കിടുകിടാ വിറച്ച് ഇന്ത്യൻ ഐടി മേഖല! ഒന്നും രണ്ടുമല്ല നിക്ഷേപകര്‍ക്ക് നഷ്ടം കോടികൾ; ടിസിഎസും ഇന്‍ഫോസിസും കൂപ്പുകുത്തി

Published : Jul 01, 2026, 02:58 PM IST
Stock Market

Synopsis

ഇന്ത്യൻ ഐടി ഭീമന്മാരായ ടിസിഎസ്, ഇൻഫോസിസ്, വിപ്രോ എന്നിവയുടെ ഓഹരി വിലകൾ 50 ശതമാനത്തിലധികം ഇടിഞ്ഞതോടെ ഐടി മേഖല കനത്ത പ്രതിസന്ധിയിലാണ്. ഈ തകർച്ചയ്ക്ക് പിന്നിൽ അമേരിക്കയിലെ സാമ്പത്തിക സാഹചര്യങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉയർത്തുന്ന ഭീഷണിയുമാണെന്ന് വിലയിരുത്തപ്പെടുന്നു.

ഇന്ത്യന്‍ ഐടി മേഖലയില്‍ വന്‍ തിരിച്ചടി. രാജ്യത്തെ ഏറ്റവും വലിയ നാല് ഐടി കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എല്‍ടിഐ മൈന്‍ഡ്ട്രീ എന്നിവയുടെ ഓഹരി വിലകള്‍ അവയുടെ എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ നിന്ന് 50 ശതമാനത്തിലധികം ഇടിഞ്ഞു. ഐടി മേഖലയിലെ പ്രധാനപ്പെട്ട 10 കമ്പനികളുടെ ആകെ വിപണി മൂല്യത്തില്‍ നിന്ന് ഏകദേശം 19.28 ലക്ഷം കോടി രൂപയാണ് ഇതോടെ ഇല്ലാതായത്. ടിസിഎസ്, ഇന്‍ഫോസിസ് കമ്പനികളുടെ ഓഹരികള്‍ 2020-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്.

വന്‍ നഷ്ടം നേരിട്ട മുന്‍നിര കമ്പനികള്‍

ടിസിഎസ്: രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസിനാണ് ഏറ്റവും വലിയ പ്രഹരമേറ്റത്. 2024 ഓഗസ്റ്റ് 30-ലെ ഉയര്‍ന്ന നിരക്കായ 4,592.25 രൂപയില്‍ നിന്ന് 56 ശതമാനം ഇടിഞ്ഞ് ചൊവ്വാഴ്ച ഓഹരി വില 2,033 രൂപയിലെത്തി. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 16,47,586.60 കോടി രൂപയില്‍ നിന്ന് 7,35,557 കോടി രൂപയായി ചുരുങ്ങി. 9.12 ലക്ഷം കോടിയിലധികം രൂപയുടെ സമ്പത്താണ് ഈ ഒറ്റ കമ്പനിയില്‍ മാത്രം നിക്ഷേപകര്‍ക്ക് നഷ്ടമായത്.

വിപ്രോ: 2021 ഒക്ടോബര്‍ 14-ലെ ഉയര്‍ന്ന നിരക്കായ 369.93 രൂപയില്‍ നിന്ന് 54 ശതമാനം ഇടിഞ്ഞ് 170.35 രൂപയിലെത്തി.

എല്‍ടിഐ മൈന്‍ഡ്ട്രീ: 2022 ജനുവരി 4-ലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 7,588.80 രൂപയില്‍ നിന്ന് 53 ശതമാനത്തിലധികം ഇടിഞ്ഞ് 3,543 രൂപയായി.

ഇന്‍ഫോസിസ്: 2024 ഡിസംബര്‍ 13-ലെ ഉയര്‍ന്ന നിരക്കായ 2,006.45 രൂപയില്‍ നിന്ന് ഏകദേശം 50 ശതമാനം ഇടിഞ്ഞ് 1,006 രൂപയിലെത്തി. കമ്പനിയുടെ വിപണി മൂല്യം 8,30,324.82 കോടി രൂപയില്‍ നിന്ന് 4,08,192 കോടി രൂപയായി പകുതിയോളം കുറഞ്ഞു.

