മികച്ച പ്രതികരണം !, എസ്ബിഐ കാര്‍ഡ്സിന്‍റെ പ്രാഥമിക ഓഹരി വില്‍പ്പന ഏറ്റെടുത്ത് നിക്ഷേപകര്‍

By Web TeamFirst Published Mar 2, 2020, 2:27 PM IST
Highlights

എസ്ബിഐ കാര്‍ഡ്സില്‍ 76 ശതമാനം ഓഹരിയാണ് സ്റ്റേറ്റ് ബാങ്കിനുളളത്. ബാക്കി കാർലൈൽ ഗ്രൂപ്പിനാണ്. 

മുംബൈ: എസ്ബിഐ കാര്‍ഡ്സ് പ്രാഥമിക ഓഹരി വില്‍പ്പനയില്‍ (ഐപിഒ) ആദ്യ ദിനം നിക്ഷേപകര്‍ 17.12 ശതമാനം ഓഹരികള്‍ വാങ്ങിക്കൂട്ടി. ഇന്ത്യയിലെ ഏറ്റവും വിലയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാര്‍ഡ‍് സേവന വിഭാഗമാണ് എസ്ബിഐ കാര്‍ഡ്സ്. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 10,350 കോടി രൂപ സമാഹരിക്കാനാണ് സ്റ്റേറ്റ് ബാങ്ക് ലക്ഷ്യമിടുന്നത്. 

ഓഫര്‍ ഫോര്‍ സെയില്‍ വിഭാഗത്തില്‍ 13.05 കോടി ഓഹരികളും പുതിയ ഓഹരികളായി 500 കോടി ഓഹരികളുമാണ് സ്റ്റേറ്റ് ബാങ്ക് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഓഹരിക്ക് 750 മുതല്‍ 755 രൂപ വരെയാണ് എസ്ബിഐ കാര്‍ഡ്സ് വില നിശ്ചയിച്ചിരിക്കുന്നത്. ഐപിഒ മാര്‍ച്ച് അഞ്ചിന് സമാപിക്കും. 

മാര്‍ച്ച് 16 ന് മുംബൈ സ്റ്റോക്ക് എക്സചേ‌ഞ്ചില്‍ എസ്ബിഐ കാര്‍ഡ്സ് ഓഹരികള്‍ ലിസ്റ്റ് ചെയ്തേക്കുമെന്നാണ് കണക്കാക്കുന്നത്. ലിങ്ക് ഇന്‍ഡ്ടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് പ്രാഥമിക ഓഹരി വില്‍പ്പനയുടെ രജിസ്ട്രാര്‍. സ്റ്റേറ്റ് ബാങ്കിന്‍റെ അര്‍ഹരായ ജീവനക്കാര്‍ക്ക് ഓഹരി വിലയില്‍ 75 രൂപ വരെ ഇളവ് നല്‍കുമെന്നും കമ്പനി അറിയിച്ചു. 

എസ്ബിഐ കാര്‍ഡ്സില്‍ 76 ശതമാനം ഓഹരിയാണ് സ്റ്റേറ്റ് ബാങ്കിനുളളത്. ബാക്കി കാർലൈൽ ഗ്രൂപ്പിനാണ്. വിപണി വിഹിതത്തിന്‍റെ അടിസ്ഥാനത്തില്‍ എസ്ബിഐ കാര്‍ഡ്സാണ് രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ക്രെഡിറ്റ് കാര്‍ഡ് കമ്പനി. ഇന്ത്യൻ വിപണിയിൽ കമ്പനിക്ക് 18 ശതമാനം വിപണി വിഹിതമുണ്ട്.  

എസ്‌ബി‌ഐ കാർഡ്സ് 1998 ഒക്ടോബറിൽ‌ എസ്‌ബി‌ഐയും ജി‌ഇ ക്യാപിറ്റലും ചേര്‍ന്നാണ് സമാരംഭിച്ചത്. 2017 ഡിസംബറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കാർലൈൽ ഗ്രൂപ്പും കമ്പനിയിലെ ജിഇ ക്യാപിറ്റലിന്റെ ഓഹരി വിഹിതം സ്വന്തമാക്കി.

ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ്, ആക്സിസ് ക്യാപിറ്റൽ, കൊട്ടക് ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ്, എച്ച്എസ്ബിസി, നോമുറ എന്നിവയാണ് ഐ‌പി‌ഒയെക്കുറിച്ച് എസ്‌ബി‌ഐ കാർഡിനെ ഉപദേശിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ. 
 

click me!