
കേരളത്തിൽ ഓണക്കാലം തുടങ്ങിക്കഴിഞ്ഞു. മലയാളികളെ സംബന്ധിച്ച് ഓണ സദ്യയും ഓണക്കോടിയും ഓണപ്പൂക്കളവുമൊക്കെ അത്രയും പ്രധാനപ്പെട്ട, ഹൃദയത്തോട് ചേർന്ന ആഘോഷത്തിന്റെ ഭാഗമാണ്. പലരും നേരത്തെ തന്നെ ഓണക്കോടി എടുത്തു കഴിഞ്ഞു. ചിലർ ഇനിയും ഓണക്കോടിയെടുക്കാനുണ്ട്. എന്നാൽ, ഇപ്പോഴത്തെ വിപണി അത്ര സുഖകരമല്ല. ഡ്രെസ് എടുക്കാൻ പ്ലാനിടുന്ന സാധാരണക്കാര്‍ക്ക് തിരിച്ചടിയാവുകയാണ് വസ്ത്ര വിപണിയിലെ വിലക്കയറ്റം. രാജ്യവ്യാപകമായി അടിവസ്ത്രങ്ങള്‍, നൈറ്റ്വെയറുകള്‍, ടി-ഷര്‍ട്ടുകള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍ എന്നിവയ്ക്ക് 5 ശതമാനത്തോളം വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി സൗത്ത് ഇന്ത്യ ഹോസിയറി മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ഉല്‍പാദനച്ചെലവ് കുതിച്ചുയര്‍ന്നതാണ് വില കൂട്ടാന്‍ നിര്‍ബന്ധിതരാക്കിയതെന്ന് അസോസിയേഷന്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മൂന്നു മാസത്തിനിടെ അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വന്‍ വര്‍ധനവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. പരുത്തി വില ഒരു കാന്‍ഡിക്ക് 74,000 രൂപയായി ഉയര്‍ന്നപ്പോള്‍, ഹോസിയറി നൂല്‍ വില കിലോയ്ക്ക് 70 രൂപ വരെയാണ് വര്‍ധിച്ചത്. ഇതിനുപുറമെ തൊഴിലാളികളുടെ കൂലി, ഡൈയിങ്, ഇലാസ്റ്റിക്, പ്രൊസസിങ്, തുന്നല്‍, ഗതാഗതം തുടങ്ങിയ ചെലവുകളും കൂടിയതോടെ മൊത്തം ഉല്‍പാദനച്ചെലവ് 20 ശതമാനത്തോളം വര്‍ധിച്ചതായി അസോസിയേഷന്‍ പറയുന്നു.
ആദ്യം 10 ശതമാനം വില വര്‍ധിപ്പിക്കാനായിരുന്നു നിര്‍മാതാക്കളുടെ തീരുമാനം. എന്നാല്‍ വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞതോടെ ഇത് മുഴുവനായി ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് കണ്ട് വര്‍ധനവ് 5 ശതമാനമായി ചുരുക്കുകയായിരുന്നു.
ഏകദേശം 30,000 കോടി രൂപ മൂല്യമുള്ള നെയ്ത്ത് വ്യവസായമാണ് തമിഴ്നാട്ടിലെ തിരുപ്പൂരിലേത്. 2500-ഓളം നിര്‍മാണ യൂണിറ്റുകളുള്ള ഈ മേഖല അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്കാണ് നേരിട്ടും അല്ലാതെയും തൊഴില്‍ നല്‍കുന്നത്. പ്രമുഖ ബ്രാന്‍ഡുകളായ രാംരാജ്, പൂമെക്‌സ്, പൂമര്‍, ഡി.എസ്.പി, പ്രിസ്മ, പൃഥ്വി, എസ്.കെ.സി, ട്വിന്‍ ബേര്‍ഡ്‌സ്, എസ്ഡീ, പ്രിയ, റൂപ, ഡോളര്‍, ഡിക്‌സി, ലക്‌സ്, ടാന്‍ടെക്‌സ് എന്നിവയുള്‍പ്പെടെ 750-ഓളം കമ്പനികള്‍ അസോസിയേഷനില്‍ അംഗങ്ങളാണ്.
പരുത്തിയുടെ ലഭ്യത കുറഞ്ഞതോടെ വസ്ത്രനിര്‍മാണ രീതിയിലും മാറ്റങ്ങള്‍ വരുത്താന്‍ കമ്പനികള്‍ നിര്‍ബന്ധിതരായിട്ടുണ്ട്. അടിവസ്ത്രങ്ങള്‍ സാധാരണയായി 90% പരുത്തിയും 10% കൃത്രിമ നാരുകളും ചേര്‍ത്താണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ പുറത്തേക്ക് ധരിക്കുന്ന വസ്ത്രങ്ങളില്‍ കൃത്രിമ നാരുകളുടെ ഉപയോഗം അഞ്ചുമാസം മുന്‍പ് തന്നെ 50 ശതമാനത്തില്‍ നിന്ന് 70 ശതമാനമായി ഉയര്‍ത്തിയിരുന്നു. അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്നവര്‍ 45 ദിവസത്തിനുള്ളില്‍ പണം ആവശ്യപ്പെടുന്നതും വസ്ത്ര നിര്‍മാതാക്കളെ കുഴപ്പത്തിലാക്കുന്നുണ്ട്.
മൊത്തക്കച്ചവടക്കാര്‍ക്കും വിതരണക്കാര്‍ക്കും 45 ദിവസത്തില്‍ കൂടുതല്‍ കടം നല്‍കാന്‍ നിര്‍മാതാക്കള്‍ക്കും കഴിയാത്തതിനാല്‍ വിതരണ ശൃംഖലയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. നൂല്‍ വിദേശത്തേക്ക് വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നതാണ് ഇവയുടെ വില കൂടാന്‍ കാരണമെന്ന് അവര്‍ ആരോപിക്കുന്നു. ഉത്സവ സീസണിലെ ആവശ്യകത നിറവേറ്റുന്നതിനായി രാജ്യത്തിനകത്ത് പരുത്തിയും നൂലും തടസമില്ലാതെ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് അസോസിയേഷന്റെ പ്രധാന ആവശ്യം. കൂടാതെ 38 രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തണമെന്നും സിമ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്തായാലും വസ്ത്രങ്ങൾക്ക് വില ഇനിയും കൂടിയേക്കുമെന്നാണ് സൂചനകളെല്ലാം കാണിക്കുന്നത്.