
കയ്യിലുള്ളതെല്ലാം വിറ്റ് ഒരു തരി സ്വർണം വാങ്ങി വക്കണമെന്ന് കരുതുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ, സ്വന്തം കല്യാണ സ്വര്‍ണ്ണം മുഴുവന്‍ വിറ്റ് ആ പണം കൊണ്ട് ഒരു ഹാൻഡ് ബാഗ് വാങ്ങുന്ന ആളുകൾ നമ്മുടെ ഈ ലോകത്തുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? സംഗതി സത്യമാണ്. ദുബയിലെ ഒരു യുവതിയാണ് കയ്യിലുള്ളതെല്ലാം വിറ്റ് ഹെര്‍മിസ് ബ്രാന്‍ഡിന്റെ ആഡംബര ബാഗുകള്‍ വാങ്ങിയിരിക്കുന്നത്. ഒരു ഫ്രഞ്ച് ലക്ഷ്വറി ബ്രാന്റാണിത്. എന്നാൽ, ഇത് ഫാഷനോടുള്ള അടങ്ങാത്ത ഭ്രമം കൊണ്ട് മാത്രമല്ല, തന്റെ സമ്പാദ്യം സുരക്ഷിതമാക്കാനും ഭാവിയില്‍ മൂല്യം വര്‍ധിപ്പിക്കാനും ബാഗുകള്‍ക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് അവര്‍ ഈ തീരുമാനമെടുത്തത്.
എന്താണ് ഹെർമിസ് ബാഗുകളുടെ പ്രത്യേകതയെന്ന് നോക്കാം. വിപണിയിലുള്ള എല്ലാ ആഡംബര ബാഗുകളെയും നിക്ഷേപമായി കണക്കാക്കാനാകില്ല. ഹെര്‍മിസിന്റെ 'ബിര്‍കിന്‍', 'കെല്ലി' മോഡലുകള്‍ക്കാണ് ഇക്കാര്യത്തിൽ രാജകീയ പദവിയുള്ളത്. എന്നാൽ, പണമുണ്ടെങ്കില്‍ ആര്‍ക്കും കടയില്‍ ചെന്ന് വാങ്ങാന്‍ കഴിയുന്ന ഒന്നല്ല ഈ ബാഗുകള്‍. ഈ ബ്രാന്‍ഡില്‍ നിന്ന് സ്ഥിരമായി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് മാത്രമേ ഇത്തരം മോഡലുകള്‍ സ്വന്തമാക്കാന്‍ അവസരം ലഭിക്കൂ. ഏത് മോഡല്‍ ലഭിക്കുമെന്നത് പോലും മുന്‍കൂട്ടി അറിയാനും സാധിക്കില്ല. നിര്‍മ്മാണത്തിലുള്ള ഈ നിയന്ത്രണവും ലഭ്യതക്കുറവും കാരണം സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ഇവയ്ക്ക് പൊന്നുംവിലയാണ്. ഷോറൂമിലെ യഥാര്‍ത്ഥ വിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണ് പലപ്പോഴും ഇവ വിറ്റുപോകുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷമായി ബിര്‍കിന്‍, കെല്ലി ബാഗുകളുടെ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയിലെ മൂല്യം സ്വര്‍ണ്ണത്തേക്കാള്‍ മുകളിലാണ്. കേടുപാടുകള്‍ കൂടാതെ ഭദ്രമായി സൂക്ഷിച്ച ബിര്‍കിന്‍ ബാഗുകള്‍ വിറ്റ് ഇരട്ടി ലാഭം നേടിയവരുണ്ട്. ഉദാഹരണത്തിന്, 'ബ്ലാക്ക് ടോഗോ 30 ബിര്‍കിന്‍' എന്ന മോഡലിന്റെ മൂല്യം അഞ്ച് വര്‍ഷം കൊണ്ടാണ് ഇരട്ടിയായത്. മെറ്റീരിയല്‍, കണ്ടീഷന്‍, മാറുന്ന ട്രെന്‍ഡുകള്‍ എന്നിവയൊക്കെ ആശ്രയിച്ചിരിക്കും ഈ ലാഭം.
ബിർകിൻ ബാഗ്സ് പിറന്നതിന് പിന്നിലും വളരെ രസകരമായ ഒരു കഥയുണ്ട്. 1984-ലാണ് ബിർക്കിൻ ബാഗിന്റെ ജനനം. പാരീസിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനയാത്രയ്ക്കിടെ പ്രശസ്ത ഗായികയും നടിയുമായ ജെയ്ൻ ബിർക്കിന്റെ കയ്യിലുണ്ടായിരുന്ന ബാഗിൽ നിന്ന് സാധനങ്ങൾ എടുക്കുന്നതിനിടെ തുറന്ന് താഴെ വീണു. അമ്മമാർക്ക് ആവശ്യത്തിന് സാധനങ്ങൾ കൊള്ളുന്ന സൗകര്യപ്രദമായ ഒരു നല്ല ബാഗ് വിപണിയിൽ കിട്ടാനില്ലെന്ന് അവർ അടുത്തിരുന്നയാളോട് പരാതിപ്പെട്ടു. ആ വ്യക്തി മറ്റാരുമായിരുന്നില്ല, ഹെർമസ് കമ്പനിയുടെ അന്നത്തെ സി.ഇ.ഒ ജാങ് ലൂയി ഡ്യൂമാസ് ആയിരുന്നു അത്. വിമാനത്തിലെ സീറ്റിന് പിന്നിലെ 'സിക് ബാഗിൽ' ജെയ്ൻ വരച്ചുനൽകിയ ഡിസൈനാണ് പിന്നീട് ലോക പ്രശസ്തമായ ബിർക്കിൻ ബാഗായി മാറിയത്.
സാധാരണ ബിർക്കിൻ ബാഗുകൾക്ക് ഏകദേശം 10 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപയിൽപ്പരം വരെയാണ് ആരംഭ വില. എന്നാൽ അത്യപൂർവ്വമായ ഡയമണ്ട്, ഹിമാലയൻ മുതലത്തോൽ തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിക്കുന്ന ബാഗുകൾക്ക് കോടികൾ വിലവരും. ഓരോ ബാഗും യന്ത്രങ്ങൾ ഉപയോഗിക്കാതെ കൈകൊണ്ട് മാത്രമാണ് തുന്നിയെടുക്കുന്നത്. ഒരു ബാഗ് തുന്നി പൂർത്തിയാക്കാൻ 18 മുതൽ 48 മണിക്കൂർ വരെ സമയം ആവശ്യമാണ്. വിക്ടോറിയ ബെക്കാം, കിം കർദാഷിയാൻ, നീത അംബാനി തുടങ്ങിയ പ്രമുഖരെല്ലാം ബിർക്കിൻ ബാഗുകളുടെ വലിയ ശേഖരമുള്ളവരാണ്.
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഈ ചോദ്യം അപ്രസക്തമാണ്. ഇത്തരം ബാഗുകളുടെ വില വര്‍ധിച്ചേക്കാം. എന്നാല്‍ അത് വാങ്ങാന്‍ താല്‍പ്പര്യമുള്ള ഒരാളെ കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. മാത്രമല്ല അതിന്റെ കണ്ടീഷനും ഒറിജിനാലിറ്റിയുമൊക്കെ വിലയെ ബാധിക്കും. മറുവശത്ത് സ്വര്‍ണത്തിന് വളരെ വലിയൊരു വിപണിയുണ്ട്. എപ്പോള്‍ വേണമെങ്കിലും എവിടെവച്ചും സ്വര്‍ണ്ണം വിറ്റ് പണമാക്കാനും സാധിക്കും.