മറ്റ് പ്രധാന ഐടി ഓഹരികളായ എച്ച്‌സിഎല്‍ ടെക് 2025 ജനുവരിയിലെ ഉയര്‍ന്ന നിരക്കില്‍ നിന്ന് 47 ശതമാനവും, പെര്‍സിസ്റ്റന്റ് സിസ്റ്റംസ് 36 ശതമാനവും, എംഫാസിസ് 41 ശതമാനവും ഇടിഞ്ഞു. 2026 ഫെബ്രുവരി 3-ന് എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയ ടെക് മഹീന്ദ്ര അതിനോടകം തന്നെ 24 ശതമാനം ഇടിവ് രേഖപ്പെടുത്തിക്കഴിഞ്ഞു.

തകര്‍ച്ചയ്ക്ക് പിന്നിലെ കാരണങ്ങള്‍ എന്തെല്ലാം?

രണ്ട് പ്രധാന കാരണങ്ങളാണ് ഐടി മേഖലയെ ഈ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.

1. അമേരിക്കയിലെ പതിസന്ധി

ഇന്ത്യന്‍ ഐടി കമ്പനികളുടെ പ്രധാന വരുമാന സ്രോതസ് അമേരിക്കന്‍ കമ്പനികളാണ്. അമേരിക്കയിലെ ഉയര്‍ന്ന പണപ്പെരുപ്പവും സെന്‍ട്രല്‍ ബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ കര്‍ശനമാക്കുന്നതും കാരണം അവിടുത്തെ കമ്പനികള്‍ തങ്ങളുടെ ഐടി ബജറ്റുകള്‍ വെട്ടിച്ചുരുക്കുകയാണ്. സിഎംഇ ഫെഡ്വാച്ച് ടൂള്‍ പ്രകാരം സെപ്റ്റംബറില്‍ പലിശനിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ 64 ശതമാനം സാധ്യതയുണ്ട്. ഈ വര്‍ഷം ആകെ മൂന്ന് തവണ നിരക്ക് വര്‍ദ്ധന ഉണ്ടായേക്കാമെന്നും കരുതപ്പെടുന്നു.

2. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉയര്‍ത്തുന്ന ഭീഷണി

കുറഞ്ഞ ചിലവില്‍ ജീവനക്കാരെ വെച്ച് കോഡിംഗും കസ്റ്റമര്‍ സപ്പോര്‍ട്ടും ബാക്ക് ഓഫീസ് ജോലികളും ചെയ്യുന്ന ഇന്ത്യന്‍ ഐടി കമ്പനികളുടെ പരമ്പരാഗത പ്രവര്‍ത്തന രീതിക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഡിബിഎസ് ബാങ്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, എഐ സാങ്കേതികവിദ്യ ഈ ജോലികള്‍ വേഗത്തില്‍ ചെയ്യുന്നതിനാല്‍ ഈ മേഖലയില്‍ വലിയ തൊഴില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകും. എന്നാല്‍ ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഡാറ്റാ സെന്ററുകള്‍, സൈബര്‍ സുരക്ഷ എന്നിവയില്‍ ഇത് പുതിയ അവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

വല്ലാത്തൊരു ട്രെന്റ് ;എസി വിപണിക്ക് വൻ തിരിച്ചടി, എന്നാൽ ഐസ്‌ക്രീമിനും കൂൾ ഡ്രിങ്ക്‌സിനും കൊയ്ത്തുകാലം
ഇലക്ട്രിക് വാഹന വിപണിക്ക് ഉണർവേകാൻ സർക്കാർ; നികുതി 10 ശതമാനത്തിൽ നിന്ന് 3 ശതമാനമായി കുറച്ചു