കോപ്പര്‍ വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് പോളികാബ്, ഫിനോലെക്‌സ് പോലുള്ള പ്രമുഖ വയര്‍, കേബിള്‍ കമ്പനികള്‍ ഉല്‍പ്പന്ന വില വര്‍ധിപ്പിച്ചു. ഈ വിലവര്‍ധന കച്ചവടത്തെ ബാധിക്കുമോ എന്ന ആശങ്കയില്‍ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ചതോടെ കമ്പനികളുടെ ഓഹരി വിലയില്‍ വലിയ ഇടിവുണ്ടായി.

കോപ്പര്‍ വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതോടെ പ്രമുഖ വയര്‍, കേബിള്‍ കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവ്. പോളികാബ്, ഫിനോലെക്‌സ്, ആര്‍ആര്‍ കേബിള്‍ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരി വില 6 ശതമാനം വരെ താഴേക്ക് പതിച്ചു. ഉല്‍പ്പാദനച്ചെലവ് ഉയര്‍ന്നതോടെയാണ് കമ്പനികള്‍ കേബിള്‍, വയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായത്. ഫിനോലെക്സ് കേബിള്‍സ്: ലൈറ്റ് ഡ്യൂട്ടി കേബിളുകള്‍ക്കും കമ്മ്യൂണിക്കേഷന്‍ കേബിളുകള്‍ക്കും 3 ശതമാനം വില വര്‍ധിപ്പിച്ചു. പുതിയ വില സെപ്റ്റംബര്‍ 4 മുതല്‍ പ്രാബല്യത്തില്‍ വന്നു.

പോളികാബ് ഇന്ത്യ: 90 മീറ്റര്‍, 180 മീറ്റര്‍ വയറുകള്‍ക്ക് 3 ശതമാനം വില കൂട്ടി. ഇത് സെപ്റ്റംബര്‍ 2 മുതല്‍ പ്രാബല്യത്തിലായി.

ആര്‍ആര്‍ കേബിള്‍: 2 ശതമാനം മുതല്‍ 3.5 ശതമാനം വരെ വില വര്‍ധനവ് പ്രഖ്യാപിച്ചെങ്കിലും തല്‍ക്കാലം ഇത് നടപ്പിലാക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഓഹരികള്‍ ഇടിയാന്‍ കാരണമെന്ത്?

കേബിള്‍ നിര്‍മ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുവാണ് കോപ്പർ. അതിനാല്‍ കോപ്പര്‍ വിലയിലുണ്ടാകുന്ന വര്‍ധനവ് കമ്പനികളുടെ ലാഭവിഹിതത്തെ നേരിട്ട് ബാധിക്കും. വില വര്‍ധിപ്പിക്കുന്നത് വഴി ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവ് മറികടക്കാന്‍ സാധിക്കുമെങ്കിലും, കടുത്ത മത്സരമുള്ള വിപണിയില്‍ ഇത് കച്ചവടത്തെയും വിപണി വിഹിതത്തെയും ബാധിക്കുമോയെന്നാണ് നിക്ഷേപകരുടെ പ്രധാന ആശങ്ക.

കോപ്പര്‍ വില ഉയരാന്‍ കാരണം

ലോക വിപണിയില്‍ കോപ്പര്‍ ശേഖരം കുത്തനെ കുറഞ്ഞതോടെയാണ് വില റെക്കോര്‍ഡ് ഉയരങ്ങളിലേക്ക് എത്തിയത്. ലണ്ടന്‍ മെറ്റല്‍ എക്‌സ്‌ചേഞ്ചിലെ ചെമ്പ് ശേഖരം ഓഗസ്റ്റ് രണ്ടാം പകുതിയോടെ 1.66 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 1.07 ലക്ഷം മെട്രിക് ടണ്ണായി താഴ്ന്നു. ചൈനയിലെ ഷാങ്ഹായ് ഫ്യൂച്ചേഴ്‌സ് എക്‌സ്‌ചേഞ്ചില്‍ 19.1 ശതമാനത്തിന്റെ കുറവുണ്ടായി. എന്നാല്‍, അമേരിക്കയില്‍ ചെമ്പ് ശേഖരം റെക്കോര്‍ഡ് അളവിലേക്ക് ഉയര്‍ന്നു. 2027 ജനുവരി 1 മുതല്‍ ചെമ്പ് ഇറക്കുമതിക്ക് 15 ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ യു.എസ് ഭരണകൂടം തീരുമാനിച്ചതാണ് കാരണം. ഉയര്‍ന്ന നികുതി വരുന്നതിന് മുന്‍പായി വ്യാപാരികള്‍ വന്‍തോതില്‍ ചെമ്പ് ഇറക്കുമതി ചെയ്ത് സൂക്ഷിക്കുകയാണ്. ലോകത്തിലെ മുന്‍നിര ഖനികളിലുണ്ടായ അപകടങ്ങളും വിലക്കയറ്റത്തിന് കാരണമായി.

ചിലിയിലെ ഖനി: ഭൂകമ്പ ഭീഷണിയെ തുടര്‍ന്ന് ചിലിയിലെ 'എല്‍ ടെനിയന്റേ' ഖനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. ഇവിടുത്തെ ഉത്പാദനം 27 ശതമാനത്തോളം കുറഞ്ഞു.

മറ്റ് ഖനികള്‍: ഇന്തോനേഷ്യയിലെ 'ഗ്രാസ്‌ബെര്‍ഗ്', കോംഗോയിലെ 'കാമോവ- കാകുല' എന്നീ ലോകത്തിലെ ഏറ്റവും വലിയ രണ്ട് ഖനികളിലുണ്ടായ അപകടങ്ങളെ തുടര്‍ന്ന് ഉത്പാദനം ഇനിയും പൂര്‍ണ സ്ഥിതിയിലായിട്ടില്ല. 2027-ഓടെ മാത്രമേ ഇവ പഴയപടിയിലാകൂ. ഇന്തോനേഷ്യയിലെ പ്രധാന ചെമ്പ് പ്രൊസസിങ് പ്ലാന്റിലുണ്ടായ അപകടത്തെ തുടര്‍ന്ന് ഓഗസ്റ്റ് 8 മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.

യു.എസ് - ഇറാന്‍ യുദ്ധവും ഇന്ധനവിലയും

യു.എസ് - ഇറാന്‍ യുദ്ധം ഏഴാം മാസത്തിലേക്ക് കടന്നതും ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതും കോപ്പര്‍ മേഖലയെ ബാധിച്ചു. കോപ്പര്‍ വേര്‍തിരിച്ചെടുക്കാന്‍ ആവശ്യമായ സള്‍ഫ്യൂരിക് ആസിഡിന്റെ ക്ഷാമം ഉത്പാദനച്ചെലവ് കൂട്ടി. കൂടാതെ, ക്രൂഡ് ഓയില്‍ വില ബാരലിന് 91 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നതും തിരിച്ചടിയായി. എണ്ണവില ഓരോ 10 ശതമാനം കൂടുമ്പോഴും കോപ്പര്‍ ഉത്പാദനച്ചെലവ് 3.5 ശതമാനം ഉയരുമെന്നാണ് കണക്ക്. വരും ദിവസങ്ങളില്‍ കോപ്പര്‍ വില ഇനിയും പുതിയ റെക്കോര്‍ഡുകള്‍ കുറിച്ചേക്കാം.