ഒറ്റയടിക്ക് ലിറ്ററിന് 3 രൂപ കൂടി! പെട്രോൾ വില ഇനിയും കുതിച്ചുയരുമോ? തയ്യാറായിരിക്കണോ? വരാനിരിക്കുന്നത് വലിയ ഷോക്കെന്ന് സൂചന

Published : May 15, 2026, 12:00 PM IST
Petrol Price

Synopsis

മിഡില്‍ ഈസ്റ്റ് യുദ്ധപ്രതിസന്ധി മൂലം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. ഇത് ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് കനത്ത നഷ്ടമുണ്ടാക്കുന്നതിനാല്‍, നിലവിലെ വിലവര്‍ദ്ധനവ് ഒരു തുടക്കം മാത്രമാകാമെന്നും ഇനിയും വില കൂട്ടേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മിഡില്‍ ഈസ്റ്റ് യുദ്ധപ്രതിസന്ധി നീണ്ടുപോവുകയും അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നുതന്നെ നില്‍ക്കുകയും ചെയ്താല്‍ ഇന്ത്യയില്‍ ഇനിയും ഇന്ധന വില കൂട്ടേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാമ്പത്തിക സാഹചര്യം പരിശോധിച്ചാല്‍, പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് പ്രതിദിനം 1,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. കമ്പനികളുടെ അണ്ടര്‍ റിക്കവറി (വില വ്യത്യാസം മൂലമുള്ള നഷ്ടം) 1,98,000 കോടി രൂപയിലെത്തുമെന്നാണ് കരുതുന്നത്. ഒരു പാദത്തിലെ മാത്രം നഷ്ടം ഏകദേശം ഒരു ലക്ഷം കോടി രൂപയാണ്. മുന്‍പ് ബാരലിന് 64-65 ഡോളര്‍ ആയിരുന്ന ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ 115 ഡോളറിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.

നിലവിൽ തിരുവനന്തപുരത്ത് 1 ലിറ്റർ പെട്രോളിന് 110.64 രൂപയാണ് വില. ഡീസലിന് 99.41 രൂപയും പവർ പെട്രോളിന് 120.72 രൂപയുമാണ് നിലവിലെ വില. മെയ് 15ന് വില വർധിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. അഞ്ച് രൂപയെങ്കിലും വർധിപ്പിക്കണമെന്നായിരുന്നു എണ്ണക്കമ്പനികളുടെ ആവശ്യം. എന്നാൽ, മൂന്ന് രൂപ വർധിപ്പിക്കാനാണ് കേന്ദ്രം അനുമതി നൽകിയത്. സിഎന്‍ജി വില കിലോക്ക് രണ്ട് രൂപയും വര്‍ധിപ്പിച്ചു.

എന്താണ് 'അണ്ടര്‍ റിക്കവറി'?

ലളിതമായി പറഞ്ഞാല്‍, അന്താരാഷ്ട്ര വിപണിയില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് ക്രൂഡ് ഓയില്‍ വാങ്ങുന്ന എണ്ണക്കമ്പനികള്‍ക്ക്, ആ അനുപാതത്തില്‍ ഇന്ത്യയിലെ പെട്രോള്‍ പമ്പുകളില്‍ വില കൂട്ടാന്‍ സാധിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന നഷ്ടമാണിത്. ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ തുടങ്ങിയ പൊതുമേഖലാ കമ്പനികളാണ് ആഗോള വിപണിയിലുണ്ടായ ഈ വന്‍ ആഘാതം ജനങ്ങളിലേക്ക് നേരിട്ടെത്താതെ സ്വന്തം നിലയില്‍ താങ്ങിനിര്‍ത്തിയത്.

വില ഇനിയുമെത്ര കൂടാനാണ് സാധ്യത?

ഒറ്റയടിക്ക് വലിയ തുക കൂട്ടിയാല്‍ ഉണ്ടാകുന്ന പണപ്പെരുപ്പ ഭീതിയും ജനങ്ങളുടെ പ്രതിഷേധവും ഒഴിവാക്കാന്‍, ചെറിയ തുകകള്‍ വീതം പലതവണകളായി കൂട്ടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കോട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ കണക്കുകള്‍ പ്രകാരം, അന്താരാഷ്ട്ര വിപണിയിലെ യഥാര്‍ത്ഥ വില ഇന്ത്യയില്‍ പ്രതിഫലിപ്പിക്കണമെങ്കില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 25 മുതല്‍ 28 രൂപ വരെ ഇനിയും വര്‍ദ്ധിപ്പിക്കേണ്ടി വരും. ഉടന്‍ തന്നെ ഇത്രയും വലിയൊരു വര്‍ദ്ധനവ് ഉണ്ടാകില്ലെങ്കിലും, ആഗോള വിപണിയും ഇന്ത്യന്‍ വിപണിയും തമ്മിലുള്ള വില വ്യത്യാസം എത്രത്തോളം വലുതാണെന്ന് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗോള വിപണിയില്‍ എണ്ണവില കുറയുകയും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ അവസാനിക്കുകയും ചെയ്താല്‍ മാത്രമേ എണ്ണക്കമ്പനികള്‍ക്കും ജനങ്ങള്‍ക്കും ഇനി ആശ്വാസം ലഭിക്കൂ. നിലവിലെ സാഹചര്യത്തില്‍ ഇപ്പോള്‍ വരുത്തിയ വര്‍ദ്ധനവ് ഒരു വലിയ വിലക്കയറ്റത്തിന്റെ തുടക്കം മാത്രമാകാനാണ് സാധ്യത.

PREV
Read more Articles on
click me!

Recommended Stories

ഉത്തരവിട്ടത് കേന്ദ്ര ധനമന്ത്രാലയം: പെട്രോൾ ലിറ്ററിന് മൂന്ന് രൂപ, ഡീസൽ ലിറ്ററിന് 16.5 രൂപ, വിമാന ഇന്ധനത്തിന് 16 രൂപയും കയറ്റുമതി തീരുവ ഉയർത്തി
പമ്പിൽ കയറി ഞെട്ടണ്ട; കേരളത്തിൽ പെട്രോളിനും ഡീസലിനും വിലയിൽ ഉണ്ടായ മാറ്റം അറിയാം; 4 വർഷത്തിന് ശേഷം 3 രൂപയിലേറെ കൂടി