Share Market Live: നിക്ഷേപകർ ആവേശത്തിൽ, സൂചികകൾ ഉയർന്നു; പ്രതിരോധിച്ച് രൂപ

By Web TeamFirst Published Oct 27, 2022, 10:48 AM IST
Highlights

വിപണിയിൽ വ്യാപാരം കൊഴുക്കുന്നു. ഡോളറിനെതിരെ രൂപ ശക്തയായി.സെൻസെക്‌സും നിഫ്റ്റിയും ഉയർന്നു. നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ് 
 

മുംബൈ: അവധിക്ക് ശേഷം ഉണർന്ന് ഓഹരി വിപണി. സമ്മിശ്ര ആഗോള സൂചനകൾക്കിടയിലും ആഭ്യന്തര ഇക്വിറ്റി വിപണികൾ ഉയർന്നു. പ്രധാന സൂചികകളായ നിഫ്റ്റി100 പോയിന്റ് ഉയർന്ന് 17,750 ലും ബിഎസ്ഇ സെൻസെക്സ് 400 പോയിന്റിന് മുകളിൽ മുന്നേറി 59,959 ലും വ്യാപാരം നടത്തുന്നു. 

വിപണിയിൽ ഇന്ന്  ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ എൻടിപിസി, ഇൻഫോസിസ്, ഒഎൻജിസി, പവർ ഗ്രിഡ് കോർപ്പറേഷൻ, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

നിഫ്റ്റി മിഡ്‌കാപ്പ്, നിഫ്റ്റി സ്‌മോൾക്യാപ്പ് എന്നിവ 0.4 ശതമാനം വീതം ഉയർന്നു. മേഖലകൾ എല്ലാം തന്നെ മുന്നേറ്റം നടത്തുന്നുണ്ട്. ആദ്യ വ്യാപാരത്തിൽ നിഫ്റ്റി മെറ്റൽ സൂചിക 2 ശതമാനത്തിലധികം ഉയർന്ന് മുന്നിലെത്തി. 
 
 എഫ്എംസിജി മേജർ മധ്യപ്രദേശിലെ ഇൻഡോർ പ്ലാന്റിൽ 325.87 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിട്ടതിനെത്തുടർന്ന് വ്യക്തിഗത ഓഹരികളിൽ, ഡാബറിന്റെ ഓഹരികൾ 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. അതേസമയം 2023 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 20.1 ശതമാനം ഇടിഞ്ഞതിന് ശേഷം ഗ്ലാൻഡ് ഫാർമയുടെ ഓഹരികൾ 13 ശതമാനത്തിലധികം ഇടിഞ്ഞ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

ഫെഡറൽ റിസർവ് പലിശനിരക്ക് വർദ്ധിപ്പിച്ചേക്കുമെന്ന ആശങ്കയെ തുടർന്ന് നടന്ന വ്യാപാരത്തിൽ യുഎസ് ഡോളർ ഇടിഞ്ഞു. ഇതോടെ  ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു. യു എസ് ഡോളറിനെതിരെ  ചൊവ്വാഴ്ച 82.7250 എന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ആരംഭത്തിൽ  രൂപയുടെ മൂല്യം 82.20 ആയി ഉയർന്നു. അതേസമയം,  10 വർഷത്തെ ബോണ്ട് ആദായം 7.376 ആയി കുറഞ്ഞു
 

click me!