
ദീപങ്ങളുടെ ഉത്സവമായ ദീപാവലി തിന്‍മക്ക് മേല്‍ നന്‍മയുടെ വിജയത്തെ ആഘോഷിക്കുന്ന വേളയാണ്. വിളക്കുകള്‍ തെളിയിച്ചും പ്രാര്‍ഥനകള്‍ നടത്തിയും ദീപാവലി ആഘോഷിക്കുമ്പോള്‍, സാമ്പത്തിക കാര്യങ്ങളിലും പുതിയ തുടക്കം കുറിക്കുന്നവരുണ്ട്. ഓഹരി വിപണിയിലും ഇതിന് പ്രത്യേക ആചാരമുണ്ട്. അതാണ് മുഹൂര്‍ത്ത വ്യാപാരം. ദീപാവലി, പുതിയ ഹിന്ദു സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം എന്നിവയോട് അനുബന്ധിച്ചാണ് ഈ പ്രത്യേക വ്യാപാരം നടത്തുന്നത്. ശുഭകരമായ സമയമെന്ന വിശ്വാസത്തില്‍ പല നിക്ഷേപകരും ഈ അവസരത്തില്‍ ഓഹരികള്‍ വാങ്ങാറുണ്ട്. ചിലര്‍ തങ്ങളുടെ നിക്ഷേപ യാത്രയ്ക്ക് തുടക്കം കുറിക്കുന്നതിനും ഈ ദിവസം തിരഞ്ഞെടുക്കുന്നു.
നവംബര്‍ 8 ഞായറാഴ്ചയാണ് ദേശീയ ഓഹരി വിപണിയായ എന്‍എസ്ഇയും ബിഎസ്ഇയും മുഹൂര്‍ത്ത വ്യാപാരം നടത്തുന്നത്. ഉച്ചയ്ക്ക് 2.20നാണ് ഓഹരികളുടെ വ്യാപാരം ആരംഭിക്കുക. മുഹൂര്‍ത്ത വ്യാപാരത്തിന്റെ പ്രാധാന്യത്തിനൊപ്പം അന്നത്തെ കൃത്യമായ സമയക്രമവും നിക്ഷേപകര്‍ ഓര്‍ത്ത് വയ്‌ക്കേണ്ട കാര്യങ്ങളും അറിയാം.
നവംബര്‍ 8 ഞായറാഴ്ച ഉച്ചയ്ക്ക് 2.20ന് എന്‍എസ്ഇയിലും ബിഎസ്ഇയിലും പ്രധാന ഓഹരി വ്യാപാര സെഷന്‍ ആരംഭിക്കും. 3.30ന് അവസാനിക്കും.. ഇതിനു മുന്നോടിയായുള്ള പ്രീ-ഓപ്പണ്‍ സെഷന്‍ ഉച്ചയ്ക്ക് 2.05ന് ആരംഭിച്ച് 2.20ന് അവസാനിക്കും
ദീപാവലി ദിനത്തില്‍ സാധാരണ ഓഹരി വ്യാപാരം ഉണ്ടായിരിക്കില്ല. എന്നാല്‍ നവംബര്‍ 8 ഞായറാഴ്ച മുഹൂര്‍ത്ത വ്യാപാരത്തിനായി പ്രത്യേക സെഷന്‍ നടത്തുന്നതിനാല്‍ അന്ന് നിക്ഷേപകര്‍ക്ക് ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും കഴിയും.ഈ വര്‍ഷം ദീപാവലി ലക്ഷ്മി പൂജ ഞായറാഴ്ചയായതിനാലാണ് അതേ ദിവസം തന്നെ പ്രത്യേക വ്യാപാര സെഷന്‍ ക്രമീകരിച്ചിരിക്കുന്നത്. സാധാരണ വ്യാപാര ദിവസങ്ങളില്‍ രാവിലെ 9.15 മുതല്‍ വൈകിട്ട് 3.30 വരെയാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ പ്രവര്‍ത്തന സമയം. എന്നാല്‍ മുഹൂര്‍ത്ത വ്യാപാരത്തിന് ഈ സമയക്രമം ബാധകമല്ല. പ്രത്യേക സെഷനായി നിശ്ചയിച്ചിട്ടുള്ള സമയത്തായിരിക്കും അന്ന് വ്യാപാരം നടക്കുക.