ജിയോയോ എന്‍എസ്ഇയോ മികച്ചത്? ഇന്ത്യന്‍ വിപണിയിലെ രണ്ട് വമ്പന്‍ ഐപിഒകള്‍; നിക്ഷേപകര്‍ അറിയേണ്ടതെല്ലാം

Published : Jun 22, 2026, 01:12 PM IST
NSE- Jio

Synopsis

ഇന്ത്യൻ ഐപിഒ വിപണി ഒരു ചരിത്രപരമായ കുതിപ്പിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ), ജിയോ പ്ലാറ്റ്ഫോംസ് എന്നിവയുടെ ഐപിഒകളാണ് നേർക്കു നേർ. നിലവിലെ നിക്ഷേപകർ ഓഹരികൾ വിൽക്കുന്ന എൻഎസ്ഇയുടെ 'ഓഫർ ഫോർ സെയിൽ' ഘടനയും, പുതിയ ഓഹരികൾ പുറത്തിറക്കി ഭാവി വളർച്ച ലക്ഷ്യമിടുന്ന ജിയോയുടെ ഐപിഒയും തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം.

യുദ്ധങ്ങള്‍, അസ്ഥിരമായ എണ്ണവില, വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക് എന്നിങ്ങനെ തുടര്‍ച്ചയായ പ്രതിസന്ധികള്‍ക്ക് ശേഷം ഇന്ത്യന്‍ ഐപിഒ വിപണി ഒരു ചരിത്ര കുതിപ്പിനൊരുങ്ങുകയാണ്. പത്തുവര്‍ഷത്തോളമായി നീളുന്ന നിയമക്കുരുക്കുകള്‍ക്കും കാലതാമസങ്ങള്‍ക്കും ഒടുവില്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഐപിഒയ്ക്ക് ഒരുങ്ങുകയാണ്. ഇതിന് തൊട്ടുപിന്നാലെ, റിലയന്‍സിന്റെ 49-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ജിയോ പ്ലാറ്റ്ഫോമുകളുടെ ഡ്രാഫ്റ്റ് പ്രോസ്‌പെക്റ്റസിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയെന്നും വൈകാതെ സെബിക്ക് സമര്‍പ്പിക്കുമെന്നും ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു.

ഐപിഒകളുടെ വലുപ്പവും ഘടനയും

രണ്ട് ഐപിഒകളും തമ്മിലുള്ള ആദ്യ വ്യത്യാസം അവയുടെ ഘടനയിലാണ്.

എന്‍എസ്ഇയുടെ ഐപിഒ പൂര്‍ണ്ണമായും 'ഓഫര്‍ ഫോര്‍ സെയില്‍' ആണ്. അതായത്, നിലവിലെ നിക്ഷേപകര്‍ അവരുടെ കൈവശമുള്ള 14.89 കോടി ഓഹരികള്‍ (കമ്പനിയുടെ 6 ശതമാനം) വിറ്റഴിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ കമ്പനിക്ക് പുതിയ മൂലധനം ലഭിക്കില്ല. നിലവിലെ വിപണി മൂല്യമനുസരിച്ച് എന്‍എസ്ഇ ഐപിഒ 28,000- 30,000 കോടി രൂപ മൂല്യമുള്ളതായിരിക്കും. കമ്പനിയുടെ മൊത്തം മൂല്യം ഏകദേശം 5 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു. മറുവശത്ത്, ജിയോയുടെ ഐപിഒയില്‍ 10 രൂപ ഫേസ് വാല്യൂ ഉള്ള 27 കോടി പുതിയ ഓഹരികളുടെ വില്‍പന ഉള്‍പ്പെടുന്നു. ജിയോ ഐപിഒ ഏകദേശം ഏകദേശം 38,000 കോടി രൂപയുടേതായിരിക്കുമെന്ന് വിപണി വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഇത് എന്‍എസ്ഇയേക്കാള്‍ വലുതായിരിക്കും.

എന്‍എസ്ഇ ഐപിഒ

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് എന്‍എസ്ഇ. ട്രേഡിംഗ് വോളിയത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഡെറിവേറ്റീവ് എക്‌സ്‌ചേഞ്ച് കൂടിയാണിത്. ഇന്ത്യക്കാരുടെ നിക്ഷേപ ശീലങ്ങളുമായി എന്‍എസ്ഇയുടെ വളര്‍ച്ച നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. കൂടുതല്‍ നിക്ഷേപകര്‍ എത്തുമ്പോഴും ഐപിഒകള്‍ വരുമ്പോഴും കമ്പനിയുടെ വരുമാനം വര്‍ധിക്കുന്നു. എന്‍എസ്ഇ ഇതിനകം തന്നെ മികച്ച ലാഭം നേടുന്ന കമ്പനിയാണ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 18,700 കോടി രൂപയുടെ മൊത്തം വരുമാനവും 10,300 കോടി രൂപയിലധികം അറ്റാദായവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മുന്‍നിര കോര്‍പ്പറേറ്റ് കമ്പനികള്‍ക്കൊപ്പമാണ് എന്‍എസ്ഇയുടെ പ്രോഫിറ്റ് മാര്‍ജിന്‍. എന്‍എസ്ഇയുടെ ഐപിഒയിലൂടെ നിലവിലെ നിക്ഷേപകരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , ബാങ്ക് ഓഫ് ബറോഡ, ടെമാസെക്, കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് എന്നിവര്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും ഓഹരികള്‍ വില്‍ക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

ജിയോ ഐപിഒ

ജിയോ ആകട്ടെ ടെലികോം, ടെക്‌നോളജി രംഗത്തെ വമ്പനാണ്. 2016 ല്‍ പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഡാറ്റാ നിരക്കുകള്‍ കുത്തനെ കുറച്ച ജിയോ, നിലവില്‍ 50 കോടിയിലധികം ഉപഭോക്താക്കളുമായി വിപണി ഭരിക്കുന്നു. ബ്രോഡ്ബാന്‍ഡ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എന്റര്‍പ്രൈസ് സേവനങ്ങള്‍ എന്നീ മേഖലകളിലേക്കും കമ്പനി അതിവേഗം വളരുകയാണ്. ജിയോയില്‍ നിക്ഷേപകര്‍ പ്രധാനമായും ലക്ഷ്യമിടുന്നത് ഭാവിയിലെ വളര്‍ച്ചാ സാധ്യതകളാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ്, ഡാറ്റാ സെന്ററുകള്‍ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളാണ് ജിയോയുടെ മൂല്യം കൂട്ടുന്നത്.

ചുരുക്കത്തില്‍, എന്‍എസ്ഇ ഇന്ത്യയുടെ മൂലധന വിപണിയിലുള്ള നിക്ഷേപമാണെങ്കില്‍, ജിയോ ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവിയിലുള്ള നിക്ഷേപമാണ്.

PREV
Read more Articles on
click me!

Recommended Stories

സമാധാനത്തിൻ്റെ മൂല്യം: ബാരലിന് 114 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി
സുപ്രധാന തീരുമാനവുമായി ഖത്തർ, ആശ്വാസവാർത്തയിൽ പ്രതീക്ഷയോടെ ലോകം; ഹോർമുസ് തുറക്കുന്നതോടെ എൽഎൻജി ഉൽപ്പാദനം കൂട്ടും