ബ്രിട്ടനിൽ കൊവിഡ് പ്രതിസന്ധി രൂക്ഷം: യൂറോപ്യൻ ഓഹരികൾ ഇടിഞ്ഞു; സെൻസെക്സിലും നിഫ്റ്റിയിലും വൻ ഇടിവ്

By Web TeamFirst Published Dec 21, 2020, 8:26 PM IST
Highlights

ഏവിയേഷൻ സ്റ്റോക്കുകളായ ഇന്റർഗ്ലോബ് ഏവിയേഷൻ, സ്പൈസ് ജെറ്റ് എന്നിവ ബിഎസ്ഇയിൽ 10 ശതമാനം വരെ താഴേക്ക് പോയി. 

ലാഭ ബുക്കിംഗ് പിടിമുറുക്കിയതോടെ ആഭ്യന്തര ഓഹരി വിപണികൾ ഇന്ന് കടുത്ത സമ്മർദ്ദത്തിലേക്ക് വീണു. കൂടാതെ, ഏഷ്യൻ, യൂറോപ്യൻ ഓഹരികളിൽ ആഗോളതലത്തിലുള്ള സ്വാധീനം മൂലമുണ്ടായ പരിഭ്രാന്തി വിൽപ്പനയും ഇന്ത്യൻ വിപണികൾക്ക് വ്യാപാരത്തകർച്ച സമ്മാനിച്ചു. ഇൻട്രാ-ഡേ ട്രേഡിൽ, ബിഎസ്ഇ സെൻസെക്സ് 45,000 മാർക്കിന് താഴേക്ക് പോയി, 2,037 പോയിന്റ് ഇടിഞ്ഞ് 44,923 ലെവലിലേക്ക് സെൻസെക്സ് എത്തി. നിഫ്റ്റി 600 പോയിന്റിൽ ഇടിഞ്ഞ് 13,131 മാർക്കിലെത്തി.
 
ദിവസത്തെ ഉയർന്ന നിലവാരത്തെ അടിസ്ഥാനമാക്കി, സെൻസെക്സ് സൂചിക 2,133 പോയിന്റ് ഇടിഞ്ഞ് 2020 ഏപ്രിലിനുശേഷമുളള ഏറ്റവും വലിയ ഇൻട്രാ-ഡേ ഇടിവിന് സാക്ഷിയായി. നിഫ്റ്റി സൂചികയ്ക്ക് 646 പോയിന്റ് ഇടിവുണ്ടായി.

അവസാന മണിക്കൂറിൽ, 1,407 പോയിൻറ് അഥവാ 3 ശതമാനം ഇടിഞ്ഞ് 45,554 ലെവലിൽ സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 50 സൂചിക 13,328 ലെവലിലാണ് വ്യാപാരം അവസാനിപ്പിച്ചത് (432 പോയിന്റ് അഥവാ 3.14 ശതമാനമാണ് ഇടിവ്). 

ഇന്ത്യയുടെ നിയന്ത്രണം

സെൻസെക്സ് സൂചികയിലെ 30 ഘടകങ്ങളും നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒഎൻജിസി ഓഹരികൾ 9 ശതമാനം ഇടിഞ്ഞു. ഇൻഡസ് ഇൻഡ് ബാങ്കും മഹീന്ദ്രയും 7 ശതമാനം വീതം ഇടിഞ്ഞു, എസ്ബിഐ (6 ശതമാനം ഇടിവ്) എന്നിവയാണ് സെൻസെക്സിലെ ഏറ്റവും വലിയ നഷ്ടം ഏറ്റുവാങ്ങിയ ഓഹരികൾ. 

പുതിയതായി ഉയർന്നുവന്ന കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി യുകെ നിയന്ത്രണങ്ങൾ കടുപ്പിച്ചതിന് പിന്നാലെ ബ്രിട്ടണിൽ നിന്നുളള വിമാനങ്ങൾക്ക് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയത് ഏവിയേഷൻ സ്റ്റോക്കുകളിലെ ഇടിവിന് കാരണമായി. ഏവിയേഷൻ സ്റ്റോക്കുകളായ ഇന്റർഗ്ലോബ് ഏവിയേഷൻ, സ്പൈസ് ജെറ്റ് എന്നിവ ബിഎസ്ഇയിൽ 10 ശതമാനം വരെ താഴേക്ക് പോയി. 

മേഖലാപരമായി, നിഫ്റ്റി പി എസ് യു ബാങ്ക് സൂചിക 7 ശതമാനവും നിഫ്റ്റി റിയൽറ്റി സൂചിക 6 ശതമാനവും നിഫ്റ്റി മെറ്റൽ സൂചിക എൻ എസ് ഇയിൽ 5 ശതമാനവും ഇടിഞ്ഞു

യൂറോപ്യൻ വിപണികൾ സമ്മർദ്ദത്തിൽ 

തിങ്കളാഴ്ച യൂറോപ്യൻ ഓഹരികൾ രണ്ട് ശതമാനം ഇടിഞ്ഞു, ബ്രിട്ടനിൽ പുതിയതായി റിപ്പോർട്ട് ചെയ്യുന്ന കൊറോണ വൈറസിന്റെ വ്യാപനത്തെ സംബന്ധിച്ച അസ്വസ്ഥതകൾക്കിടയിൽ ഡോളർ ശക്തിപ്പെടുകയും വിപണിയിലെ ചാഞ്ചാട്ടം വർദ്ധിക്കുകയും ചെയ്തു. നിരവധി യൂറോപ്യൻ രാജ്യങ്ങൾ യുകെയിലേക്കുള്ള അതിർത്തികൾ അടച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ജർമ്മൻ ഓഹരികൾ രണ്ട് ശതമാനം ഇടിഞ്ഞു, പാൻ-യൂറോപ്യൻ ട്രാവൽ ആൻഡ് ലെഷർ ഓഹരികൾക്ക് 5 ശതമാനത്തിലധികമാണ് നഷ്ടം.

അതേസമയം, ജപ്പാന് പുറത്തുള്ള ഏഷ്യൻ ഓഹരികൾ 0.2 ശതമാനം ഇടിഞ്ഞു. ജപ്പാനിലെ നിക്കി 0.4 ശതമാനം ഇടിഞ്ഞു. 

click me!