ചാഞ്ചാട്ടം തുടർന്ന് ഓഹരി വിപണി; ഇപ്പോൾ ബോണ്ട് നിക്ഷേപിക്കുന്നത് നല്ല തീരുമാനമാണോ? നേട്ടമെന്ത്?

Published : Mar 10, 2026, 06:56 PM IST
Stock market

Synopsis

പശ്ചിമേഷ്യൻ സംഘർഷം മൂലം ഓഹരി വിപണി കനത്ത ഇടിവ് നേരിടുമ്പോൾ, ബോണ്ടുകൾ ഒരു സുരക്ഷിത നിക്ഷേപ മാർഗ്ഗമായി മാറുകയാണ്. വിപണിയിലെ അസ്ഥിരതയിലും സ്ഥിരമായ വരുമാനം ഉറപ്പാക്കാൻ ബോണ്ടുകൾ സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

പശ്ചിമേഷ്യയില്‍ യുദ്ധമേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍ ലോകമെമ്പാടുമുള്ള ഓഹരി വിപണികള്‍ കടുത്ത ആശങ്കയിലാണ്. ഇസ്രായേല്‍ - ഇറാന്‍ സംഘര്‍ഷം മുറുകുന്നതോടെ ഇന്ത്യന്‍ വിപണിയിലടക്കം വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. വിതരണ തടസമുണ്ടാകുമെന്ന ഭീതിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 115 ഡോളറിന് മുകളിലേക്ക് കുതിച്ചുയര്‍ന്നു. ഓഹരി വിപണിയിലെ ഈ ചാഞ്ചാട്ടത്തില്‍ വിയര്‍ക്കുന്ന നിക്ഷേപകര്‍ക്ക് മുന്നില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് 'ബോണ്ടുകള്‍' ആണ്. വിപണി തകിടം മറിയുമ്പോഴും സുരക്ഷിതമായ വരുമാനം ഉറപ്പാക്കാന്‍ ബോണ്ടുകള്‍ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം.

എന്താണ് ബോണ്ട്?

ലളിതമായി പറഞ്ഞാല്‍, സര്‍ക്കാരിനോ വന്‍കിട കമ്പനികള്‍ക്കോ പണം കടമായി നല്‍കുന്ന രീതിയാണിത്. നിങ്ങള്‍ ഒരു ബോണ്ടില്‍ നിക്ഷേപിക്കുമ്പോള്‍, ഒരു നിശ്ചിത കാലത്തേക്ക് നിങ്ങള്‍ ആ സ്ഥാപനത്തിന് പണം നല്‍കുന്നു. പകരം അവര്‍ നിങ്ങള്‍ക്ക് കൃത്യമായ ഇടവേളകളില്‍ പലിശ നല്‍കുകയും കാലാവധി കഴിയുമ്പോള്‍ നിങ്ങളുടെ അസ്സല്‍ തുക തിരികെ നല്‍കുകയും ചെയ്യും. ഓഹരി വിപണിയെ അപേക്ഷിച്ച് ഇതില്‍ റിസ്‌ക് കുറവാണെന്നതാണ് പ്രധാന ആകര്‍ഷണം.

ഇപ്പോള്‍ ബോണ്ടുകളില്‍ നിക്ഷേപിക്കേണ്ടതുണ്ടോ?

വിപണി അസ്ഥിരമായിരിക്കുമ്പോള്‍ നിക്ഷേപത്തില്‍ ഒരു സന്തുലിതാവസ്ഥ കൊണ്ടുവരാന്‍ ബോണ്ടുകള്‍ നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു.

സുരക്ഷിതമായ വരുമാനം: ഓഹരികള്‍ കൂപ്പുകുത്തുമ്പോഴും ബോണ്ടുകള്‍ സ്ഥിരമായ ആദായം നല്‍കുന്നു.

വിദഗ്ധ അഭിപ്രായം: അടുത്ത 2 മുതല്‍ 3 വര്‍ഷം വരെ കാലാവധിയുള്ള, മികച്ച റേറ്റിംഗുള്ള ബോണ്ടുകളില്‍ നിക്ഷേപിക്കുന്നത് ലാഭകരമാണെന്ന് എഡല്‍വീസ് മ്യൂച്വല്‍ ഫണ്ട് സി.ഐ.ഒ ധവാല്‍ ദലാല്‍ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 7% മുതല്‍ 7.15% വരെ ആദായം ഇതില്‍ പ്രതീക്ഷിക്കാം.

കൈവശമുള്ള പണം വിനിയോഗിക്കാം: വെറുതെ ബാങ്ക് അക്കൗണ്ടില്‍ കിടക്കുന്ന പണം ഇത്തരം ബോണ്ടുകളിലേക്ക് മാറ്റുന്നത് വിപണിയിലെ അനിശ്ചിതത്വത്തെ മറികടക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

സര്‍ക്കാര്‍ ബോണ്ടോ കോര്‍പ്പറേറ്റ് ബോണ്ടോ?

രണ്ടിനും അതിന്റേതായ ഗുണങ്ങളുണ്ട്. സര്‍ക്കാര്‍ ബോണ്ടുകള്‍ ഏറ്റവും സുരക്ഷിതമാണ്. എന്നാല്‍ മികച്ച കമ്പനികളുടെ ബോണ്ടുകള്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ ലാഭം നല്‍കും. ഇവ രണ്ടും കലര്‍ന്ന ഒരു നിക്ഷേപ രീതി സ്വീകരിക്കുന്നതാണ് ബുദ്ധിപരമായ നീക്കം.

നിലവില്‍ നിക്ഷേപമുള്ളവര്‍ എന്തുചെയ്യണം?

നിങ്ങള്‍ ഇതിനകം ബോണ്ടുകളില്‍ നിക്ഷേപിച്ചവരാണെങ്കില്‍, അവയുടെ കാലാവധി ശ്രദ്ധിക്കുക. അടുത്ത 12-18 മാസത്തേക്ക് പലിശ നിരക്കുകളില്‍ വലിയ മാറ്റം വരാന്‍ സാധ്യതയില്ലാത്തതിനാല്‍, ശരാശരി 2-3 വര്‍ഷം കാലാവധിയുള്ള ബോണ്ടുകളില്‍ തുടരുന്നതാണ് സുരക്ഷിതം. വലിയ റിസ്‌കെടുക്കാതെ AAA അല്ലെങ്കില്‍ AA+ റേറ്റിംഗുള്ള ബോണ്ടുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.യുദ്ധവും വിപണിയിലെ തകര്‍ച്ചയും നിക്ഷേപകരെ ഭയപ്പെടുത്തുന്നുണ്ടെങ്കിലും, ബോണ്ടുകള്‍ പോലുള്ള സുരക്ഷിത മാര്‍ഗങ്ങളിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കും.

PREV
Read more Articles on
click me!

Recommended Stories

ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ; ബാങ്കിങ് ലൈസൻസ് ആർബിഐ; പേടിഎം പേമെൻ്റ്സ് ബാങ്ക് പൂട്ടി!
ഓഹരിയുടമകള്‍ക്ക് ഇരട്ടി മധുരം: ചരിത്രത്തിലാദ്യമായി ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ച് എല്‍ഐസി