രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്, ഡോളറിനെതിരെ രക്ഷാതീരം കാണാതെ ഇന്ത്യന്‍ രൂപ

By Web TeamFirst Published Aug 8, 2019, 4:32 PM IST
Highlights

വ്യാപാരത്തിന്‍റെ അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് ഡോളറിനെതിരെ 70.85 ല്‍ എത്തി.

മുംബൈ: രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച നിരക്ക് കുറയുമെന്ന റിസര്‍വ് ബാങ്കിന്‍റെ വിലയിരുത്തലും അമേരിക്ക -ചൈന വ്യാപാര യുദ്ധവും ഇന്ത്യന്‍ നാണയത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇന്ന് രാവിലെ 70.80 ത്തിന് വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ നാണയം പിന്നീട് എട്ട് പൈസയുടെ മൂല്യം ഉയര്‍ന്ന് 70.72 ലേക്ക് കയറി. ഇന്നലെ അഞ്ച് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ ഡോളറിനെതിരെ 71.35 ലേക്ക് വരെ രൂപ കൂപ്പുകുത്തിയിരുന്നു. 

ഇന്ന് രൂപയുടെ മൂല്യത്തില്‍ 0.25 ശതമാനത്തിന്‍റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എന്നാല്‍, വ്യാപാരത്തിന്‍റെ അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് ഡോളറിനെതിരെ 70.85 ല്‍ എത്തി. രൂപയുടെ മൂല്യം 70 ന് മുകളില്‍ തുടരുന്നത് വിനിമയ വിപണിയില്‍ ഇന്ത്യന്‍ നാണയത്തിന്‍റെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നുണ്ട്.  

ഇന്നലെ അവസാനിച്ച പണനയ അവലോകന യോഗത്തില്‍ രാജ്യത്തിന്‍റെ പ്രതീക്ഷിത വളര്‍ച്ച നിരക്ക് റിസര്‍വ് ബാങ്ക് കുറച്ചിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യ ഏഴ് ശതമാനം വളര്‍ച്ച നിരക്ക് പ്രകടിപ്പിക്കും എന്നാണ് റിസര്‍വ് കണക്കാക്കിയിരുന്നത്. എന്നാല്‍, ഇന്നലെ അവസാനിച്ച പണനയ അവലോകന യോഗത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്‍റെ പ്രതീക്ഷിത വളര്‍ച്ച നിരക്ക് 6.9 ശതമാനത്തിലേക്ക് താഴ്ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ ഇന്ത്യന്‍ നാണയത്തിന്‍റെ മൂല്യത്തില്‍ വന്‍ ഇടിവ് സംഭവിച്ചിരുന്നു. 

റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗ വിലയിരുത്തലിനൊപ്പം അമേരിക്കയും ചൈനയും തമ്മില്‍ തുടരുന്ന വ്യാപാര സംഘര്‍ഷങ്ങളും രൂപയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വ്യാപാര യുദ്ധം കാരണം ആഗോള വിപണിയില്‍ സമ്മര്‍ദ്ദം ശക്തമാണ്. 

click me!