പകൾ പോലുള്ള ഉയർന്ന പലിശയുള്ള കടങ്ങൾ ദീർഘകാല സാമ്പത്തിക നിലയെ ബാധിക്കും. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിന് മുൻപ് ഇത്തരം കടങ്ങൾ കുറയ്ക്കുകയോ തീർപ്പാക്കുകയോ ചെയ്യുന്നത് നല്ലതാണ്.

3. നിക്ഷേപ ബജറ്റ് നിശ്ചയിക്കുക

ദൈനംദിന ചെലവുകളെയും എമർജൻസി ഫണ്ടിനെയും ബാധിക്കാതെ എത്ര തുക നിക്ഷേപിക്കാൻ കഴിയും എന്ന് മുൻകൂട്ടി തീരുമാനിക്കണം. ഓഹരി നിക്ഷേപം ദീർഘകാലം മുന്നോട്ട് പോകേണ്ട ഒന്നാണ്. അതുകൊണ്ട് ഇതിനു വേണ്ടി പിന്നീട് സാമ്പത്തിക ഞെരുക്കത്തിൽ ആകാതിരിക്കാനും ശ്രദ്ധിക്കണം.

4. നിക്ഷേപിക്കുന്ന കമ്പനിയെ അറിയുക

ഓഹരി വാങ്ങുന്നതിന് മുമ്പ് ആ കമ്പനിയുടെ ബിസിനസ് മോഡൽ, സാമ്പത്തിക സ്ഥിതി, വളർച്ചാ സാധ്യതകൾ എന്നിവയെക്കുറിച്ച് പഠിക്കുക. കാര്യങ്ങൾ പഠിച്ച്, കൃത്യമായ തീരുമാനമെടുക്കുന്നത് അപകടസാധ്യത കുറയ്ക്കും.

5. നിക്ഷേപ രീതി തീരുമാനിക്കുക

നിക്ഷപം നടത്തുന്നതിന് സ്വയം ഓഹരികൾ തിരഞ്ഞെടുക്കുകയോ അല്ലെങ്കിൽ സാമ്പത്തിക ഉപദേഷ്ടാക്കളുടെ സഹായം തേടുകയോ ചെയ്യാം. ഉറപ്പുള്ള ലാഭം എന്നൊക്കെ പറഞ്ഞ് നടക്കുന്ന അനാവശ്യ ക്യാംപെയ്നുകളിൽ വിശ്വസിക്കുന്നതിന് മുൻപ് ജാഗ്രത വേണം.

6. ഡിമാറ്റ്, ട്രേഡിംഗ് അക്കൗണ്ട്

ഇന്ത്യയിൽ ഓഹരികൾ ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിക്കാൻ ഡിമാറ്റ് അക്കൗണ്ട് ആവശ്യമാണ്. ഓഹരി വിപണിയിൽ ഇടപാടുകൾ നടത്താൻ ട്രേഡിംഗ് അക്കൗണ്ടും വേണം.

7. ചെറിയ തുകയിൽ തുടങ്ങുക, വൈവിധ്യം പാലിക്കുക

ആരംഭത്തിൽ ചെറിയ തുകയിലൂടെ നിക്ഷേപം ആരംഭിക്കുക. വിവിധ കമ്പനികളിലോ മേഖലകളിലോ നിക്ഷേപത്തിൽ വൈവിധ്യം കൊണ്ടുവരുന്നത് അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.

8. കമ്പനികൾ തെരഞ്ഞെടുക്കുമ്പോൾ..

നിങ്ങൾക്ക് പരിചിതമായ വ്യവസായങ്ങളിലെ കമ്പനികളെ തിരഞ്ഞെടുക്കുന്നത് അവയുടെ പ്രകടനം പിന്തുടരാനും വിവരങ്ങൾ മനസിലാക്കാനും എളുപ്പത്തിൽ നിങ്ങളെ സഹായിക്കും.

9. ഇടയ്ക്കിടെ മാത്രം വിലയിരുത്തുക

ഓഹരി വിലകൾ ദിവസേന മാറുന്നതാണ്. അതിനാൽ ദിവസവും പരിശോധിക്കുന്നതിനുപകരം നിശ്ചിത ഇടവേളകളിൽ നിക്ഷേപങ്ങൾ റിവ്യൂ നല്ലത്. കുറച്ച് കാലത്തെ അനുഭവങ്ങളിലൂടെ ട്രെന്റിന് അനുസരിച്ച് നിക്ഷേപങ്ങളെ കൈകാര്യം ചെയ്യാൻ നിങ്ങൾ പ്രാപ്തരാകും.

10. നിക്ഷേപം ക്രമേണ വർധിപ്പിക്കുക

വിപണിയെക്കുറിച്ചുള്ള അറിവും അനുഭവവും വർധിക്കുമ്പോൾ ഓഹരി നിക്ഷേപം പതുക്കെ കൂട്ടുന്നത് പരിഗണിക്കാം. നേരത്തെ പറഞ്ഞത് പോലെ ആദ്യം വലിയ സ്റ്റോക്കുകളിൽ നിക്ഷേപിക്കാതെ, പതിയെപ്പതിയെ കൂട്ടിക്കൊണ്ടു വരുന്നതാണ് നല്ലത്.

ഓഹരി നിക്ഷേപം ഒരു ദീർഘകാല യാത്രയാണ്. ശരിയായ തയ്യാറെടുപ്പ്, നിയന്ത്രണം, മികച്ച തീരുമാനങ്ങൾ എന്നിവയോടെ മുന്നോട്ടുപോകുമ്പോൾ നല്ല ലാഭവും നിക്ഷേപകർക്ക് ലഭിക്കും.

PREV
Read more Articles on
click me!

Recommended Stories

ചാഞ്ചാട്ടം തുടർന്ന് ഓഹരി വിപണി; ഇപ്പോൾ ബോണ്ട് നിക്ഷേപിക്കുന്നത് നല്ല തീരുമാനമാണോ? നേട്ടമെന്ത്?
വിപണിയില്‍ തിളക്കമറ്റ തിങ്കള്‍: എങ്ങും നിരാശ! നിക്ഷേപകര്‍ക്ക് ഒറ്റയടിക്ക് നഷ്ടമായത് 13 ലക്ഷം കോടി രൂപ,