ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ കാലാവധിക്ക് ശേഷം തുടരില്ലെന്ന് പ്രഖ്യാപിച്ചതോടെ ടാറ്റാ ഗ്രൂപ്പ് ഓഹരികള്‍ക്ക് വിപണിയില്‍ കനത്ത തിരിച്ചടി . ടിസിഎസ്, ടൈറ്റന്‍ തുടങ്ങിയ പ്രധാന ഓഹരികളെല്ലാം വലിയ നഷ്ടം രേഖപ്പെടുത്തി. വാര്‍ഷിക പൊതുയോഗത്തിന് മുന്‍പുള്ള ഈ അപ്രതീക്ഷിത പ്രഖ്യാപനമാണ് വിപണിയെ ഉലച്ചത്.

ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ ടാറ്റാ ഗ്രൂപ്പിന് വന്‍ തിരിച്ചടി. കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ടാറ്റയില്‍ തുടരില്ലെന്ന് ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചതോടെ ടിസിഎസ്, ടൈറ്റന്‍ തുടങ്ങിയ ടാറ്റയുടെ പ്രധാന ഓഹരികള്‍ക്കെല്ലാം കനത്ത ഇടിവാണ് നേരിട്ടത്. നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടവയില്‍ ടാറ്റയുടെ ഓഹരികളാണ് മുന്നില്‍.

ഓഹരി വിപണിയിലെ തകര്‍ച്ച

ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) ഓഹരി മൂല്യം 4.55 ശതമാനം ഇടിഞ്ഞ് 2,336.90 രൂപയിലെത്തി (ഏകദേശം 5 ശതമാനത്തോളം ഇടിവ്).

മറ്റു പ്രധാന ടാറ്റാ കമ്പനികളുടെ നഷ്ടം:

ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്: 1.6% ഇടിവ്

ടൈറ്റന്‍ കമ്പനി: 1.3% ഇടിവ്

ടാറ്റ സ്റ്റീല്‍: 1.13% ഇടിവ്

ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി: 1.04% ഇടിവ്

ടാറ്റാ ടെക്‌നോളജീസ്, ടാറ്റാ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍, ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ്: ഒരു ശതമാനത്തോളം ഇടിവ്

വരുന്ന ഓഗസ്റ്റ് 18-ന് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ ചന്ദ്രശേഖരന്റെ കാലാവധി നീട്ടുന്ന കാര്യത്തില്‍ ഓഹരി ഉടമകള്‍ വോട്ടെടുപ്പ് നടത്താനിരിക്കെയാണ് ഈ അപ്രതീക്ഷിത പിന്മാറ്റം. എജിഎമ്മിന് മുന്‍പായി തന്നെ പദവിയൊഴിയുന്ന കാര്യം അദ്ദേഹം അടുത്ത സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ടാറ്റാ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ചന്ദ്രശേഖരന് വീണ്ടും നിയമനം നല്‍കുന്ന തീരുമാനം ടാറ്റാ സണ്‍സ് മാറ്റിവെച്ചിരുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1987-ലാണ് എന്‍. ചന്ദ്രശേഖരന്‍ ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമാകുന്നത്. 2009-ല്‍ ടിസിഎസ് സിഇഒ ആയി ചുമതലയേറ്റ അദ്ദേഹം 2017-ലാണ് ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ പദവിയിലേക്ക് എത്തുന്നത്.