ഈ രാജ്യത്ത് ഒരാൾ വർഷത്തിൽ കുടിക്കുന്നത് ശരാശരി 149 ലിറ്റര്‍ ബിയര്‍, കുടിയില്‍ ഇന്ത്യക്ക് റെക്കോര്‍ഡ് വളര്‍ച്ച

Published : Jun 24, 2026, 04:57 PM IST
Beer

Synopsis

ആഗോള ബിയർ ഉപഭോഗത്തിൽ ചൈന ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, ഏറ്റവും വേഗത്തിൽ വളരുന്ന വിപണിയായി ഇന്ത്യ മാറുകയാണ്. ജനസംഖ്യയുടെ വലുപ്പം കൊണ്ട് ചൈനയും അമേരിക്കയും വിപണിയെ നയിക്കുമ്പോൾ, ആളോഹരി ഉപഭോഗത്തിൽ ചെക്ക് റിപ്പബ്ലിക് പോലുള്ള യൂറോപ്യൻ രാജ്യങ്ങളാണ് മുന്നിൽ. ഈ മാറ്റങ്ങൾ ആഗോള ബിയർ വ്യവസായത്തിന്റെ ഭാവിയെ പുനർനിർവചിക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും പഴയ പാനീയങ്ങളില്‍ ഒന്നാണ് ബിയർ. എന്നാൽ ആഗോളതലത്തില്‍ ബിയർ ഉത്പാദനത്തിന്റെ ട്രെന്റ് തന്നെ ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗതമായി ബിയര്‍ നിര്‍മാണത്തില്‍ മുന്നില്‍ നിന്നിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇപ്പോഴും സ്വാധീനമുണ്ടെങ്കിലും, ഏഷ്യന്‍- അമേരിക്കന്‍ രാജ്യങ്ങളാണ് ഈ വ്യവസായത്തിന്റെ ഭാവി നിര്‍ണയിക്കുന്നത്. മൊത്തം ബിയര്‍ ഉപഭോഗത്തിന്റെ അളവില്‍ ഇന്ത്യ ലോകത്തെ വന്‍കിട രാജ്യങ്ങളുടെ തൊട്ടരികില്‍ എത്തിയിട്ടില്ലെങ്കിലും, നിലവില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. 'വിഷ്വല്‍ കാപ്പിറ്റലിസ്റ്റ്' പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ഉത്പാദനത്തിലും ഉപഭോഗത്തിലും ചൈന തന്നെയാണ് ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ ബിയര്‍ വിപണി. ആഗോള ബിയര്‍ ആവശ്യകതയുടെ അഞ്ചിലൊന്നും ചൈനയിലാണ്.

ചൈനയും അമേരിക്കയും തന്നെ മുന്നില്‍

2024-ല്‍ ചൈനക്കാര്‍ കുടിച്ചുതീര്‍ത്തത് ഏകദേശം 4050 കോടി ലിറ്റര്‍ ബിയറാണ്. ഇത് രണ്ടാം സ്ഥാനത്തുള്ള അമേരിക്കയുടെ ഉപഭോഗത്തേക്കാള്‍ (2230 കോടി ലിറ്റര്‍) ഏകദേശം ഇരട്ടിയാണ്. 15.3 ബില്യണ്‍ ലിറ്ററുമായി ബ്രസീല്‍ മൂന്നാം സ്ഥാനത്തും, മെക്‌സിക്കോ, റഷ്യ എന്നിവ തൊട്ടടുത്ത സ്ഥാനങ്ങളിലുമുണ്ട്.

ഏറ്റവും കൂടുതല്‍ ബിയര്‍ ഉപയോഗിക്കുന്ന രാജ്യങ്ങള്‍

ചൈന - 40.5 ബില്യണ്‍ ലിറ്റര്‍

അമേരിക്ക - 22.3 ബില്യണ്‍ ലിറ്റര്‍

ബ്രസീല്‍ - 15.3 ബില്യണ്‍ ലിറ്റര്‍

മെക്‌സിക്കോ - 10.8 ബില്യണ്‍ ലിറ്റര്‍

റഷ്യ - 9.5 ബില്യണ്‍ ലിറ്റര്‍

ജര്‍മനി - 7.2 ബില്യണ്‍ ലിറ്റര്‍

സൗത്ത് ആഫ്രിക്ക - 4.6 ബില്യണ്‍ ലിറ്റര്‍

വിയറ്റ്‌നാം - 4.6 ബില്യണ്‍ ലിറ്റര്‍

യുകെയുണൈറ്റഡ് കിങ്ഡം - 4.5 ബില്യണ്‍ ലിറ്റര്‍

സ്‌പെയിന്‍ - 4.4 ബില്യണ്‍ ലിറ്റര്‍

ആഗോളതലത്തില്‍ ചൈനയാണ് മുന്നിലെങ്കിലും യൂറോപ്പില്‍ ഇപ്പോഴും ജര്‍മനിയാണ് ബിയര്‍ ഉത്പാദനത്തില്‍ ഒന്നാമത്. യൂറോപ്യന്‍ യൂണിയനില്‍ ഉത്പാദിപ്പിക്കുന്ന ആകെ ബിയറിന്റെ അഞ്ചിലൊന്നും ജര്‍മനിയിലാണ് നിര്‍മിക്കുന്നത്. സ്‌പെയിന്‍, പോളണ്ട് എന്നീ രാജ്യങ്ങളാണ് ജര്‍മനിക്ക് പിന്നിലുള്ളത്.

ഇന്ത്യയിലെ 'ബിയര്‍ വിപ്ലവം'

2024 ല്‍ ഇന്ത്യയിലെ ബിയര്‍ ഉപഭോഗത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14.6 ശതമാനത്തിന്റെ വന്‍ വളര്‍ച്ചയാണുണ്ടായത്. കിരിന്‍ ഹോള്‍ഡിങ്‌സ് നിരീക്ഷിക്കുന്ന പ്രധാന വിപണികളില്‍ വച്ച് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിത്. ഇന്ത്യയിലെ യുവജനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ്, ആളുകളുടെ കൈയില്‍ ചെലവാക്കാന്‍ കൂടുതല്‍ പണം വരുന്നത് , നഗരവല്‍ക്കരണം എന്നിവയാണ് ബിയറിന് പ്രിയം കൂട്ടുന്നത്. ഈ വലിയ സാധ്യതകള്‍ കണ്ട് ആഗോള മാള്‍ട്ട് ഉത്പാദകരും വന്‍കിട ബിയര്‍ കമ്പനികളും ഇന്ത്യയെ ഒരു പ്രധാന ദീര്‍ഘകാല വിപണിയായി കണ്ട് വലിയ രീതിയില്‍ നിക്ഷേപത്തിന് ഒരുങ്ങുകയാണ്.

മൊത്തം അളവും ഒരാളുടെ കണക്കും തമ്മിലുള്ള വ്യത്യാസം

ഏറ്റവും വലിയ ബിയര്‍ വിപണിയുള്ള രാജ്യങ്ങളിലെ ആളുകളല്ല വ്യക്തിഗതമായി ഏറ്റവും കൂടുതല്‍ ബിയര്‍ കുടിക്കുന്നത്. ഒരാള്‍ ശരാശരി എത്ര കുടിക്കുന്നു എന്ന് കണക്കാക്കിയാല്‍ യൂറോപ്യന്‍ രാജ്യങ്ങളാണ് മുന്നില്‍. കഴിഞ്ഞ മുപ്പതിലേറെ വര്‍ഷമായി ചെക്ക് റിപ്പബ്ലിക് ആണ് ഈ പട്ടികയില്‍ ഒന്നാമത്. അവിടുത്തെ ഒരു താമസക്കാരന്‍ വര്‍ഷത്തില്‍ ശരാശരി 149 ലിറ്റര്‍ ബിയര്‍ കുടിക്കുന്നുണ്ട്! ലിത്വാനിയ, ഓസ്ട്രിയ, അയര്‍ലന്‍ഡ്, ക്രൊയേഷ്യ എന്നീ രാജ്യങ്ങളും തൊട്ടുപിന്നിലുണ്ടെന്നാണ് കണക്ക്.

ചുരുക്കത്തില്‍ ചൈന, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ ജനസംഖ്യയുടെ വലിപ്പം കൊണ്ട് മൊത്തം അളവില്‍ വിപണിയെ നയിക്കുമ്പോള്‍, ചെറിയ യൂറോപ്യന്‍ രാജ്യങ്ങള്‍ ബിയര്‍ സംസ്‌കാരത്തിലും വ്യക്തിഗത ഉപഭോഗത്തിലും മുന്നിട്ടുനില്‍ക്കുന്നു. 2024 ല്‍ ലോകത്താകെ ഏകദേശം 194 ബില്യണ്‍ ലിറ്റര്‍ ബിയറാണ് ആളുകള്‍ കുടിച്ചുതീര്‍ത്തത്. വികസ്വര രാജ്യങ്ങളാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണം. ചൈന, അമേരിക്ക, ജര്‍മനി തുടങ്ങിയ വലിയ വിപണികളില്‍ വളര്‍ച്ച മന്ദഗതിയിലാവുകയോ ഇടിയുകയോ ചെയ്യുമ്പോള്‍ ഇന്ത്യ, മെക്‌സിക്കോ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

ജിയോയോ എന്‍എസ്ഇയോ മികച്ചത്? ഇന്ത്യന്‍ വിപണിയിലെ രണ്ട് വമ്പന്‍ ഐപിഒകള്‍; നിക്ഷേപകര്‍ അറിയേണ്ടതെല്ലാം
സമാധാനത്തിൻ്റെ മൂല്യം: ബാരലിന് 114 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി